'ലിപ്സ്റ്റിക്കിട്ട സ്ത്രീകളും മുടി ബോബ് കട്ട് ചെയ്ത സ്ത്രീകളും പാർലമെന്റിൽ കടക്കും'; വനിതാ ബില്ലിൽ ആർ.ജെ.ഡി നേതാവിന്‍റെ പരാമർശം വിവാദത്തിൽ
text_fieldsപാട്ന: വനിതാ സംവരണ ബില്ലിനെക്കുറിച്ചുള്ള ആർ.ജെ.ഡി നേതാവ് അബ്ദുൾ ബാരി സിദ്ദിഖിയുടെ പരാമർശം വിവാദത്തിൽ. ബില്ലിൽ ഒ.ബി.സി സംവരണമില്ലെങ്കിൽ ലിപ്സ്റ്റിക്കിടുകയും ബോബ് കട്ട് ഹെയർസ്റ്റൈലുമുള്ള സ്ത്രീകൾ മാത്രം വനിത ബില്ലിന്‍റെ പേരിൽ പാർലമെന്റിൽ പ്രവേശിക്കുമെന്ന് ബിഹാറിലെ മുസാഫർപൂരിൽ നടന്ന റാലിയിലെ പ്രസംഗത്തിനിടെ അബ്ദുൾ ബാരി സിദ്ദിഖി പറഞ്ഞിരുന്നു. ഇതാണ് വിവാദമായത്.
അബ്ദുൾ ബാരി സിദ്ദിഖിയുടെ ഇടുങ്ങിയ ചിന്താഗതിയാണ് പ്രസ്താവനയിലൂടെ വെളിവാകുന്നതെന്ന് ബി.ജെ.പി എം.പി സുനിത ദുഗ്ഗൽ പറഞ്ഞു. അവർക്ക് വേണ്ടത് വീട്ടുജോലി ചെയ്യുന്ന സ്ത്രീകളെയാണ്. സ്ത്രീകൾ ലോകത്തിന് സംഭാവന നൽകരുതെന്നാണ് ആഗ്രഹിക്കുന്നതെന്നും സുനിത ദുഗൽ ആരോപിച്ചു.
സ്ത്രീകളെ വേദനിപ്പിക്കുന്ന പ്രസ്താവനകൾ രാഷ്ട്രീയക്കാർ ഒഴിവാക്കണമെന്ന് ജെ.എംഎം എം.പി മഹുവ മാജി പറഞ്ഞു. പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകളും മുന്നോട്ട് വരണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും വനിതാ സംവരണ ബില്ലിലെ എസ്.സി, എസ്.ടി, ഒ.ബി.സി സ്ത്രീകളുടെ സംവരണത്തെക്കുറിച്ചും സംസാരിക്കുമെന്നും മഹുവ മാജി കൂട്ടിച്ചേർത്തു.
അതേസമയം, അബ്ദുൾ ബാരി സിദ്ദിഖി തന്‍റെ പ്രസ്താവനയിൽ വിശദീകരണം നൽകുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. തന്റെ പ്രസ്താവന സദസ്സിലിരിക്കുന്ന ഗ്രാമീണ സ്ത്രീകൾക്ക് അവരുടെ ഭാഷയിൽ വനിതാ സംവരണ നിയമത്തിന്റെ ഗുണങ്ങൾ വിശദീകരിക്കാനുള്ള ശ്രമം മാത്രമായിരുന്നെന്നും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പിന്നാക്ക സമുദായങ്ങളിലെ സ്ത്രീകൾക്ക് വനിതാ സംവരണത്തിൽ സംവരണം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.