അശോക് സിങ് വധം: ആർ.ജെ.ഡി നേതാവിന് ജീവപര്യന്തം തടവ്
text_fieldsപാറ്റ്ന: 1995ൽ അശോക് സിങ് എം.എൽ.എയെ കൊലപെടുത്തിയ കേസിൽ രാഷ്ട്രീയ ജനതാദൾ നേതാവും നാലു തവണ എം.പിയുമായ പ്രഭുനാഥ് സിങ്ങിന് ജീവപര്യന്തം തടവ്. ഹസാരിബാഗ് അഡീഷണൽ ജില്ല ജഡ്ജ് സുരേന്ദ്ര ശർമയാണ് ശിക്ഷ വിധിച്ചത്. പ്രഭുനാഥ് സിങ്ങിനെ കൂടാതെ സഹോദരൻ ദിനാനന്ദ്, റിതേഷ് സിങ് എന്നിവർക്കും കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്. പ്രതികൾ കുറ്റവാളികളെന്ന് കോടതി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രഭുനാഥ് സിങ്ങിനെയും മറ്റു പ്രതികളെയും കസ്റ്റഡിയിലെടുത്ത പൊലീസ് ഹസാരിബാഗ് സെൻട്രൽ ജയിലിൽ എത്തിച്ചിരുന്നു.
കോടതി വിധിയിൽ അശോക് സിങ്ങിന്‍റെ ഭാര്യ ചാന്ദിനി ദേവി സംതൃപ്തി രേഖപ്പെടുത്തി. കേസിൽ നിന്ന് പിന്മാറാനായി പണവും പാരിതോഷികവും എം.എൽ.എ വാഗ്ദാനം ചെയ്തു. ഇതിന് പുറമെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പണവും സ്വാധീനവും എല്ലാ കാലത്തും രക്ഷിക്കില്ലെന്ന് ചാന്ദിനി ദേവി വ്യക്തമാക്കി. കൊലപാതകം നടന്ന് 22 വർഷത്തിന് ശേഷമാണ് കേസിലെ പ്രതികൾ ശിക്ഷിക്കപ്പെടുന്നത്.
1995ൽ പകൽ സമയം പാറ്റ്നയിലെ ഒൗദ്യോഗിക വസതിയിൽവെച്ചാണ് അശോക് സിങ് എം.എൽ.എ കൊല്ലപ്പെട്ടത്. ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്‍റെ അടുത്ത ആളായ പ്രഭുനാഥ് സിങ്ങിനെതിരെ നിരവധി അഴിമതി ആരോപണങ്ങൾ ഉയർന്നിരുന്നു. 2004-09 കാലയളവിൽ ബിഹാറിലെ മഹാരാജ്ഗഞ്ച് മണ്ഡലത്തിൽ നിന്നാണ് ഇയാൾ ലോക്സഭയിലെത്തിയത്. ജനതാദൾ യുനൈറ്റഡ് ടിക്കറ്റിൽ മത്സരിച്ച പ്രഭുനാഥ് സിങ് പിന്നീട് ആർ.ജെ.ഡിയിലേക്ക് മാറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.