ആർ.കെ നഗറിൽ ടി.ടി.വി ദിനകരന് വൻവിജയം; 40,707 വോട്ടിൻെറ ഭൂരിപക്ഷം
text_fieldsചെന്നൈ: ആർ.കെ നഗർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ടി.ടി.വി ദിനകരന് വൻവിജയം. 40707 വോട്ടിൻെറ ഭൂരിപക്ഷം നേടിയാണ് ദിനകരൻ മുൻമുഖ്യമന്ത്രി ജയലളിതയുടെ പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ടത്. അണ്ണാ ഡി.എം.കെ സ്ഥാനാർഥി ഇ. മധുസൂദനൻ 41526 വോട്ട് നേടി രണ്ടാമതെത്തി. ഡി.എം.കെയുടെ എം. മരുത് ഗണേശിന് കെട്ടിവെച്ച കാശ് നഷ്ടമായി. അതേസമയം ബി.ജെ.പി നോട്ടക്കും പിന്നിലായി. വോട്ടെണ്ണൽ തുടങ്ങിയത് മുതൽ ദിനകരൻ തന്നെയായിരുന്നു മുന്നിൽ. ഭൂരിപക്ഷം ഉയർന്നതോടെ അണികൾ തെരുവിൽ ആഹ്ലാദ നൃത്തം ചവിട്ടിയിരുന്നു.
വോട്ട് നില
ടി.ടി.വി ദിനകരൻ | 76701 |
അണ്ണാ ഡി.എം.കെ | 41526 |
ഡി.എം.കെ | 2182 |
ബി.ജെ.പി | 1236 |
നാം തമിലർ | 3645 |
നോട്ട | 2203 |
ജയലളിതയുടെ മരണം കഴിഞ്ഞ് ഒരു വർഷത്തിനു ശേഷമാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ജയയുടെ യഥാർത്ഥ പിൻഗാമികൾ തങ്ങളാണെന്ന തരത്തിൽ പ്രചാരവുമായി മുന്നോട്ട് പോയിരുന്ന അണ്ണാ ഡി.എം.കെ കക്ഷികളിൽ ദിനകരൻെറ വിജയം എങ്ങനെ പ്രതിഫലിക്കുമെന്ന് കണ്ടറിയേണ്ടതാണ്. ഒ.പി.എസ്-ഇ.പി.എസ് പക്ഷത്തുള്ള എം.എൽ.എമാർ തങ്ങളോടൊപ്പം വരുമെന്നും സർക്കാർ ഉടനെ വീഴുമെന്നുമാണ് ദിനകരപക്ഷം അവകാശപ്പെടുന്നത്. തമിഴ്നാട് രാഷ്ട്രീയത്തിൽ വഴിത്തിരിവുണ്ടാക്കുന്ന നീക്കങ്ങളുണ്ടാകുമെന്ന് നേതാക്കൾ രാവിലെ തന്നെ വ്യക്തമാക്കിയിരുന്നു.
പളനിസ്വാമി-പന്നീർശെൽവം വിഭാഗത്തിനും ടി.ടി.വി ദിനകരെൻറ ശശികല വിഭാഗത്തിനും തെരഞ്ഞെടുപ്പ്ഫലം വൻതിരിച്ചടിയായി. വൻതോതിൽ പണമൊഴുകിയെന്ന ആരോപണത്തെ തുടർന്ന് മുമ്പ് ആർ.കെ നഗറിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു. ഇപ്പോൾ നടന്ന തെരഞ്ഞെടുപ്പിലും എ.െഎ.എ.ഡി.എം.കെ വൻതോതിൽ പണമൊഴുക്കിയതായി ആരോപണമുണ്ട്.
തെരഞ്ഞെടുപ്പിൽ വിജയിച്ച് അടുത്ത ലോകസഭ തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയമായി മേൽകൈ നേടാമെന്ന ഡി.എം.കെയും കണക്കുകൂട്ടൽ അപ്പാടെ തെറ്റി. സർക്കാറിനെതിരെയുള്ള വിലയിരുത്തലാകും തെരഞ്ഞെടുപ്പ് ഫലമെന്നായിരുന്നു ഡി.എം.കെ പ്രചാരണം. മുസ്ലിം ലീഗും ഇടതുപാർട്ടികളും വൈക്കോയും പിന്തുണ പ്രഖ്യാപിച്ചെങ്കിലും ഡി.എം.കെക്കെ കെട്ടിവെച്ച കാശ് പോലും നഷ്ടപ്പെട്ടത് സ്റ്റാലിന് വൻ ക്ഷീണമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.