35 വി.ഐ.പി മുറികൾ കാലി; പക്ഷേ, കോവിഡ് ബാധിച്ച സ്വന്തം ജീവനക്കാരെ ചികിത്സിക്കാൻ ലോഹ്യ ആശുപത്രിയിൽ സ്ഥലമില്ല
text_fieldsന്യൂഡൽഹി: 35 വി.ഐ.പി മുറികൾ രോഗികളില്ലാതെ ഒഴിഞ്ഞു കിടന്നിട്ടും കോവിഡ് ബാധിച്ച ആശുപത്രി ജീവനക്കാർക്ക് സ്ഥലമില്ലെന്ന കാരണത്താൽ ചികിത്സ നൽകുന്നില്ലെന്ന് പരാതി. കേന്ദ്രസർക്കാറിന് കീഴിലുള്ള ന്യൂഡൽഹി രാം മനോഹർ ലോഹ്യ ആശുപത്രി ജീവനക്കാരാണ് ഈ കടുത്ത നീതിനിഷേധത്തിന് ഇരയാകുന്നെതന്ന് നാഷനൽ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 200ലധികം ഡോക്ടർമാർക്കും 150ലേറെ നഴ്‌സുമാർക്കുമാണ് ഈ ആശുപത്രിയിൽ കോവിഡ് സ്ഥിരീകരിച്ചത്. രോഗം ബാധിച്ച മറ്റുജീവനക്കാരും നിരവധി. എന്നാൽ, ഇതിൽ ആരെയും ഈ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല. കോവിഡ് മൂലം അവശരായ ചില നഴ്‌സുമാർ സഫ്ദർജംഗ് ആശുപത്രിയിലും കുറച്ചുപേർ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലുമാണ് ചികിത്സ തേടിയത്.
"കോവിഡ് ബാധിച്ചവരിൽ അധിക പേരും വീട്ടിൽ ക്വാറന്‍റീനിൽ കഴിയുകയാണ് ചെയ്യുന്നത്. എന്നാൽ, 10 ശതമാനത്തോളം പേർക്ക് വീട്ടിൽ ഇതിനുള്ള സൗകര്യമില്ല. അവരിൽ ചിലർ ഗുരുതരാവസ്ഥയിലാണ്. മറ്റു ആശുപത്രികളിലേതുപോലെ പോസിറ്റീവ് ആയ ജീവനക്കാരെയും കുടുംബാംഗങ്ങളെയും ചികിത്സിക്കാൻ ഈ ആശുപത്രിയിൽ സൗകര്യമില്ല. ഞങ്ങൾ കേണപേക്ഷിച്ചിട്ടും ഇക്കാര്യത്തിൽ അനുകൂല തീരുമാനം എടുക്കുന്നില്ല"-ഒരു ആശുപത്രി ജീവനക്കാരൻ പറഞ്ഞു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കീഴിലാണ് ഈ ആശുപത്രി.
''കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ ആശുപത്രി ജീവനക്കാരന്‍റെ മുത്തശ്ശിയെ രണ്ട് മണിക്കൂറോളം അധികൃതരുടെ കാൽ പിടിച്ച് അപേക്ഷിച്ച ശേഷമാണ് അഡ്മിറ്റ് ചെയ്തത്. കടുത്ത ശ്വാസം മുട്ടൽ അനുഭവിച്ചിരുന്ന അവരെ ഓക്സിജൻ പോലുമില്ലാത്ത വാർഡിലാണ് പ്രവേശിപ്പിച്ചത്. ഏതാനും മണിക്കൂറുകൾക്കുള്ളിൽ അവർ മരിച്ചു" -മറ്റൊരു ജീവനക്കാരൻ പറഞ്ഞു.
രാഷ്ട്രീയക്കാർക്ക് വേണ്ടിയാണ് 35 വി.ഐ.പി റൂമുകൾ ഈ ആശുപത്രിയിൽ നീക്കിവെച്ചിരിക്കുന്നത്. എന്നാൽ, കഴിഞ്ഞ ഒരുവർഷത്തിനിടെ ഒരു വി.ഐ.പി പോലും ഈ സൗകര്യം ഉപയോഗപ്പെടുത്തിയിട്ടില്ലെന്ന് ജീവനക്കാർ പറഞ്ഞു. 'അവർക്ക് രോഗം വന്നാൽ സ്വകാര്യ ആശുപത്രിയിലാണ് പോകുന്നത്. ഇവിടെ, ഞങ്ങൾക്ക് കിടക്കകളില്ല. ഞങ്ങളുടെ കുടുംബാംഗങ്ങളെ പോലും രക്ഷിക്കാനാകുന്നില്ല. ഈ ദുരിതകാലത്ത് ഞങ്ങൾ എന്താണ് ചെയ്യേണ്ടത്? " -മുതിർന്ന ആരോഗ്യ പ്രവർത്തകൻ ചോദിച്ചു.
ആശുപത്രി ജീവനക്കാരും കുടുംബാംഗങ്ങളും മരണവെപ്രാളത്തിൽ മറ്റ് ആശുപത്രികൾ തേടിപ്പോകുേമ്പാൾ രാഷ്ട്രീയ നേതാക്കളുടെ ശുപാർശക്കത്തുമായി വരുന്നവർക്ക് നിഷ്പ്രയാസം കിടക്ക ലഭിക്കുന്നതായും ഇവർ ചൂണ്ടിക്കാട്ടി.
അതിനിടെ, ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്തതും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. 20ലേറെ രോഗികളെ വീതം പ്രവേശിപ്പിച്ച കോവിഡ് വാർഡുകളിൽ ഒന്നോ രണ്ടോ നഴ്‌സുമാരെ മാത്രമാണ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നത്. 2019 ലാണ് അവസാനമായി ഇവിടെ സ്റ്റാഫുകളെ നിയമിച്ചത്.
"നഴ്സി്ങ് സ്റ്റാഫുകളുടെ എണ്ണം വളരെ കുറവാണ്. 2019 ൽ 540 പേർ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും 270 പേർ മാത്രമാണ് ജോലിക്കെത്തിയത്. അതിനുശേഷം ആരെയും നിയമിച്ചിട്ടില്ല. നിരവധി സീനിയർ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. ആകെ ഒരു ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട് മാത്രമേയുള്ളൂ. അവർ നാല് ദിവസത്തിനകം വിരമിക്കും. 68 അസിസ്റ്റന്റ് നഴ്സിംഗ് സൂപ്രണ്ടുമാർ വേണ്ടിടത്ത് 30 പേർ മാത്രമേയുള്ളൂ. ഒന്നോ രണ്ടോ നഴ്‌സുമാർ മുഴുവൻ വാർഡുകളും കൈകാര്യം ചെയ്യണം. ഇത് വളരെ ബുദ്ധിമുേട്ടറിയ കാര്യമാണ്. കോവിഡ് കാലത്തിന് മുമ്പ് രോഗികളുടെ ബന്ധുക്കൾ കൂട്ടിരിപ്പുകാരായി ഉണ്ടായിരുന്നു. അവർ സഹായിക്കും. ഇപ്പോൾ അതും ഇല്ല" -ലോഹ്യ ആശുപത്രിയിലെ സീനിയർ നഴ്സ് തങ്ങളുടെ ദുരിതം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.