ലഖ്നോ-ആഗ്ര എക്‌സ്‌പ്രസ് വേയിൽ വാഹനാപകടം; നാലു ഡോക്ടർമാർ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു
text_fieldsലഖ്നോ (ഉത്തർപ്രദേശ്): ഉത്തർപ്രദേശിലെ ലഖ്‌നോ-ആഗ്ര എക്‌സ്‌പ്രസ്‌വേയിൽ ബുധനാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ഉത്തർപ്രദേശ് മെഡിക്കൽ സയൻസ് യൂനിവേഴ്‌സിറ്റിയിലെ നാല് ഡോക്ടർമാരടക്കം അഞ്ച് പേർ മരിച്ചു.
ബുധനാഴ പുലർച്ചെ മൂന്ന് മണിയോടെ എസ്.യു.വി ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറിൽ ഇടിച്ചാണ് അപകടം നടന്നതെന്ന് പൊലീസ് സൂപ്രണ്ട് അമിത് കുമാർ ആനന്ദ് പറഞ്ഞു. ആഗ്ര സ്വദേശിയായ ഡോ. അനിരുദ്ധ് വർമ (29), ഭദോഹിയിലെ സന്തോഷ് കുമാർ മൗര്യ (46), കനൗജിലെ ഡോ. അരുൺകുമാർ (34), ഡോ. നാർദേവ് (35), ലബോറട്ടറി ടെക്‌നീഷ്യൻ രാകേഷ് കുമാർ (38) എന്നിവരാണ് മരിച്ചത്.
ലഖ്‌നൗവിൽ വിവാഹത്തിൽ പങ്കെടുത്ത ശേഷം ഡോക്ടർമാരും ലബോറട്ടറി ടെക്‌നീഷ്യനും യൂനിവേഴ്സിറ്റിയിലേക്ക് മടങ്ങുകയായിരുന്നു. ഡോക്ടർമാർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയും തുടർന്ന് എതിർവശത്തെ റോഡിലേക്കു പ്രവേശിക്കുകയുമായിരുന്നു. തുടർന്ന് ആ റോഡിലൂടെ വന്ന ട്രക്ക് ഇവരുടെ വാഹനത്തെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
നാലു ഡോക്ടർമാരും ഒരു ലാബ് ടെക്‌നീഷ്യനും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒരു ബിരുദാനന്തര ബിരുദ വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. അദ്ദേഹത്തെ തിരവയിലെ ഭീംറാവു അംബേദ്കർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.