മധ്യപ്രദേശിൽ വാഹനാപകടങ്ങളിൽ എട്ട് മരണം; 17 പേർക്ക് പരിക്ക്
text_fieldsഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോർ ജില്ലയിൽ വെള്ളിയാഴ്ച പുലർച്ചെ ഇരുചക്രവാഹനവും സ്വകാര്യ മിനിബസും ട്രെയിലർ ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ മരിക്കുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
മാൻപൂർ മേഖലയിൽ ബൈക്കും മിനിബസും ഒരു ട്രെയിലർ ട്രക്കിൽ ഇടിച്ചാണ് അപകടം. ബൈക്കിൽ സഞ്ചരിച്ച രണ്ട് പുരുഷന്മാരും മിനിബസിലുണ്ടായിരുന്ന രണ്ടു സ്ത്രീകളും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി അഡീഷണൽ പൊലീസ് സൂപ്രണ്ട് രൂപേഷ് ദ്വിവേദി പറഞ്ഞു. 17 പേർക്ക് പരിക്കേറ്റതായും അവരെ ഇൻഡോറിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ചയുണ്ടായ മറ്റൊരു അപകടത്തിൽ, മധ്യപ്രദേശിലെ ധാർ ജില്ലയിൽ മോട്ടോർ സൈക്കിൾ കിണറ്റിൽ വീണ് നാല് യുവാക്കൾ മരിച്ചു. രാത്രി 11.50 ഓടെ ജില്ലാ ആസ്ഥാനത്ത് നിന്ന് 60 കിലോമീറ്റർ അകലെയുള്ള ചോട്ടി ഉമർബന്ദ്, മുണ്ട്ല ഗ്രാമങ്ങൾക്കിടയിലാണ് സംഭവം.
ഒറ്റ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന നാലു പേരും കൊടും വളവിലൂടെയുള്ള യാത്രയിൽ ആൾമറയില്ലാത്ത കിണറ്റിലേക്ക് വീണതായി മനാവാർ പോലീസ് സ്റ്റേഷൻ ഇൻചാർജ് ഈശ്വർ സിങ് ചൗഹാൻ പറഞ്ഞു. സന്ദീപ് (19), അനുരാഗ് (22), മനീഷ് (20), രോഹൻ (19) എന്നിവരാണ് മരിച്ചത്. ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം ചോട്ടി ഉമർബന്ദിൽനിന്ന് മുണ്ട്‌ല ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.