നന്ദി ഹിൽസിൽനിന്നും മടങ്ങിയ വിദ്യാർഥികളെ ലക്ഷ്യമിട്ട് മോഷണ സംഘം
text_fieldsബംഗളൂരു: ബംഗളൂരുവിന് പുറത്തുള്ള ചിക്കബെല്ലാപുരയിലെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമായ നന്ദിഹില്‍സില്‍ നിന്നും മടങ്ങുകയായിരുന്ന എൻജിനീയറിങ് വിദ്യാര്‍ഥികളെ പട്ടാപ്പകല്‍ കത്തികാട്ടി ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണുകളും കവര്‍ന്നു. യെലഹങ്കക്കു സമീപം തിണ്ട്‌ലു സര്‍ക്കിളിലിലാണ് സ്‌കൂട്ടറിലെത്തിയ രണ്ടംഗ സംഘം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വിദ്യാര്‍ഥിക്കും സുഹൃത്തായ വിദ്യാര്‍ഥിനിക്കും നേരേ കത്തികാട്ടി പണവും മൊബൈലും കവര്‍ന്നത്. കവര്‍ച്ചക്കുശേഷം രണ്ടംഗ സംഘം അതിവേഗം സ്‌കൂട്ടറോടിച്ച് പോവുകയായിരുന്നു. വൈകിട്ട് മൂന്നോടെയാണ് സംഭവം. ഈ സമയത്ത് റോഡില്‍ മറ്റാരുമുണ്ടായിരുന്നില്ല.
നാലു ബൈക്കുകളിലായി എട്ടു വിദ്യാര്‍ഥികളാണ് നഗരത്തില്‍ നിന്ന് നന്ദിഹില്‍സിലേക്ക് പോയത്. എന്നാല്‍, മണ്ണിടിച്ചിനെത്തുടര്‍ന്ന് ഇവിടേക്കുള്ള റോഡ് അടച്ചതിനാല്‍ ഇവര്‍ തിരിച്ച് നഗരത്തിലേക്ക് മടങ്ങുകയായിരുന്നു. ഏറ്റവും പുറകിലെ ബൈക്കിലാണ് കവര്‍ച്ചക്കിരയായ വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്നത്. കവര്‍ച്ചക്കാര്‍ തിരിച്ചുപോയശേഷം ഇവര്‍ മറ്റുള്ളവരെ വിവരമറിയിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ വിശ്വാനാഥപുര പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി.
നമ്പര്‍ പ്ലേറ്റില്ലാത്ത സ്‌കൂട്ടറില്‍ വന്നവരാണ് കവര്‍ച്ച നടത്തിയതെന്നാണ് വിദ്യാര്‍ഥികള്‍ പൊലീസിന് നല്‍കിയ മൊഴി. പ്രദേശത്തെ സ്ഥിരം കുറ്റവാളികളാണ് കവര്‍ച്ചക്ക് പിന്നിലെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. വിശ്വനാഥ പുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.