കൊള്ളാം, ഈ കാൻസലേഷൻ കൊള്ള!
text_fieldsതിരുവനന്തപുരം: വെയിറ്റിങ് ലിസ്റ്റിലായ ടിക്കറ്റുകളുടെ റദ്ദാക്കൽ വഴി റെയിൽവേ കൊള്ളയടിക്കുന്നത് കോടികൾ. 2021 മുതൽ 2024 ജനുവരി വരെ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് റദ്ദാക്കൽ വഴി റെയിൽവേ അക്കൗണ്ടിലെത്തിയത് 1229.85 കോടി രൂപ. ടിക്കറ്റ് റദ്ദാക്കുമ്പോൾ ഈടാക്കുന്ന തുക ഇരട്ടിയാക്കിയും റദ്ദാക്കാനുള്ള സമയപരിധി വെട്ടിച്ചുരുക്കിയുമുള്ള ഏറ്റവും ഒടുവിലെ പരിഷ്കാരമാണ് യാത്രക്കാരന്റെ പോക്കറ്റ് പിഴിയുന്നത്.
പകൽക്കൊള്ളയുടെ ആഴം
18 കോച്ചുകളുള്ള ട്രെയിനിൽ 720 സ്ലീപ്പർ സീറ്റാണുള്ളതെങ്കിലും വീണ്ടും 600-700 പേരുടെ വെയിറ്റിങ് ലിസ്റ്റാണ് റെയിൽവേ തയാറാക്കുന്നത്. ഇത്രയധികം പേർക്ക് ടിക്കറ്റ് ലഭിക്കില്ലെന്ന് കൃത്യമായ ധാരണയുണ്ടെങ്കിലും ഒരു ചെലവുമില്ലാതെ വരുമാനം കിട്ടുമെന്നതിനാൽ റെയിൽവേ കണ്ണടക്കുകയാണ്.
സർവിസ് ചാർജും പോക്ക്
ഐ.ആർ.സി.ടി.സി വഴിയാണ് ടിക്കറ്റ് ബുക്കിങ്ങെങ്കിൽ കോച്ചിന് അനുസരിച്ചാണ് സർവിസ് ചാർജ്. എ.സിയാണെങ്കിൽ 20 മുതൽ 30 വരെയാണ് നിരക്ക്. നോൺ എ.സിക്ക് 15 മുതൽ 20 രൂപ വരെയും. ഈ തുകക്ക് റീഫണ്ട് ബാധകമല്ല.
ഒരു മാസം 43 കോടി
വെയിറ്റിങ് ലിസ്റ്റിലായ 2.53 കോടി ടിക്കറ്റുകൾ റദ്ദാക്കുക വഴി 2021ൽ റെയിൽവേക്ക് ലഭിച്ചത് 242.68 കോടിയാണ്. 2022ൽ റദ്ദാക്കിയ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകൾ 4.6 കോടിയായി. വരുമാനം 439.16 കോടിയും. 2023ൽ 5.26 കോടി വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് റദ്ദാക്കിയതുവഴി 505 കോടി കിട്ടി. 2024 ജനുവരി വരെയുള്ള ഒരു മാസക്കാലയളവിൽ 45.86 ടിക്കറ്റാണ് കാൻസൽ ചെയ്തത്. ഒറ്റ മാസത്തെ വരുമാനം 43 കോടി !
റെയിൽവേ ദീപാവലി ബംപർ
നവംബർ അഞ്ചു മുതൽ 17 വരെയുള്ള ദീപാവലി സീസണിൽ കൺഫേം ആയതടക്കം 96.18 ലക്ഷം ടിക്കറ്റാണ് റദ്ദാക്കിയത്. ഇതിൽ 47.82 ലക്ഷവും വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റാണ്. അതായത് ദീപാവലി സീസണിൽ മാത്രം റെയിൽവേക്ക് കൈ നനയാതെ കിട്ടിയത് 10.37 കോടി രൂപയാണ് . കൺഫേം ടിക്കറ്റുകളുടെ റദ്ദാക്കലും ചാകരയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.