‘വയനാടിനായി പോരാടും’; പ്രിയങ്കയുടെ മിന്നുംജയത്തിൽ വോട്ടർമാർക്ക് നന്ദി പറഞ്ഞ് റോബർട്ട് വദ്ര
text_fieldsന്യൂഡൽഹി: ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിക്ക് വയനാട്ടിലെ വോട്ടർമാർ നൽകിയ മിന്നുംജയത്തിൽ നന്ദി പറഞ്ഞ് ഭർത്താവ് റോബർട്ട് വദ്ര.
പ്രിയങ്കയോടുള്ള വയനാട്ടിലെ ജനങ്ങളുടെ സ്നേഹവും വാത്സല്യവുമാണ് വോട്ടെടുപ്പിൽ പ്രതിഫലിച്ചതെന്നും വയനാടിനായി പ്രിയങ്ക പോരാടുമെന്നും വദ്ര പറഞ്ഞു. ഡൽഹിയിലെ വദ്രയുടെ ഓഫിസിനു മുന്നിൽ പ്രിയങ്കയുടെ വിജയത്തിൽ വലിയ ആഘോഷമാണ് നടക്കുന്നത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ കന്നിയങ്കത്തിൽ റെക്കോഡ് ഭൂരിപക്ഷം നൽകിയാണ് വയനാട്ടിലെ വോട്ടർമാർ പ്രിയങ്കയെ ലോക്സഭയിലേക്ക് അയക്കുന്നത്.
ലോക്സഭ പ്രതിപക്ഷ നേതാവും സഹോദരനുമായ രാഹുൽ ഗാന്ധി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേടിയ ഭൂരിപക്ഷം ഇതിനകം പ്രിയങ്ക മറികടന്നു. നിലവിലെ കണക്കുകൾ പ്രകാരം പ്രിയങ്കയുടെ ലീഡ് 3,94,734 കടന്നു. 5,96,995 വോട്ടുകളാണ് പ്രിയങ്ക നേടിയത്. തൊട്ടുപിന്നിലുള്ള എൽ.ഡി.എഫ് സ്ഥാനാർഥി സത്യൻ മൊകേരിക്ക് 2,02,261 വോട്ടുകളും ബി.ജെ.പിയുടെ നവ്യ ഹരിദാസിന് 1,06,724 വോട്ടുകളും ലഭിച്ചു. വോട്ടെണ്ണൽ തുടങ്ങി രണ്ടര മണിക്കൂർ പിന്നിടുമ്പോൾ തന്നെ എതിരാളികളെ ബഹുദൂരം പിന്നിലാക്കി പ്രിയങ്കയുടെ കുതിപ്പായിരുന്നു. കഴിഞ്ഞ തവണ 3,64,111 വോട്ടുകൾക്കാണ് രാഹുൽ ജയിച്ചത്.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുലിന് 4,31,770 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചിരുന്നു. പ്രിയങ്കക്ക് അഞ്ചു ലക്ഷത്തിന്‍റെ ഭൂരിപക്ഷം നേടികൊടുക്കുമെന്നായിരുന്നു തുടക്കം മുതലെ യു.ഡി.എഫ് നേതാക്കൾ അവകാശപ്പെട്ടിരുന്നത്. എന്നാൽ, പോളിങ് ശതമാനത്തിൽ ഇടിവുണ്ടായതാണ് തിരിച്ചടിയായത്.
ഇത്തവണ നില മെച്ചപ്പെടുത്തുമെന്ന എൽ.ഡി.എഫ് അവകാശവാദം വെറുതെയായി. കഴിഞ്ഞ തവണ ആനി രാജ നേടിയ വോട്ടുകൾ പോലും എൽ.ഡി.എഫിന് ഇത്തവണ കിട്ടിയില്ല. രാഹുലിനെ പോലെ സഹോദരി പ്രിയങ്കയെയും വയനാട്ടിലെ വോട്ടർമാർ നെഞ്ചോടു ചേർത്തു എന്നതിന്‍റെ തെളിവാണ് പുറത്തുവരുന്ന ഫലം. തെരഞ്ഞെടുപ്പ് കമീഷന്റെ കണക്കനുസരിച്ച് വയനാട്ടില്‍ 64.53 ശതമാനമാണ് ഇത്തവണ പോളിങ്. കഴിഞ്ഞ തവണ 73 ശതമാനയായിരുന്നു ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.