വാദ്രക്ക് അമേത്തി മോഹം
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിലെ അമേത്തിയിൽ മത്സരിക്കാൻ കുപ്പായം തയ്പിച്ച് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്ര. രാഹുൽ ഗാന്ധി അമേത്തിയിൽ സ്ഥാനാർഥിയാകുന്നില്ലെങ്കിൽ ബി.ജെ.പി സ്ഥാനാർഥി സ്മൃതി ഇറാനിക്കെതിരെ രംഗത്തിറങ്ങാനുള്ള താൽപര്യം വാദ്ര പ്രകടിപ്പിച്ചു. ജനം മാടിവിളിക്കുന്നുവെന്ന വിശദീകരണത്തോടെയാണിത്.
നെഹ്റു കുടുംബത്തിന്റെ കുത്തക മണ്ഡലമായിരുന്ന അമേത്തിയിൽ കഴിഞ്ഞതവണ രാഹുൽ ഗാന്ധി ആദ്യമായി പരാജയപ്പെടുകയായിരുന്നു. അമേത്തിക്കു പുറമെ, സോണിയ ഗാന്ധി മത്സരിച്ചുപോന്ന റായ് ബറേലിയിലും കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. റായ്ബറേലിയിൽ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കും. വാദ്രയുടെ അമേത്തി താൽപര്യത്തിന് പക്ഷേ, കോൺഗ്രസ് വഴങ്ങാനിടയില്ല.
1999 മുതൽ അമേത്തിയിൽ പ്രചാരണ രംഗത്തുണ്ട്, തനിക്കുവേണ്ടി പോസ്റ്റർ പതിക്കുന്നു, രാജ്യത്തെവിടെയുമുള്ള കോൺഗ്രസുകാരുടെ പിന്തുണയുണ്ട് തുടങ്ങിയ വാദങ്ങളും ബിസിനസുകാരനായ റോബർട്ട് വാദ്ര ഉയർത്തുന്നുണ്ട്. കഴിഞ്ഞ തവണ രാഹുൽ ഗാന്ധി തോറ്റുപോയ ജനവിധി തിരുത്താൻ ആഗ്രഹിക്കുന്ന വോട്ടർമാർ തന്നെ ബഹുഭൂരിപക്ഷത്തിൽ വിജയിപ്പിക്കുമെന്ന പ്രത്യാശയും ഒപ്പമുണ്ട്. അമേത്തിയിലോ മറ്റെവിടെയെങ്കിലുമോ വാദ്രയെ കോൺഗ്രസ് സ്ഥാനാർഥിയാക്കുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന് പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ അഭിപ്രായപ്പെട്ടു. വാദ്രയുടെ മോഹത്തോട് കോൺഗ്രസ് നേതൃനിരയിൽ ആരും പരസ്യമായി പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.