ബംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാർക്ക് വഴികാട്ടിയായി ഇനി റോബോട്ടുകളും
text_fieldsബംഗളൂരു: ബംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാർക്ക് സഹായികളായി ഇനി റോബോട്ടുകളും. ടെർമിനൽ ഒന്നിൽ 10 റോബോട്ടുകളെയാണ് പരീക്ഷണാടിസ്ഥാനത്തിൽ 'ജോലിക്ക് നിയമിച്ചത്'. യാത്രക്കാരുടെ സംശയങ്ങൾക്ക് മറുപടി നൽകുക മാത്രമല്ല, വിവിധ സ്ഥലങ്ങൾ കണ്ടെത്താനും ഇവ സഹായിക്കും. ബോർഡിങ് ഗേറ്റ്, ഷോപ്പിങ് ഏരിയകൾ, ലഗേജ് ക്ലെയിം, കുടിവെള്ള സൗകര്യങ്ങൾ, ശുചിമുറികൾ തുടങ്ങിയവ കണ്ടെത്താനും റോബോട്ടുകളുടെ സഹായമുണ്ടാകും. പരീക്ഷണം വിജയകരമായാൽ കൂടുതൽ റോബോട്ടുകളെ വിമാനത്താവളത്തിൽ വിന്യസിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ടെർമിനൽ ഓപറേഷൻസ് മേധാവി സംപ്രീത് സദാനന്ദ് കൊട്ടിയൻ പറഞ്ഞു.
റോബോട്ടുകളെ വിമാനത്താവളത്തിലെ വ്യത്യസ്ഥ നിലകളിലാവും ജോലിക്ക് നിയമിക്കുക. ചുമതലയുള്ള സ്ഥലത്ത് മാത്രം ജോലി ചെയ്താൽ മതിയാവും. 26 ഇഞ്ച് ഉയരമുള്ള ഒരു റോബോട്ടിന് ഗീത എന്നാണ് അധികൃതർ പേരിട്ടത്. ഉപഭോക്താക്കൾക്ക് ഭക്ഷണം വിതരണം ചെയ്യുകയും വിളമ്പുകയും ചെയ്യുമ്പോൾ മനുഷ്യരുടേതിന് സമാനമായ മര്യാദകളും ഇവക്കുണ്ട് എന്നത് പ്രധാന സവിശേഷതയാണ്.
നേരത്തെ, ഇന്ത്യയിലെ ചില വിമാനത്താവളങ്ങളിൽ റോബോട്ടുകൾ ജോലി ചെയ്തിരുന്നു. ആദ്യ കോവിഡ് തരംഗം ഉണ്ടായപ്പോൾ വിമാനത്താവളങ്ങളിലെ പരിസരം അണുമുക്തമാക്കാനും സാനിറ്റൈസറുകൾ നൽകാനും റോബോട്ടുകളെ ഉപയോഗിച്ചിരുന്നു. ലോകമെമ്പാടും വിമാനത്താവളങ്ങളിൽ റോബോട്ടുകൾ സേവനമനുഷ്ഠിക്കുന്നത് ജനപ്രീതി നേടുന്നുണ്ട്.
കോവിഡ് വ്യാപന സമയത്ത് ഫിലാഡൽഫിയ അന്താരാഷ്ട്ര വിമാനത്താവളത്തിലും ഇവ ഉണ്ടായിരുന്നു. ഹോട്ടലുകളിലും റസ്റ്റാറന്‍റുകളിലും ഓർഡറുകൾ എടുക്കുന്നതിനും ഭക്ഷണം വിതരണം ചെയ്യുന്നതിനും വെയിറ്റർമാരുടെ വേഷത്തിൽ റോബോട്ടുകൾ ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.