ലാലുവിന്റെ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ നടക്കുന്നു; തന്റെ കടമ നിർവഹിച്ചതായി മകൾ രോഹിണി
text_fieldsപാട്ന: ആർ.ജെ.ഡി പ്രസിഡന്റ് ലാലു പ്രസാദ് യാദവിന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നുകൊണ്ടിരിക്കുകയാണെന്ന് മകൾ രോഹിണി ആചാര്യ. രോഹിണിയാണ് ലാലുവിന് വൃക്ക നൽകിയത്. രോഹിണിയുടെ ശസ്ത്രക്രിയ പൂർത്തിയായി. ശസ്ത്രക്രിയക്ക് മുമ്പ് പിതാവിനൊപ്പമിരിക്കുന്ന ചിത്രവും രോഹിണി ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. തനിക്കായി പ്രാർഥിക്കണമെന്നും അഭ്യർഥിച്ചു.
വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് വലഞ്ഞ ലാലുവിന് അവയവം മാറ്റിവെക്കൽ മാത്രമാണ് പരിഹാരമെന്നായിരുന്നു ഡോക്ടർമാർ വിധിയെഴുതിയത്. തന്റെ വൃക്കകളിലൊന്ന് ലാലുവിന് നൽകുമെന്ന് പറഞ്ഞ രോഹിണി, ഒരു മകളുടെ കടമയാണിതെന്നും വ്യക്തമാക്കുകയുണ്ടായി. സിംഗപ്പൂരിലാണ് രോഹിണി താമസിക്കുന്നത്. എല്ലായ്പ്പോഴും അവർ തന്റെ മാതാപിതാക്കളുടെ കാര്യങ്ങൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്യാറുണ്ട്. എന്റെ അച്ഛനും അമ്മയും ദൈവത്തെ പോലെയാണെന്നും അവർക്ക് വേണ്ടി എന്തുചെയ്യാനും തയാറാണെന്നും അടുത്തിടെ ട്വീറ്റ് ചെയ്തിരുന്നു.
ആരോഗ്യ കാരണങ്ങൾ മുൻ നിർത്തി ഭൂമി കുംഭകോണക്കേസിൽ ലാലുവിന് ജാമ്യം ലഭിച്ചിരുന്നു. ചികിത്സയുടെ ഭാഗമായി ശനിയാഴ്ച രാത്രിയാണ് ലാലു സിംഗപ്പൂരിലെത്തിയത്. ബിഹാർ മുൻ മുഖ്യമന്ത്രി റാബ്റി ദേവിയും മൂത്ത മകൾ മിസ ഭാരതിയും അദ്ദേഹത്തിനൊപ്പമുണ്ട്. ബിഹാർ മന്ത്രിമാരും എം.എൽ.എമാരും ലാലുവിന്റെ ആരോഗ്യത്തിനായി ദനാപൂരിലെ അർച്ചന ക്ഷേത്രത്തിൽ പൂജ നടത്തിയതും വാർത്തയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.