'ചവിട്ടി നിൽക്കാൻ മണ്ണില്ലാത്തവരാണ്, മണ്ണുകൊണ്ട് മുറിവേറ്റവരുടെ വേദനയറിയാം'; സ്വർണവള വിറ്റ് തുർക്കിയക്ക് റോഹിങ്ക്യൻ വനിതയുടെ സഹായം
text_fields67കാരിയായ അമിനഖാതൂൻ കഴിഞ്ഞ ദിവസം ഡൽഹിയിലെ തുർക്കിയ എംബസിയിലെത്തിയത് സംസ്കരിച്ച ഭക്ഷണവും ചൂട് പകരുന്ന വസ്ത്രങ്ങളും പുതപ്പുകളും കുട്ടികൾക്കുള്ള ആഹാരവുമായിട്ടായിരുന്നു. ഭൂകമ്പം മൂലം ദുരിതം അനുഭവിക്കുന്ന തുർക്കിയയിലെ ജനങ്ങൾക്കായാണ് അവർ ഇത്രയും വസ്തുക്കളുമായി എംബസിയിലെത്തിയത്. എന്നാൽ, തന്റെ ഏക സമ്പാദ്യമായ സ്വർണ്ണ വള വിറ്റിട്ടായിരുന്നു അവർ തുർക്കിയക്കുള്ള സഹായവുമായി എംബസിയിലെത്തിയത്.
2005ൽ മ്യാൻമറിൽ നിന്നും ഇന്ത്യയിലെത്തിയതാണ് ഖാതുൻ. അഭയാർഥികൾക്ക് എക്കാലത്തും സ്വാഗതമേകുന്ന രാജ്യമാണ് തുർക്കിയ. അത്തരമൊരു രാജ്യം ദുരിതത്തിലാകുമ്പോൾ സഹായിക്കേണ്ടത് കടമയാണെന്നായിരുന്നു ഖാതൂനിന്റെ പക്ഷം.
വീട്ടിൽ എന്തെങ്കിലും അത്യാവശ്യമുണ്ടാവുമ്പോൾ വിൽക്കാനായി മാറ്റിവെച്ചതായിരുന്നു സ്വർണവള. അത് ദുരിതാശ്വാസത്തിന് സാധനങ്ങൾ വാങ്ങാനായി ഉമ്മ വിൽക്കാനൊരുങ്ങിയപ്പോൾ താൻ ഞെട്ടിയെന്ന് മകൻ അലി ജോഹർ പറഞ്ഞു. പക്ഷേ ഉമ്മ അവരുടെ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുട്ടികൾ കുടുങ്ങിയതിന്റെ ദൃശ്യങ്ങൾ കണ്ട് അവർ കരയുകയായിരുന്നുവെന്നും അലി ജോഹർ പറഞ്ഞു.
'റോഹിങ്ക്യൻ അഭയാർഥികൾക്കൊപ്പം നിന്ന രാജ്യമാണ് തുർക്കിയ. അവർക്ക് ആപത്ത് വരുമ്പോൾ നമ്മളാണ് ഒപ്പം നിൽക്കേണ്ടത്'- ഖാതുൻ പറഞ്ഞു. 40 ലക്ഷത്തോളം അഭയാർഥികളാണ് തുർക്കിയയിലുള്ളത്. നേരത്തെ ഭൂകമ്പത്തിൽ ദുരിതം അനുഭവിക്കുന്നവർക്കായി സഹായം നൽകാനുള്ള സൗകര്യം ഡൽഹിയിലെ തുർക്കിയ എംബസി ആരംഭിച്ചിരുന്നു. നിരവധി പേരാണ് ഈ സൗകര്യം ഉപയോഗിച്ച് തുർക്കിയക്ക് സഹായം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.