വിദ്വേഷ പോസ്റ്റുകൾ തടയുന്നതിൽ പരാജയപ്പെട്ടു; ഫേസ്ബുക്കിനെതിരെ ഡൽഹി ഹൈകോടതിയിൽ പരാതി നൽകി റോഹിങ്ക്യൻ അഭയാർഥികൾ
text_fieldsന്യൂഡൽഹി: ഫേസ്ബുക്ക് പോലുള്ള സാമൂഹിക മാധ്യമങ്ങളിലടക്കമുള്ള മനുഷ്യാവകാശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അഭിഭാഷക സംഘടനയാണ് ഈക്വാലിറ്റി ലാബ്സ്. 2019ൽ മുസ്‍ലിംകളും ദലിതുകളും ബുദ്ധമതക്കാരും ക്രിസ്തുമതക്കാരുമടങ്ങിയ 20 അന്താരാഷ്ട്ര ഗവേഷകരുമായി ചേർന്നു നടത്തിയ പഠനത്തിൽ ഫേസ്ബുക്കിൽ കമ്മ്യൂണിറ്റി സ്റ്റാൻഡേർഡ്സ് ലംഘിച്ചുകൊണ്ടുള്ള 1000 പോസ്റ്റുകൾ ഈക്വാലിറ്റി ലാബ്സ് കണ്ടെത്തുകയുണ്ടായി. ഇതു സംബന്ധിച്ച് റിപ്പോർട്ട് നൽകിയതിനു പിന്നാലെ അത്തരത്തിലുള്ള 40 ശതമാനം പോസ്റ്റുകൾ നീക്കംചെയ്യുകയുണ്ടായി. എന്നാൽ മൂന്നുമാസം കഴിഞ്ഞപ്പോൾ നീക്കിയ പോസ്റ്റുകൾ വീണ്ടും ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടു. വിദ്വേഷം പ്രചരിപ്പിക്കുന്ന ഈ പോസ്റ്റുകളിൽ കൂടുതലും ഇസ്‍ലാംവിരുദ്ധ കണ്ടന്റുകളായിരുന്നു.
പോസ്റ്റുകൾ വീണ്ടും പ്രസിദ്ധീകരിച്ചതിന്റെ അടിസ്ഥാനത്തിൽ ഫേസ്ബുക്കിനെതിരെ ഡൽഹി ഹൈകോടതിയിൽ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 226 പ്രകാരം വിദ്വേഷ പ്രചാരണത്തിന് പൊതുതാൽപര്യ ഹരജി നൽകിയിരിക്കുകയാണ് റോഹിങ്ക്യകൾ. വംശീയ കലാപത്തിൽ മ്യാൻമറിൽ നിന്ന് പലായനം ചെയ്ത് രണ്ടുമുതൽ അഞ്ചുവർഷമായി ഡൽഹിയിൽ താമസിക്കുന്ന റോഹിങ്ക്യകളാണ് പരാതിക്കാർ. ഇവരുടെ കൈവശം യു.എൻ അഭയാർഥി ഏജൻസി നൽകുന്ന തിരിച്ചറിയൽ കാർഡുകളുണ്ട്. മ്യാൻമറിലെ രാഖൈൻ സംസ്ഥാനത്തെ മുസ്‍ലിം ന്യൂനപക്ഷ വിഭാഗമാണ് റോഹിങ്ക്യകൾ.
ഫേസ്ബുക്ക് പോസ്റ്റുകൾ ഇന്ത്യയിൽ താമസിക്കുന്ന തങ്ങളെ ലക്ഷ്യംവെക്കുന്നതാണെന്നാണ് ഹരജിയിൽ റോഹിങ്ക്യകൾ ആരോപിക്കുന്നത്. ഇത്തരം വിദ്വേഷപ്രചാരണം തടയാൻ ഫേസ്ബുക്ക് പരാജയപ്പെട്ടുവെന്നും ഈ പോസ്റ്റുകളുടെ ഉറവിടം ഇന്ത്യയാണെന്നും ഹരജിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇന്ത്യ ഏതാണ്ട് 74,600 റോഹിങ്ക്യകൾക്ക് അഭയം നൽകുന്നുണ്ടെന്നാണ് യു.എൻ പുറത്തുവിട്ട കണക്ക്. അതിൽ 54,100 പേരും 2021ഫെബ്രുവരിക്കു ശേഷം എത്തിയവരാണ്. പലപ്പോഴും ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി പോരാടുന്ന ഈ ജനത ക്രൂരമായ ശാരീരിക മർദനങ്ങൾക്കും ഇരകളാകുന്നു.
റോഹിങ്ക്യകളുടെ സാന്നിധ്യം ഇന്ത്യയിൽ ഏറെ രാഷ്ട്രീയവത്കരിക്കപ്പെട്ട വിഷയമാണ്. റോഹിങ്ക്യകളെ തീവ്രവാദികളെന്നും നുഴഞ്ഞുകയറ്റക്കാരെന്നുമാണ് വിളിക്കാറുള്ളത്. 2019ൽ ഇന്ത്യയിലെ ഫേസ്ബുക്കുകളിൽ കണ്ടെത്തിയ ഇസ്‍ലാംവിരുദ്ധ പോസ്റ്റുകളിൽ ആറുശതമാനം റോഹിങ്കകളെ കുറിച്ചാണെന്ന് കണ്ടെത്തിയിരുന്നു. അന്ന് റോഹിങ്ക്യകൾ ഇന്ത്യയിലെ മുസ്‍ലിം ജനസംഖ്യയുടെ 0.02 ശതമാനം മാത്രമായിരുന്നു. ഇന്ത്യയിലെ നിരവധി ഫേസ്ബുക്ക് ഉപയോക്താക്കൾ റോഹിങ്ക്യകളെ അനധികൃത കുടിയേറ്റക്കാരെന്നും രാജ്യത്തിന്റെ ശത്രുക്കളെന്നും ബംഗ്ലാദേശികളെന്നുമാണ് വിശേഷിപ്പിച്ചതെന്നും ഹരജിയിലുണ്ട്. രാജ്യത്തിന്റെ ഈ ശത്രുക്കളുടെ വീടുകൾ ബുൾഡോസറുകൾ ഉപയോഗിച്ച് തകർക്കണമെന്നും ചിലർ വാദിക്കുകയുണ്ടായി. റോഹിങ്ക്യകളെ തട്ടിക്കൊണ്ടുപോയി അവയവ വിൽപ്പന നടത്തുന്ന റാക്കറ്റുകളായും ചിലർ തെറ്റിദ്ധരിപ്പിച്ചു. ഇത്തരത്തിൽ റോഹിങ്ക്യകൾക്കെതിരെ തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കങ്ങൾ പെരുകുന്നതിനാലാണ് ഹരജി ഫയൽ ചെയ്യുന്നതെന്നും റോഹിങ്ക്യകൾ ഹരജിയിൽ വിശദീകരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.