'ചെറുത്തുനിൽപ്പിന്റെ പ്രതീകം'; രോഹിത് വെമുലയുടെ ഓർമകൾക്ക് ആറുവർഷം
text_fieldsന്യൂഡൽഹി: ഹൈദരാബാദ് സെൻട്രൽ യൂനിവേഴ്സിറ്റിയിലെ ഗവേഷക വിദ്യാർഥിയായിരുന്ന രോഹിത് വെമുലയുടെ ഓർമകൾക്ക് ആറുവർഷം. സർവകലാശാലയിൽ നേരിട്ടിരുന്ന ദലിത് വിവേചനത്തിൽ പ്രതിഷേധിച്ചായിരുന്നു രോഹിതിന്റെ ആത്മഹത്യ. 2016 ജനുവരി 17നാണ് ഹോസ്റ്റൽ മുറിയിൽ രോഹിത് ജീവനൊടുക്കുന്നത്.
രോഹിതിനെ അനുസ്മരിച്ച് കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽഗാന്ധി രംഗത്തെത്തി. 'ദലിത് വ്യക്തിത്വത്തിനെതിരായ വിവേചനവും അനാദരവുമാണ് രോഹിത് വെമുല കൊല്ലപ്പെടാൻ കാരണം. വർഷങ്ങൾ പിന്നിടുമ്പോഴും അവൻ ചെറുത്തുനിൽപ്പിന്റെ പ്രതീകമായും അമ്മ പ്രതീക്ഷയുടെ പ്രതീകമായും നിലകൊള്ളുന്നു. അവസാനം വരെ പോരാടിയ രോഹിത്, നീ ആണെന്റെ ഹീറോ. അനീതിക്ക് ഇരയായ സഹോദരൻ' -രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
രോഹിത് അടക്കമുള്ള അഞ്ച് വിദ്യാർഥികളുടെ സസ്‍പെൻഷനെതിരായ രാപ്പകൽ സമരത്തിനൊടുവിലായിരുന്നു രോഹിതിന്റെ ആത്മഹത്യ. രോഹിതിന്റെ ആത്മഹത്യയെ തുടർന്ന് സർവകലാശാലയിലും രാജ്യമെമ്പാടും പ്രതിഷേധം ആളിക്കത്തി. രോഹിത് വെമുലയുടെ അഞ്ച് പേജുള്ള ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിരുന്നു.
'കാൾ സാഗനെപോലെ ശാസ്ത്രത്തെക്കുറിച്ച് എഴുതാനായിരുന്നു ഞാൻ സ്വപ്നം കണ്ടത്. എന്നാൽ ഈ കത്ത് മാത്രമാണ് എനിക്ക് എഴുതാനായത്' എന്ന് പറഞ്ഞുകൊണ്ടായിരുന്നു കത്തിന്റെ തുടക്കം.
ലോകത്തെ മനസിലാക്കുന്നതിൽ ഞാനൊരു തികഞ്ഞ പരാജയമായിരുന്നിരിക്കാം. സ്നേഹം, വേദന, ജീവിതം, മരണം... എല്ലാം തെറ്റായി മനസിലാക്കിയതാകാം. ഒരാവശ്യവുമില്ലാത്ത തിടുക്കം ജീവിതത്തിൽ എനിക്കൊപ്പമുണ്ടായിരുന്നു. ജീവിതം ആരംഭിക്കാനുള്ളതായിരുന്നു ആ തിടുക്കം. മനുഷ്യരിൽ ചിലർക്ക് ജീവിതം തന്നെയാണ് ശാപം. എന്റെ ജനനം തന്നെ കൊടും തെറ്റായിരുന്നു' -രോഹിത് വെമുലയുടെ കത്തിൽ പറയുന്നു.
യൂണിവേഴ്സിറ്റിയിൽ എ.ബി.വി.പി നേതാവ് സുശീൽ കുമാറിനെ മർദിച്ചു എന്നാരോപിച്ചാണ് രോഹിത് വെമുല അടക്കം അഞ്ചുപേരെ യൂണിവേഴ്സിറ്റി സസ്‍പെൻഡ് ചെയ്തത്. അംബേദ്കർ സ്റ്റുഡന്റ്സ് അസോസിയേഷൻ (എ.എസ്.എ) നടത്തിയ വിവിധ പരിപാടികളുടെ പേരിൽ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെയും സമ്മർദ്ദത്തിന്റെ ഫലമായിരുന്നു പുറത്താക്കൽ. തുടർന്ന് 12 ദിവസം നീണ്ടുനിന്ന രാപ്പകൽ സമരത്തിനൊടുവിലായിരുന്നു രോഹിത് വെമുല ജീവനൊടുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.