'മകന് നീതി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി'; രേവന്ത് റെഡ്ഡിയെ കണ്ട് രോഹിത് വെമുലയുടെ മാതാവ്
text_fieldsഹൈദരാബാദ്: രോഹിത് വെമുലയുടെ മാതാവ് രാധിക വെമുല തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു. തന്‍റെ മകന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടെന്നും മുഖ്യമന്ത്രി അക്കാര്യം ഉറപ്പുനൽകിയെന്നും രാധിക വെമുല കൂടിക്കാഴ്ചക്ക് പിന്നാലെ പറഞ്ഞു. രോഹിത് വെമുല ആത്മഹത്യ ചെയ്ത കേസ് തെലങ്കാന പൊലീസ് അവസാനിപ്പിച്ചതിന് പിന്നാലെയാണ് രാധിക മുഖ്യമന്ത്രിയെ കണ്ടത്.
രോഹിത് വെമുല പട്ടികജാതി വിഭാഗത്തിൽ പെടുന്ന വ്യക്തിയല്ലെന്നും തന്റെ "യഥാർഥ ജാതി ഐഡന്റിറ്റി" കണ്ടെത്തുമെന്ന് ഭയന്ന് ആത്മഹത്യ ചെയ്തുവെന്ന് അനുമാനിക്കുന്നതായും രോഹിത്തിന്റെ ജാതി സർട്ടിഫിക്കറ്റ് വ്യാജമാണെന്നും പറഞ്ഞുകൊണ്ടാണ് കേസ് അവസാനിപ്പിക്കാൻ പൊലീസ് റിപോർട്ട് നൽകിയത്. 2016 ജനുവരിയിലാണ് ഹൈദരാബാദ് സർവകലാശാല പിഎച്ച്.ഡി വിദ്യാർഥിയായിരുന്ന രോഹിത് വെമുല ജാതീയ അവഹേളനങ്ങൾക്ക് പിന്നാലെ ആത്മഹത്യ ചെയ്‌തത്.
കോൺഗ്രസ് സർക്കാർ അധികാരത്തിലിരിക്കെ രോഹിത് വെമുല കേസ് അവസാനിപ്പിക്കാനുള്ള പൊലീസ് നീക്കം രാഷ്ട്രീയ വിവാദമായിരുന്നു. തുടർന്ന്, കേസിൽ തുടരന്വേഷണമുണ്ടാവുമെന്ന സൂചന തെലങ്കാന ഡി.ജി.പി രവി ഗുപ്ത നൽകിയിരുന്നു. രോഹിത് വെമുലയുടെ കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണങ്ങൾക്ക് മജിസ്ട്രേറ്റിനോട് അനുമതി തേടുമെന്നും തെലങ്കാന ഡി.ജി.പി പറഞ്ഞിരുന്നു.
കേസ് അവസാനിപ്പിക്കാനുള്ള പൊലീസ് നീക്കം വിവാദമായതോടെയാണ് രോഹിത് വെമുലയുടെ മാതാവിനേയും സഹോദരനേയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കൂടിക്കാഴ്ചക്കായി ക്ഷണിച്ചത്. രോഹിത് വെമുലയുടെ മരണസമയത്ത് തന്നെ രാഹുൽ ഗാന്ധി ഹൈദരാബാദ് സർവകലാശാലയിലെത്തി കുടുംബത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിരുന്നെന്നും, ആ വാഗ്ദാനം നിറവേറ്റുമെന്നും കൂടിക്കാഴ്ചക്ക് ശേഷം രേവന്ത് റെഡ്ഡി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.