ഡല്‍ഹി വംശീയാതിക്രമത്തിലെ പങ്ക്: രക്ഷ തേടി ഫേസ്ബുക്ക് സുപ്രീംകോടതിയില്‍
text_fieldsന്യൂഡല്‍ഹി: 53 പേരുടെ ജീവഹാനിക്കും കോടികളുടെ നാശനഷ്ടങ്ങള്‍ക്കും കാരണമായ ഡല്‍ഹി വംശീയാതിക്രമത്തില്‍ വഹിച്ച പങ്ക് അന്വേഷിക്കുന്നതിനെതിരെ ഫേസ്ബുക്ക് ഇന്ത്യ വൈസ് പ്രസിഡൻറും മാനേജിങ് ഡയറക്ടറുമായ അജിത് മോഹന്‍ സുപ്രീംകോടതിയിൽ. ഫേസ്ബുക്ക് മേധാവി സമര്‍പ്പിച്ച ഹരജിയില്‍ ഡല്‍ഹി നിയമസഭ സമിതിക്ക് നോട്ടീസ് അയച്ച സുപ്രീംകോടതി അജിത് മോഹനെതിരെ നടപടി എടുക്കരുതെന്ന് ഉത്തരവിട്ടു. തുടര്‍ന്ന് ഡല്‍ഹി നിയമസഭയുടെ സമാധാന-സൗഹാര്‍ദ സമിതി ബുധനാഴ്ചത്തെ സിറ്റിങ് മാറ്റിവെച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തിയവര്‍ക്കെതിരെ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ സംഘ് പരിവാര്‍ ആസൂത്രണത്തില്‍ നടന്ന വംശീയാതിക്രമം ആളിക്കത്തിക്കുന്നതില്‍ ഫേസ്ബുക്കും വാട്സ്ആപ്പും പങ്കുവഹിച്ചുവെന്ന പരാതിയിലാണ് ഡല്‍ഹി നിയമസഭ സമിതി ഫേസ്ബുക്ക് ഇന്ത്യ മേധാവിക്ക് സമന്‍സ് അയച്ചത്. സംഘ് പരിവാര്‍ ബന്ധമുള്ള ഫേസ്ബുക്ക് ഇന്ത്യ പോളിസി മേധാവി അങ്കി ദാസ് ബി.ജെ.പി- ആര്.എസ്.എസ് നേതാക്കളുടെ മുസ്ലിംകള്ക്കെതിരായ വിദ്വേഷ പ്രചാരണങ്ങള്‍ക്ക് ഫേസ്ബുക്കില്‍ അനുമതി നല്കിയ വിവരം അമേരിക്കന്‍ പത്രമായ 'വാള്‍സ്ട്രീറ്റ് ജേണല്‍'പുറത്തുവിട്ടപ്പോഴായിരുന്നു ഇത്. ശശി തരൂര്‍ അധ്യക്ഷനായ പാര്‍ലമെൻറിെൻറ വിവര സാങ്കേതിക വിദ്യ സമിതി നോട്ടീസ് അയച്ചെങ്കിലും അന്ന് ഫേസ്ബുക്ക് അധികൃതര്‍ ഹാജരായിരുന്നു. എന്നാല്‍, ഡല്‍ഹി നിയമസഭ സമിതിയുടെ സമന്‍സിനോട് പ്രതികരിക്കാന്‍ ഫേസ്ബുക്ക് തയാറായില്ല.
ആം ആദ്മി പാര്‍ട്ടി എം.എല്‍.എ രാഘവ് ഛദ്ദ അധ്യക്ഷനായ നിയമസഭ സമിതി ആദ്യ തവണ സമന്‍സ് അയച്ചിട്ടും ഹാജരാകാതിരുന്ന അജിത് മോഹന്‍ ഈമാസം 20നാണ് വീണ്ടും അയച്ചത്. 23ന് സഭാ സമിതി മുമ്പാകെ ഹാജരാകണമെന്നും ഇക്കാര്യത്തില്‍ വരുത്തുന്ന ഉപേക്ഷ സമിതിയുടെ ഭരണഘടനാപരമായ അവകാശ ലംഘനമായി കണക്കാക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഫേസ്ബുക്ക് മേധാവി ഹാജരാകാതിരിക്കുന്നത് ഡല്‍ഹി നിയമസഭയോട് മാത്രമല്ല, ഡല്ഹിക്കാരോടുള്ള അവഹേളനമാണെന്ന് രാഘവ് ഛദ്ദ ഓര്‍മിപ്പിച്ചിരുന്നു.
ഇത് പ്രകാരം 23ന് സഭാസമിതിക്ക് മുമ്പാകെ ഹാജരാകേണ്ടിയിരുന്ന അജിത് മോഹന്‍ അതില്‍നിന്ന് രക്ഷപ്പെടാന്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കേന്ദ്ര സര്‍ക്കാർ മുന്‍ അറ്റോണി ജനറല്‍ മുകുൾ രോഹതഗി ഫേസ്ബുക്കിന് വേണ്ടിയും മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വെ ഫേസ്ബുക്ക് ഇന്ത്യക്കുവേണ്ടിയും ഹാജരായി. ശിക്ഷ ഭീഷണിയോടെ നിര്‍ബന്ധപൂര്‍വം വ്യക്തിയെ നിയമസഭ സമിതിക്കുമുമ്പാകെ ഹാജരാകാന്‍ പറയുന്നത് മൗലികാവകാശ ലംഘനമാണെന്ന് സാല്‍വെ വാദിച്ചു.
ഇത്തരമൊരു അന്വേഷണത്തിനുള്ള അധികാരം ഡല്‍ഹി നിയമസഭ സമിതിക്കില്ലെന്നും സാല്‍വെ വാദിച്ചു. നിയമസഭ സമിതിയുടെ തുടര്‍ നടപടി മാറ്റിവെച്ചതായി ഡല്‍ഹി നിയമസഭ സമിതിക്കു വേണ്ടി ഹാജരായ കോണ്‍ഗ്രസ് നേതാവുകൂടിയായ മുതിര്‍ന്ന അഭിഭാഷകന് അഭിഷേക് മനു സിങ്വി ബോധിപ്പിച്ചത് സുപ്രീംകോടതി രേഖപ്പെടുത്തി. തുടര്‍ന്ന് ഹരജി പരിഗണിക്കാനായി ഒക്ടോബര്‍ 15ലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.