Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎല്ലാം പൊറുത്ത്...

എല്ലാം പൊറുത്ത് ഗ്ലാഡിസ് സ്റ്റെയിൻസ്; ചോരക്കൊതി പൂണ്ട് ധാരാസിങ്

text_fields
bookmark_border
എല്ലാം പൊറുത്ത് ഗ്ലാഡിസ് സ്റ്റെയിൻസ്; ചോരക്കൊതി പൂണ്ട് ധാരാസിങ്
cancel

ന്യൂഡൽഹി: ‘‘എന്റെ ഭർത്താവ് ഗ്രഹാമിന്റെയും രണ്ട് കുട്ടികളുടെയും മരണത്തിന് ഉത്തരവാദികളായ വ്യക്തികളെ ശിക്ഷിക്കണം എന്ന് എനിക്കാഗ്രഹമില്ല. ഞങ്ങൾ അവർക്ക് പൊറുത്തു​കൊടുക്കുന്നു. അവർ പശ്ചാത്തപിക്കുകയും നവീകരിക്കപ്പെടുകയും ചെയ്യണമെന്നാണ് എന്റെ ആഗ്രഹവും പ്രതീക്ഷയും’’- ഗ്ലാഡിസ് സ്റ്റെയിൻസ് കണ്ണീരടക്കി പറഞ്ഞ വാക്കുകളാണിത്. പ്രിയപ്പെട്ട ഭർത്താവിനെയും രണ്ട് മക്കളെയും ജീവനോടെ ചുട്ടുകൊന്നവരോട് എന്തുപറയാനുണ്ട് എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു, മാപ്പ​ുനൽകുന്നതായി ദുഃഖം കടിച്ചമർത്തി ഗ്ലാഡിസ് പറഞ്ഞത്.

ഒഡിഷയിലെ കിയോഞ്ജർ ജില്ലയിലെ മനോഹർപുരിൽ 1999 ജനുവരി 22നായിരുന്നു ആ ക്രൂരകൃത്യം. വാനിൽ ഉറങ്ങിക്കിടക്കവേ ഗ്ലാഡിസിന്റെ ഭർത്താവും ആസ്ട്രേലിയൻ മിഷനറിയുമായ ഗ്രഹാം സ്റ്റെയിൻസിനെയും മക്കളായ പത്തു വയസ്സായ ഫിലിപ്പ്, ആറു വയസ്സായ തിമോത്തി എന്നിവരെ തീവ്ര ഹിന്ദുത്വവാദികൾ വാനിലിട്ട് കത്തിച്ചു കൊല്ലുകയായിരുന്നു. ബജ്റങ്ദൾ പ്രവർത്തകനായ ധാരാസിങ്ങിന്റെ നേതൃത്വത്തിലാണ് അക്രമം അരങ്ങേറിയത്. രാജ്യത്തെ നടുക്കിയ ക്രൂരമായ കൂട്ടക്കൊലക്ക് ഇന്ന് 25 വയസ്സ് തികഞ്ഞു.


ബി.ജെ.പി അംഗമായ ധാരാ സിങ്, ബജ്‌റംഗ് ദൾ, വിശ്വഹിന്ദു പരിഷത്ത് എന്നിവയുടെ പ്രവർത്തകനുമായിരുന്നു. ഗോ സുരക്ഷാ സമിതിയുടെ സജീവ അംഗവുമായിരുന്ന ഇയാൾ കൊലപാതകങ്ങൾ അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു. 1998ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വേണ്ടി പ്രചാരണം നടത്തിയ ഇയാൾ ആർ.എസ്.എസ് റാലികളിലും ക്യാമ്പുകളിലും പങ്കെടുത്തിരുന്നു.

ഗ്രഹാം സ്റ്റെയിനെയും മക്കളെയും കൊല​പ്പെടുത്തിയ അതേവർഷം സെപ്തംബറിൽ മയൂർഭഞ്ച് ജില്ലയിലെ ജമാബാനിയിൽ അരുൾ ദാസ് എന്ന കത്തോലിക്കാ പുരോഹിതനെയും ധാരാസിങ്ങും സംഘവും ക്രൂരമായി കൊലപ്പെടുത്തി. ഈ കേസിൽ 2007 സെപ്റ്റംബറിൽ സിങ്ങിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 1999ൽതന്നെ നവംബർ 26ന് പടിയാബേഡ ഗ്രാമത്തിൽ വെച്ച് മുസ്‍ലിം വസ്ത്രവ്യാപാരിയായ ഷെയ്ഖ് റഹ്മാനെ ആക്രമിച്ച് കൊലപ്പെടുത്തി കൈകൾ വെട്ടിനീക്കി മൃതദേഹം കത്തിച്ച കേസിലും ധാരാസിങ്ങിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.


പശ്ചിമ ബംഗാളിലേക്ക് കന്നുകാലികളെ കൊണ്ടുപോകുന്ന ട്രക്കുകൾ തടഞ്ഞ് കാലിക്കച്ചവടക്കാരായ മുസ്ലിംകളെ ആക്രമിക്കുന്നതായിരുന്നു ധാരാ സിങ്ങിന്റെ പ്രധാന പ്രവർത്തനം. മൃഗങ്ങളെ തട്ടിയെടുത്ത് ട്രക്കുകൾക്ക് തീയിടുന്നതായിരുന്നു പതിവ്. 1998 സെപ്തംബറിൽ ഒരു കന്നുകാലി ട്രക്ക് കൊള്ളയടിച്ച് കത്തിച്ച ധാരാസിങ്ങും സംഘവും വാഹനത്തിലുണ്ടായിരുന്ന ഷെയ്ഖ് ഇമാമിനെ മർദിച്ചു കൊന്നു. ഈ കേസിൽ മതിയായ തെളിവുകളില്ലെന്ന പേരിൽ 2006 ഒക്ടോബറിൽ ഇയാളെ കുറ്റവിമുക്തനാക്കി.

സ്റ്റെയിൻസ് നിർബന്ധിത മതപരിവർത്തനം നടത്തിയെന്നാരോപിച്ചാണ് ഹിന്ദുത്വവാദികൾ കൃത്യം നടത്തിയത്. മനോഹർപുരിലെ ജംഗിൾ ക്യാമ്പിൽ പങ്കെടുത്ത ശേഷം ചർച്ചിനുമുന്നിൽ മക്കളുമായി വാനിനുള്ളിൽ ഉറങ്ങുകയായിരുന്നു. ആ​​േക്രാശിച്ചെത്തിയ അമ്പതോളം വരുന്ന ആൾക്കൂട്ടം ആയുധങ്ങൾ ഉപയോഗിച്ച് ജീപ്പിന്റെ ചില്ലുകൾ പൊട്ടിച്ചശേഷം തീയിടുകയായിരുന്നു. 23ന് പൊലീസ് മൃതദേഹം പുറത്തെടുക്കുമ്പോൾ അവർ പരസ്‌പരം ആലിംഗനംചെയ്ത നിലയിലായിരുന്നു.


ഒഡിഷയിലെ ആദിവാസികൾക്കിടയിൽ 35 വർഷമായി കുഷ്ഠരോഗികളെ സേവിച്ചുവരുകയായിരുന്നു ഗ്രഹാം സ്റ്റെയിൻ. വിചാരണക്കോടതി ധാരാ സിങ്ങിനെ വധശിക്ഷക്കു വിധിച്ചു. 2005ൽ ഹൈകോടതി ജീവപര്യന്തമാക്കി മാറ്റി. ഗ്രഹാം സ്റ്റെയിനിന്റെ ഭാര്യ ഗ്ലാഡിസ്, മകൾ എസ്തർ എന്നിവർ പിന്നീട് ആസ്ട്രേലിയയിലേക്കു മടങ്ങി. ‘ദ ലീസ്റ്റ് ഓഫ് ദീസ്: ദ ഗ്രഹാം സ്റ്റെയിൻസ് സ്റ്റോറി’ (The Least of These: the Graham Staines story) എന്ന​ പേരിൽ ഗ്രഹാം സ്റ്റെയിനിന്റെ ജീവിതവും ദാരാസിങ്ങിന്റെ ക്രൂരകൃത്യവും സിനിമയാക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:graham stainesgladys Stainesdara singh
News Summary - Roman Catholic priest Graham Staines murder case convicted dara singh
Next Story