പിണങ്ങിപ്പോയ ഭാര്യയെ പാട്ടുപാടി തിരിച്ചുപിടിച്ച് യുവാവ്
text_fieldsമുംബൈ: ഇനി ഭർത്താവിനൊപ്പം കഴിയാനാകില്ലെന്ന ശാഠ്യത്തിൽ യുവതി. അവളെ അനുനയിപ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ആവത് ശ്രമിച്ച് ഭർത്താവ്. ഭാര്യ ഒരു വിധത്തിലും അടുക്കുന്നില്ല. അതാ കേൾക്കുന്നു ഈണത്തിലുള്ള മൂളൽ. പിന്നെ ‘ദെഹ്ലീസ് പെ മെരെ ദിൽകി ...’ എല്ലാവരും കൗതുകത്തോടെ ഉറ്റുനോക്കെ അയാൾ പാടുകയാണ്. അവളുടെ കണ്ണുകൾ നിറയുന്നു. തല പതുക്കെ താണു. പാട്ട് അവസാന വരികളിലേക്ക് ‘ ന സീക്കാ കഭി ജീനാ ജീനാ കൈസെ ജീനാ, ന സീക്കാ ജീനാ തെരെ ബിനാ ഹംദം..’ അവൾ ഭർത്താവിെൻറ നെഞ്ചിലേക്ക്. ഇതൊരു സിനിമാ കഥയല്ല. നടന്ന ജീവിതകഥയാണ്. അങ്ങ് ഉത്തർ പ്രദേശിലെ ജാൻസിയിൽ.
ഭർത്താവുമായി പിണങ്ങി അമ്മാവെൻറ വീട്ടിലേക്ക് പോകുകയായിരുന്നു യുവതി. അവിടെ ചെന്ന് ഭാര്യയെ അനുനയിപ്പിക്കാൻ കഴിയുന്നതും ഭർത്താവ് ശ്രമിച്ചുനോക്കി. ഒടുവിൽ ഭർത്താവിന് എതിരെ പരാതിയുമായി പൊലിസിനെ സമീപിച്ചു. കേസെടുക്കും മുമ്പ് കൗൺസിലിങ്ങിനായി ഇരുവരെയും ജാൻസി പൊലിസ് സൂപ്രണ്ട് കാര്യാലയത്തിലെ ‘പരിവാർ പരാമർശ് കേന്ദ്ര’ യിലേക്ക് വിളിപ്പിക്കുകയായിരുന്നു. അവിടെവെച്ചും യുവതി വിട്ടുവീഴ്ചക്ക് തയ്യാറാകാത്തെ ഉറച്ചു നിന്നു. വഴിപിരിയുമെന്നായപ്പോഴാണ് ഭർത്താവ് പാട്ടിലൂടെ അവളെ തിരിച്ചുപിടിച്ചത്. കേസെടുക്കാനിരുന്ന പൊലിസും വനിതാ ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരും പിന്നെ മധുരം നൽകി ദമ്പതികളെ വീട്ടിലേക്ക് തിരിച്ചയച്ചു.
2015 ലെ ബോളിവുഡ് ഹിറ്റ് ഗാനമാണ് ‘ബദ്ലാപുർ’ എന്ന ചിത്രത്തിലെ ‘ദെഹ്ലീസ് പെ മെരെ ദിൽകി’ എന്നു തുടങ്ങുന്ന പ്രണയ ഗാനം. ‘നിന്നെ കൂടാതെ ജീവിക്കാൻ ഞാൻ പഠിച്ചില്ലെ’ന്ന വരികളിലാണ് ഗാനം അവസാനിക്കുന്നത്. ആ വരികൾ അകന്നു പോകുകയായിരുന്ന കുടുംബത്തെ വീണ്ടും ചേർത്തുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.