കർമങ്ങൾ ബന്ധുക്കൾ ചെയ്യട്ടെ; പിതാവിന്‍റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ റോണ വിൽസണെ അനുവദിക്കരുതെന്ന് എൻ.ഐ.എ
text_fieldsന്യൂഡൽഹി: പിതാവിന്‍റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട്, എൽഗാർ പരിഷദ് ജയിലിൽ കഴിയുന്ന മലയാളി സാമൂഹിക പ്രവർത്തകൻ റോണ വിൽസൺ സമർപ്പിച്ച ജാമ്യ ഹരജിയെ എതിർത്ത് എൻ.ഐ.എ. കഴിഞ്ഞമാസം മരണമടഞ്ഞ അച്ഛന്‍റെ അനുസ്മരണച്ചടങ്ങിൽ പങ്കെടുക്കുന്നതിന് കേരളത്തിലെ വീട്ടിൽ പോകുന്നതിന് മാനുഷിക പരിഗണന നൽകി ജാമ്യം അനുവദിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. എന്നാൽ, ജാമ്യം നൽകുന്നതിനെ എതിർത്ത എൻ.ഐ.എ, മരണാനന്തര കർമങ്ങൾ മറ്റേതെങ്കിലും കുടുംബാംഗങ്ങൾക്ക് ചെയ്യാവുന്നതാണെന്നും കോടതിയിൽ പറഞ്ഞു.
ഇക്കഴിഞ്ഞ ആഗസ്റ്റ് 18നാണ് റോണ വിൽസന്‍റെ പിതാവ് മരിച്ചത്. മരണത്തിന്‍റെ 30ാം ദിവസം വീട്ടിൽ നടത്തുന്ന ചടങ്ങിൽ പങ്കെടുക്കാൻ രണ്ടാഴ്ചത്തെ ജാമ്യം അനുവദിക്കണമെന്നായിരുന്നു ആവശ്യം. ഏറ്റവുമൊടുവിൽ അച്ഛനെ കണ്ടത് 2018 ഏപ്രിലിലാണെന്നും മരണാന്തരച്ചടങ്ങിൽ പങ്കെടുക്കാനും കുടുംബാംഗങ്ങളെ കാണാനും പറ്റിയാൽ വലിയ ആശ്വാസമാകുമെന്നും ഹർജിയിൽ പറയുന്നു.
എന്നാൽ, വിൽസന്‍റെ സഹോദരനോ മറ്റ് ബന്ധുക്കൾക്കോ മരണാനന്തര കർമങ്ങൾ ചെയ്യാമെന്നാണ് എൻ.ഐ.എ കോടതിയെ അറിയിച്ചത്. വിൽസണെ കൂടാതെ നടത്താൻ സാധിക്കാത്ത ചടങ്ങല്ല നടക്കുന്നതെന്നും എൻ.ഐ.എ പറഞ്ഞു. ആഗസ്റ്റ് 18ന് മരിച്ച പിതാവിന്‍റെ അന്ത്യകർമങ്ങൾ നേരത്തെ കഴിഞ്ഞതാണ്. പുറത്തുകടക്കാൻ മാത്രമാണ് ഇപ്പോൾ ഈ കാരണം പറയുന്നത്. ജാമ്യം നൽകിയാൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്താനോ തെളിവു നശിപ്പിക്കാനോ സ്വാധീനിക്കാനോ സാധ്യതയുണ്ടെന്നും എൻ.ഐ.എ വാദിച്ചു.
ജാമ്യഹരജിയിൽ പ്രത്യേക എൻ.ഐ.എ കോടതി ജഡ്ജി ദിനേഷ് ഇ. കോതാലികർ നാളെ വിധി പറയും.
എൽഗാർ പരിഷദ് കേസിൽ 2018 ഏപ്രിൽ 18നാണ് ഡൽഹിയിലെ വീട്ടിൽ വെച്ച് റോണ വിൽസൻ അറസ്റ്റിലായത്. ഭീമ കോറെഗാവ് യുദ്ധത്തിന്‍റെ ഇരുനൂറാം വാർഷികത്തിനുമുമ്പും ശേഷവുമുണ്ടായ സംഘർഷത്തിൽ പങ്കുണ്ടെന്നും മാവോവാദി സംഘടനകളുമായി ബന്ധമുണ്ടെന്നും ആരോപിച്ചായിരുന്നു അറസ്റ്റ്. ലാപ്ടോപ്പിൽ നിന്ന് ഇതുസംബന്ധിച്ച രേഖകൾ കണ്ടെത്തിയതായും അന്വേഷണ സംഘം അവകാശപ്പെട്ടിരുന്നു.
റോണയുടെയും അറസ്റ്റിലായ അഭിഭാഷകൻ സുരേന്ദ്ര ഗാഡ്ലിങ്ങിന്റെയും ലാപ്ടോപ്പുകളിൽനിന്ന് ലഭിച്ച 13 രേഖകളാണ് കേസിലെ പ്രധാന തെളിവ്. ഇതു പ്രകാരമാണ് വരവര റാവു, ഗൗതം നവലഖ, ആനന്ദ് തെൽതുംബ്ഡെ, സുധ ഭരദ്വാജ്, ഫാ. സ്റ്റാൻ സ്വാമി, മലയാളി ഡൽഹി സർവകലാശാല അധ്യാപകൻ ഹാനി ബാബു തുടങ്ങി 16 പേരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയത്ത്.
റോണ വിൽസന്‍റെ ലാപ്ടോപ്പിൽ ഇത്തരത്തിൽ പത്ത് രേഖകൾ സ്ഥാപിച്ചതായും അദ്ദേഹമറിയാതെ കേസിൽ പ്രതിചേർക്കപ്പെട്ട മറ്റുള്ളവരുടെ ലാപ്ടോപ്പുകളിലും വൈറസ് ആക്രമണമുണ്ടായതായും മസാച്യുസെറ്റ്സിലെ ഡിജിറ്റൽ ഫോറൻസിക് കമ്പനിയായ ആർസെനൽ കൺസൾടിങ് റിപ്പോർട്ട് ചെയ്തിരുന്നു. എൽഗാർ പരിഷദ് േകസിൽ പ്രധാന തെളിവായി അന്വേഷണ ഏജൻസികൾ അവകാശപ്പെട്ട ഇ-മെയിൽ രേഖകൾ വൈറസ് ആക്രമണത്തിലൂടെ സ്ഥാപിച്ചതാണെന്നാണ് ഇവർ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.