കശ്മീരില്ലാത്ത ഇന്ത്യ ഭൂപടം പോസ്റ്ററിൽ; കോൺഗ്രസിനെ വിമർശിച്ച് ബി.ജെ.പി.
text_fieldsബെലഗാവി: കർണാടകയിലെ ബെലഗാവിയിൽ നടന്ന ഐ.എൻ.സിയുടെ 1924 സമ്മേളനത്തിന്‍റെ ശതാബ്ദി ആഘോഷങ്ങളുടെ വേദിക്ക് സമീപം ഇന്ത്യയുടെ വികലമായ ഭൂപടം ചിത്രീകരിക്കുന്ന പോസ്റ്ററുകൾ പ്രദർശിപ്പിച്ച സംഭവത്തിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് ബി.ജെ.പി.
കർണാടക കോൺഗ്രസ് തങ്ങളുടെ പരിപാടിയിൽ വികലമായ ഭൂപടം പ്രദർശിപ്പിച്ച് കശ്മീരിനെ പാക്കിസ്താന്‍റെ ഭാഗമായി ചിത്രീകരിച്ച് ഇന്ത്യയുടെ പരമാധികാരത്തോട് തികഞ്ഞ അനാദരവ് കാണിക്കുകയാണ്. ഇതെല്ലാം വോട്ട് ബാങ്കിനെ തൃപ്തിപ്പെടുത്താൻ വേണ്ടി മാത്രമാണെന്ന് ബി.ജെ.പി ആരോപിച്ചു.
അതേസമയം, ആരോപണങ്ങൾ നിഷേധിച്ച് പോസ്റ്ററുകളുടെ ഉത്തരവാദിത്വത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ് കോൺഗ്രസ്. ഇവ പാർട്ടിയുടെ ഔദ്യോഗിക പോസ്റ്ററുകളല്ലെന്നും ചില പ്രാദേശിക പ്രവർത്തകർ അച്ചടിച്ചതാണെന്നും കർണാടക കോൺഗ്രസ് നേതാവ് ബി.വി. ശ്രീനിവാസ് പറഞ്ഞു. പോസ്റ്ററുകൾ രൂപകൽപന ചെയ്യുമ്പോൾ അവർക്ക് പിഴവ് സംഭവിച്ചിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
1924-ൽ സ്വാതന്ത്ര്യസമരത്തിന് തുടക്കം കുറിക്കാൻ ബെലഗാവിയിൽ നടന്ന മഹാത്മാ ഗാന്ധി അധ്യക്ഷനായ സമ്മേളനത്തിന്‍റെ നൂറാം വാർഷികമാണ് കോൺഗ്രസ് പാർട്ടി ആഘോഷിക്കുന്നത്. ഡിസംബർ 26, 27 തീയതികളിൽ വലിയ ആഘോഷങ്ങൾക്കായാണ് പാർട്ടി ഒരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.