ആം ആദ്മി പാർട്ടിയുടെ പദ്ധതികളിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ
text_fieldsന്യൂഡൽഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്മി പാർട്ടിയുടെ പദ്ധതികളെ കുറിച്ചുള്ള ആരോപണങ്ങളിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ വി.കെ സക്‌സേന. കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് ഉന്നയിച്ച പരാതിയെ തുടർന്നാണ് ഡൽഹി ചീഫ് സെക്രട്ടറിക്കും പൊലീസ് കമ്മീഷണർക്കും നിർദേശം നൽകിയത്.
ആം ആദ്മി പാർട്ടിയുടെ മഹിളാ സമ്മാൻ യോജനയുടെ മറവിൽ വ്യക്തി വിവരങ്ങൾ ശേഖരിച്ച് തട്ടിപ്പ് നടത്തുന്നു, കോൺഗ്രസ് സ്ഥാനാർഥികളുടെ വസതികൾക്ക് സമീപം പഞ്ചാബ് ഇൻ്റലിജൻസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം, തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ പഞ്ചാബിൽ നിന്ന് ഡൽഹിയിലേക്ക് പണം കൊണ്ടുവന്നു തുടങ്ങിയ ആരോപണങ്ങൾ അന്വേഷിക്കാനാണ് ലെഫ്റ്റനൻ്റ് ഗവർണറുടെ നിർദേശം.
അതേസമയം പാർട്ടിക്കെതിരെ ഉയരുന്ന ആരോപണങ്ങളെല്ലാം വ്യാജമാണെന്ന് ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചു. എന്താണ് അന്വേഷിക്കാൻ പോകുന്നതെന്ന് കെജ്രിവാൾ ചോദിച്ചു. തെരഞ്ഞെടുപ്പിൽ മത്സരിച്ച് ബി.ജെ.പി എന്തു ചെയ്യുമെന്ന് ഞങ്ങൾ ആവർത്തിച്ച് ചോദിച്ചിരുന്നു. ബി.ജെ.പി ജയിച്ചാൽ മഹിളാ സമ്മാൻ യോജന, സഞ്ജീവനി യോജന, സൗജന്യ വൈദ്യുതി, സൗജന്യ വിദ്യാഭ്യാസം എന്നിവ നിർത്തലാക്കുമെന്ന് മനസിലായെന്നും കെജ്രിവാൾ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ സ്ത്രീകൾക്ക് 2,100 രൂപയും 60 വയസിന് മുകളിലുള്ള വയോജനങ്ങൾക്ക് സൗജന്യ ചികിത്സയും നൽകുമെന്ന് ഞങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഈ രണ്ട് പദ്ധതികളും പൊതുജനങ്ങൾക്ക് വളരെ പ്രയോജനകരമാണ്. ലക്ഷക്കണക്കിന് ആളുകൾ ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതോടെ ബി.ജെ.പി പരിഭ്രാന്തരായി. കെട്ടിവെച്ച കാശ് പോലും പലയിടത്തും നഷ്‌ടപ്പെടുമെന്ന് ബി.ജെ.പി പേടിക്കുന്നുണ്ട്. അവർ ആദ്യം ഗുണ്ടകളെ അയച്ചു. പിന്നെ പൊലീസിനെ അയച്ചു. ഇപ്പോൾ തട്ടിപ്പെന്ന വ്യാജേന അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണെന്നും കെജ്‌രിവാൾ പറഞ്ഞു.
മഹിളാ സമ്മാൻ യോജനയ്ക്കും സഞ്ജീവനി യോജനയ്ക്കും സർക്കാർ അംഗീകാരമില്ലെന്നും അവ നിലവിലില്ലെന്നും കാണിച്ച് കേന്ദ്ര സർക്കാരിൻ്റെ വനിതാ ശിശു വികസന, ആരോഗ്യ വകുപ്പുകൾ നേരത്തെ പരസ്യമായി നോട്ടീസ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.