അസമിൽ പ്ലസ് ടു സിലബസിൽ നിന്ന് 'നെഹ്‌റു പുറത്ത്'; പ്രതിഷേധവുമായി കോൺഗ്രസ്
text_fieldsദിസ്പൂർ: അസമിൽ പ്ലസ് ടു സിലബസിൽ നിന്ന് ജവഹർലാൽ നെഹ്റുവിൻെറ നയങ്ങൾ, അയോധ്യ തർക്കം, ഗുജറാത്ത് കലാപം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഭാഗങ്ങൾ ഒഴിവാക്കിയതിൽ പ്രതിഷേധം.
അസം ഹയർസെക്കൻഡറി എഡ്യുക്കേഷൻ കൗൺസിലാണ്(എ.എച്ച്.എസ്.ഇ.സി) പാഠഭാഗങ്ങൾ ഒഴിവാക്കിയത്. കോവിഡ് മൂലം വിദ്യാർഥികൾക്ക് പഠന സമയം നഷ്ടമായതിനാൽ പഠനഭാരം കുറക്കുന്നതിന് വേണ്ടിയാണ് നടപടിയെന്നാണ് വിശദീകരണം.
ജവഹർലാൽ നെഹ്റുവിൻെറ നയങ്ങളും സംഭാവനകളും വിവരിക്കുന്ന പാഠഭാഗം സിലബസിൽ തിരികെ ഉൾപ്പെടുത്താൻ എ.എച്ച്.എസ്.ഇ.സിക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ദേബബ്രത സായ്കിയ മുഖ്യമന്ത്രി സർബാനന്ദ സോനോവാളിന് കത്ത് നൽകി. വിദ്യാർഥികളുടെ പഠനഭാരം കുറക്കാനുള്ള ഏത് തരത്തിലുള്ള ചുവടുെവപ്പും സ്വാഗതാർഹമാണ്. എന്നാൽ ഒഴിവാക്കിയ പാഠഭാഗങ്ങളുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് സായ്കിയ അഭിപ്രായപ്പെട്ടു.
ജവഹർലാൽ നെഹ്റുവിൻെറ വിദേശ നയങ്ങളും മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മുന്നോട്ട് വെച്ച 'ഗരീബി ഹഠാവോ' പ്രചാരണവും സിലബസിൽ നിന്ന് ഒഴിവാക്കിയത് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.
ശാസ്ത്ര സാങ്കേതികവിദ്യയിലൂടെ രാജ്യത്തിൻെറ വ്യാവസായികവൽക്കരണത്തിന് ഊന്നൽ നൽകിയാണ് നെഹ്‌റു ആധുനിക ഇന്ത്യയുടെ അടിത്തറ പാകിയതെന്ന് ഏതൊരു നിഷ്പക്ഷ വ്യക്തിയും സമ്മതിക്കും.
ശീതയുദ്ധക്കാലത്ത് ചേരിചേരാ നയത്തിലൂടെ നെഹ്‌റു ലോകത്തിൻെറ ബഹുമാനം പിടിച്ചു പറ്റിയിരുന്നു. രാഷ്ട്രത്തെ പടുത്തുയർത്തുന്നതിനും ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും ജവഹർലാൽ നെഹ്‌റു സമാനതകളില്ലാത്ത സംഭാവനയാണ് നൽകിയതെന്ന് രാഷ്ട്രീയ എതിരാളികളായ അടൽ ബിഹാരി വാജ്പേയി, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് തുടങ്ങിയവർ പോലും പരസ്യമായി സമ്മതിച്ചതാണെന്നും സായ്കിയ കത്തിൽ വ്യക്തമാക്കി.
നെഹ്റുവിൻെറ പ്രതിച്ഛായ തകർക്കാനും അദ്ദേഹത്തിൻെറ സംഭാവനകളെ നിഷേധിക്കുവാനുമുള്ള പ്രചാരണങ്ങൾ ചില കേന്ദ്രങ്ങളിൽ നിന്ന് ഉയരുന്നത് എല്ലാവരും ശ്രദ്ധിച്ചിട്ടുള്ളതാണ്. നെഹ്റുവിനെ കുറിച്ചുള്ള പാഠഭാഗം കരിക്കുലത്തിൽ നിന്ന് നീക്കം ചെയ്യാനുള്ള എ.എച്ച്.എസ്.ഇ.സിയുടെ തീരുമാനത്തിന് പിന്നിൽ ഈ കേന്ദ്രങ്ങളാണെന്ന് സംശയിക്കുന്നതിന് കാരണമുണ്ടെന്നും അദ്ദേഹം കത്തിൽ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.