പുൽവാമയിലെ മസ്ജിദിൽ കയറി നിർബന്ധിച്ച് ജയ് ശ്രീറാം വിളിപ്പിച്ച സംഭവം: സുരക്ഷ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു
text_fieldsശ്രീനഗർ: പുൽവാമയിലെ മസ്ജിദിൽ കയറി മുസ്‍ലിംകളെ നിർബന്ധിച്ച് ജയ് ശ്രീറാം, ഭാരത് മാതാ കി ജയ് മുദ്രാവാക്യങ്ങൾ വിളിപ്പിച്ച സംഭവത്തിൽ ജമ്മു-കശ്മീരിലെ സുരക്ഷ ഓഫിസറെ പിരിച്ചുവിട്ടു. പുൽവാമയിലെ സദൂറ ഗ്രാമത്തിലാണ് സംഭവം. തുടർന്ന് ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രിമാരായ ഗുലാം നബി ആസാദും ഉമർ അബ്ദുല്ലയും മെഹബൂബ മുഫ്തിയും വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംഭവത്തിൽ സൈന്യമോ ജമ്മുകശ്മീർ പൊലീസോ ഔദ്യോഗിക പ്രസ്താവനയിറക്കിയിരുന്നില്ല.
മുതിർന്ന സൈനിക ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഉത്തരവാദികൾക്കെതിരെ നടപടി എടുക്കുമെന്ന് ഗ്രാമവാസികൾക്ക് ഉറപ്പുനൽകി. ജയ് ശ്രീറാം മുദ്രാവാക്യം വിളിക്കാൻ മടിച്ചവരെ സൈനികർ മർദിച്ചതായും ചില ഗ്രാമവാസികൾ ആരോപിച്ചിരുന്നു. ശനിയാഴ്ച പ്രഭാത നമസ്കാരത്തിനായി പള്ളിയിൽ ബങ്ക് വിളിച്ച ഉടനെയായിരുന്നു സംഭവം. സൈനികർ മുക്രിയെ കൊണ്ട് ബാങ്ക്‍ വിളി പകുതി വെച്ച് നിർത്തിച്ചു. പള്ളിയിലെത്തിയ ഗ്രാമീണരോട് മുദ്രാവാക്യം വിളിക്കാൻ നിർബന്ധിക്കുകയായിരുന്നു. മുതിർന്ന സൈനിക ഓഫിസറാണ് ഇതിന് നേതൃത്വം നൽകിയത്. ആ ഓഫിസറെയാണ് സർവീസിൽ നിന്ന് നീക്കം ചെയ്തത്.
മെഹബൂബ മുഫ്തിയാണ് ഇതിനെതിരെ ആദ്യം പ്രതികരിച്ചത്. ഇന്ത്യൻ ആർമിയുടെ 50 രാഷ്ട്രീയ റൈഫിൾസിലെ ഉദ്യോഗസ്ഥർ പുൽവാമയിലെ ഒരു പള്ളിക്കുള്ളിൽ അതിക്രമിച്ചു കയറി മുസ്‍ലിംകളോട് ജയ് ശ്രീറാം എന്ന് വിളിക്കാൻ നിർബന്ധിച്ചുവെന്നും ഇതറിഞ്ഞ് താൻ ഞെട്ടിപ്പോയെന്നും മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തു. കശ്മീർ താഴ്‌വരയിൽ കഴിഞ്ഞ മൂന്ന് ദശാബ്ദക്കാലത്തെ കലാപ വിരുദ്ധ ചുമതലകളിൽ നിയമിക്കപ്പെട്ട സൈന്യം ഒരിക്കലും ഇത്തരം ആരോപണങ്ങൾ നേരിട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.