ട്രാവൻകൂർ ഹൗസ് വിൽപനക്കുവെച്ച് രാജകുടുംബം
text_fieldsന്യൂഡല്‍ഹി: കേരള സർക്കാറിന്റെ കൈവശമുള്ള ഡല്‍ഹിയിലെ ട്രാവന്‍കൂര്‍ ഹൗസ് വില്ക്കാന് തിരുവിതാംകൂര്‍ രാജകുടുംബം ചെന്നൈ ആസ്ഥാനമായുള്ള സഹന റിയല്‍ എസ്റ്റേറ്റ് കമ്പനിയുമായി കരാറൊപ്പിട്ടു. രാജകുടുംബത്തിന്റെ ബംഗളൂരുവിലുള്ള വസ്തുവുംകൂടി ചേര്‍ത്ത് 250 കോടി രൂപക്ക് വിൽക്കാനാണ് കരാർ. ഒക്ടോബർ 21ന് ബംഗളൂരുവിൽവെച്ചാണ് കരാറിൽ ഒപ്പിട്ടത്. സംസ്ഥാന സര്‍ക്കാര്‍ സാംസ്കാരിക കേന്ദ്രമാക്കാന്‍ പദ്ധതിയിട്ട സ്ഥലമാണ് സർക്കാറിന്റെ അനുമതിയില്ലാതെ വിൽക്കാൻ ശ്രമിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അനുമതി വാങ്ങുന്ന മുറക്ക് ഇടപാട് നടക്കുമെന്നാണ് കരാറിൽ പറയുന്നത്.
ഡൽഹിയുടെ ഹൃദയഭാഗത്ത് ബ്രിട്ടീഷ് കാലത്ത് നിർമിച്ച ട്രാവന്‍കൂര്‍ ഹൗസും അതിനോടു ചേര്‍ന്നുള്ള എട്ട് ഏക്കർ ഭൂമിയുമാണ് രാജകുടുംബം വില്ക്കാന് ശ്രമിക്കുന്നത്. ട്രാവൻകൂർ ഹൗസിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് 2019ല്‍ തിരുവിതാംകൂര്‍ രാജകുടുംബം അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും സംസ്ഥാന സര്‍ക്കാർ അനുവദിച്ചുനൽകിയിരുന്നില്ല. തര്‍ക്കം നിലനിൽക്കുന്നതിനിടെയാണ് രാജകുടുംബം റിയല്‍ എസ്റ്റേറ്റ് കമ്പനിയുമായി വിൽപനക്ക് കരാറുണ്ടാക്കിയത്.
1930ൽ നിർമിച്ച ട്രാവന്‍കൂര്‍ ഹൗസ് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ടെറിട്ടോറിയല്‍ ആര്‍മിക്ക് ഉപയോഗിക്കാന്‍ വേണ്ടി കേന്ദ്ര സര്‍ക്കാറിന് കൈമാറി. പിന്നീട് കേന്ദ്രസര്‍ക്കാര്‍ ഈ ആസ്തി സംസ്ഥാന സര്‍ക്കാറിന് നൽകുകയായിരുന്നു.
ഇവിടെ പുനരുദ്ധാരണപ്രവര്ത്തനങ്ങളടക്കം സംസ്ഥാന സര്‍ക്കാറാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഈ വര്‍ഷാവസാനത്തോടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നടത്താനിരിക്കെയാണ് വിൽപനക്കുള്ള വിവരം പുറത്തുവന്നത്.
വാർത്തകൾ പുറത്തുവന്നതിനു പിന്നാലെ, ട്രാവന്‍കൂര്‍ ഹൗസ് പൂര്‍ണമായി സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും ഇത് കൈമാറ്റം ചെയ്യാൻ തീരുമാനിച്ചിട്ടില്ലെന്നും അതിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും വ്യക്തമാക്കി സംസ്ഥാന സർക്കാർ വാർത്തക്കുറിപ്പ് ഇറക്കി. ട്രാവന്‍കൂര്‍ ഹൗസിന്റെ തനിമ നിലനിര്‍ത്തി കേരളീയ സാംസ്കാരിക കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചു വരുകയാണെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.