ധാതു സമ്പന്ന സംസ്ഥാനങ്ങൾക്ക് വൻ നേട്ടമായി സുപ്രീംകോടതി വിധി; ഖനനത്തിൽ 2005 മുതലുള്ള റോയൽറ്റി വാങ്ങാം
text_fieldsന്യൂഡൽഹി: ധാതു സമ്പന്ന സംസ്ഥാനങ്ങൾക്ക് വൻ നേട്ടമായി സുപ്രീംകോടതിയുടെ ധാതുവിന്മേലുള്ള റോയൽറ്റി, നികുതി കുടിശ്ശിക സംബന്ധിച്ച വിധി. കേന്ദ്രത്തിൽനിന്നും ഖനനം നടത്തുന്ന കമ്പനികളിൽനിന്നും 2005 ഏപ്രിൽ ഒന്നുമുതൽ 12 വർഷത്തേക്ക് ഈ ഇനത്തിലുള്ള റോയൽറ്റിയും നികുതി കുടിശ്ശികയും വാങ്ങാമെന്ന് സുപ്രീം കോടതി വിധിച്ചു. നേരത്തേ, ജൂലൈ 25ന്റെ ഭൂരിപക്ഷ വിധിയിൽ ധാതുക്കളുടെ റോയൽറ്റി അവകാശം സംസ്ഥാനങ്ങൾക്കാണെന്നും പാർലമെന്റിനല്ലെന്നും പരമോന്നത കോടതി വ്യക്തമാക്കിയിരുന്നു.
ഇതിന്റെ തുടർച്ചയായാണ് ബുധനാഴ്ച ഒമ്പതംഗ ഭരണഘടന ബെഞ്ചിനുവേണ്ടി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഇതുസംബന്ധിച്ച കേന്ദ്രത്തിന്റെയും ഖനന കമ്പനികളുടെയും എതിർവാദങ്ങൾ തള്ളി വിധി പറഞ്ഞത്. 1989 മുതലുള്ള റോയൽറ്റി തിരികെ ലഭിക്കണമെന്നായിരുന്നു സംസ്ഥാനങ്ങളുടെ ആവശ്യം. ഈ വാദം കേന്ദ്രവും കമ്പനികളും ജൂലൈ 31ന്റെ വാദത്തിൽ എതിർത്തിരുന്നു.
ഇത്രയും മുൻകാല പ്രാബല്യം നൽകിയാൽ പൊതുമേഖല സ്ഥാപനങ്ങൾക്ക് 70,000 കോടിയെങ്കിലും നഷ്ടമുണ്ടാകുമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. തങ്ങൾക്ക് 3,000 കോടി നഷ്ടമുണ്ടാകുമെന്ന് സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയും അറിയിച്ചു. ഇക്കാര്യം കൂടി പരിഗണിച്ചാണ് കോടതി മുൻകാല പ്രാബല്യം മാറ്റി നിശ്ചയിച്ചത്. റോയൽറ്റി 2026 ഏപ്രിൽ ഒന്നുമുതൽ 12 വർഷം കൊണ്ട് സംസ്ഥാനങ്ങൾക്ക് കൊടുത്തുതീർത്താൽ മതിയാകും. ജൂലൈ 25ന് വ്യതിരിക്ത അഭിപ്രായം രേഖപ്പെടുത്തിയ ജസ്റ്റിസ് നാഗരത്ന ഒഴികെയുള്ള എട്ടുപേരാണ് വിധിയിൽ ഒപ്പിട്ടതെന്ന് ജ. ചന്ദ്രചൂഡ് ബുധനാഴ്ച പറഞ്ഞു.
കേന്ദ്രസർക്കാറിന് തിരിച്ചടിയായ കഴിഞ്ഞ മാസത്തെ വിധിയിൽ, ധാതുസമ്പത്തിനുമേൽ സംസ്ഥാനങ്ങൾക്ക് നികുതി ചുമത്താമെന്ന് സുപ്രീംകോടതി വ്യക്തമാക്കുകയായിരുന്നു. ധാതുക്കളുടെയും ധാതുസമ്പുഷ്ട ഭൂമിയുടെയും മേൽ ഈടാക്കുന്ന റോയൽറ്റി നികുതിയായി കണക്കാക്കാനാവില്ലെന്നും ഒമ്പതംഗ ഭരണഘടന ബെഞ്ച് ഭൂരിപക്ഷ വിധിയിൽ വ്യക്തമാക്കിയിരുന്നു. നികുതി ചുമത്താനുള്ള അധികാരം തങ്ങൾക്ക് മാത്രമാണെന്ന കേന്ദ്രസർക്കാറിന്റെ വാദം തള്ളിയായിരുന്നു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിലെ എട്ടുപേരും സംസ്ഥാനങ്ങൾക്കനുകൂലമായി ഭൂരിപക്ഷ വിധി എഴുതിയത്. ധാതു സമ്പുഷ്ട സംസ്ഥാനങ്ങളായ ഝാർഖണ്ഡ്, ഒഡിഷ, പശ്ചിമ ബംഗാൾ, ഛത്തിസ്ഗഢ് തുടങ്ങിയവക്ക് കൂടുതൽ വരുമാനത്തിന് വഴിയൊരുക്കുന്നതാണ് വിധി.
ഖനന, ധാതു നിയന്ത്രണ നിയമം (എം.എം.ഡി.ആർ.എ) പ്രകാരം റോയൽറ്റി നികുതിയാണോ, ഖനനത്തിനുമേൽ നികുതി ചുമത്താൻ കേന്ദ്രത്തിന് മാത്രമാണോ അവകാശം, തങ്ങളുടെ അധികാര പരിധിയിലെ ഭൂമിയിലുള്ള ഖനനത്തിന് നികുതി ചുമത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടോ എന്നീ കാര്യങ്ങളാണ് സുപ്രീംകോടതി പരിശോധിച്ചത്. തുടർന്ന്, ഭരണഘടനയിലെ സംസ്ഥാന പട്ടികയിൽ 50ാമത് വരുന്ന ഖനനാവകാശത്തിനുമേൽ നികുതി ചുമത്താൻ പാർലമെന്റിന് അധികാരമില്ലെന്ന് സുപ്രീംകോടതി വിധിച്ചു.
ഇന്ത്യ സിമന്റുമായി ബന്ധപ്പെട്ട കേസിൽ റോയൽറ്റി നികുതിയാണെന്ന 1989ലെ ഏഴംഗ ഭരണഘടന ബെഞ്ചിന്റെ വിധി തെറ്റാണെന്നും അതിനാൽ, അസാധുവാക്കുകയാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.