തൊഴിൽമേളയുടെ പുതിയ പതിപ്പുമായി മോദി
text_fieldsന്യൂഡൽഹി: തൊഴിൽ മേളയുടെ പുതിയ പതിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിലെയും വിദ്യാലയങ്ങളിലെയും വിവിധ തസ്തികകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 70,000ത്തോളം ഉദ്യോഗാർഥികൾക്ക് നിയമന കത്ത് കൈമാറുന്നത് പ്രത്യേക ചടങ്ങാക്കി 43 കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു നടത്തിയ വിഡിയോ കോൺഫറൻസിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. അതേസമയം, സർക്കാർതൊഴിൽ മോദിയുടെ കാരുണ്യമല്ലെന്ന് ചൂണ്ടിക്കാട്ടി തൊഴിൽ മേളയെ കോൺഗ്രസ് പരിഹസിച്ചു.
വിവിധ തസ്തികകളിലേക്ക് പരീക്ഷയും അഭിമുഖവും കഴിഞ്ഞ് റിക്രൂട്ട് ചെയ്യുന്നവർ തപാലിൽ ലഭിക്കുന്ന നിയമന കത്തിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട ഓഫിസിലെത്തി ജോലിയിൽ പ്രവേശിക്കുന്നതായിരുന്നു പതിവു രീതി. പ്രത്യേക ദിവസം നിശ്ചയിച്ച് പ്രധാനമന്ത്രി നിയമനം ലഭിച്ചവരെ അഭിസംബോധന ചെയ്യുന്നതും നിയമന കത്ത് കൈമാറുന്നതും കഴിഞ്ഞ വർഷം മുതൽ പുതിയ രീതിയായി. ഇത്തരം തൊഴിൽ മേളയിലൂടെ 4.3 ലക്ഷം പേർക്കാണ് ഇതുവരെ നിയമന കത്ത് കൈമാറിയത്.
ഒമ്പതു വർഷമായി തൊഴിലവസരങ്ങൾ നൽകാതെ യുവാക്കളെ തൊഴിലില്ലാപ്പടയാക്കി മാറ്റിയവർ കൊണ്ടുവന്ന പുതിയ രീതി പരിഹാസ്യമാണെന്ന് കോൺഗ്രസ് വക്താവ് ജയ്റാം രമേശ് കുറ്റപ്പെടുത്തി. വാർത്തയുടെ തലക്കെട്ട് സമ്പാദിക്കാനുള്ള പൊടിക്കൈ മാത്രമാണിത്. നൽകുന്നത് പുതിയ തൊഴിലല്ല. വിവിധ സ്ഥാപനങ്ങളിൽ അനുവദിച്ച തസ്തികകളിലെ ഒഴിവു നികത്തുന്ന നിയമന പ്രക്രിയ തൊഴിൽ മേളയല്ല, സാധാരണ നടപടി ക്രമം മാത്രമാണ്.
ഭരണത്തെ വ്യക്തി കേന്ദ്രീകൃതമാക്കിയവർ, തങ്ങളുടെ കാരുണ്യം കൊണ്ടാണ് ഈ ജോലി നൽകുന്നതെന്ന മട്ടിൽ തൊഴിൽമേള നടത്തുകയാണ്. സർക്കാർ തൊഴിൽ മോദിയുടെ കാരുണ്യമല്ലെന്നും ജയ്റാം രമേശ് പറഞ്ഞു. എന്നാൽ, മുമ്പത്തെക്കാൾ വേഗത്തിൽ, സുതാര്യമായി, അഴിമതിയും സ്വജനപക്ഷപാതവുമില്ലാതെ ഇന്ന് നിയമനം നടക്കുന്നുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തൊഴിൽ മേളയിൽ പറഞ്ഞത്. ഒന്ന്-ഒന്നര വർഷം കൊണ്ട് നടത്തിപ്പോന്ന നിയമന നടപടികൾ ഇപ്പോൾ വേഗത്തിലായി. കൂടുതൽ സുസ്ഥിര ഇടമെന്ന നിലയിൽ ഇന്ന് ഇന്ത്യയെ പുറംലോകം കാണുന്നു.
കോവിഡ്, യുക്രെയ്ൻ സംഘർഷം തുടങ്ങിയവ സൃഷ്ടിച്ച വെല്ലുവിളികൾക്കിടയിലും പുതിയ ഉയരങ്ങളിലേക്ക് മുന്നേറാൻ ഇന്ത്യക്ക് കഴിഞ്ഞു. തൊഴിലിനും ശാക്തീകരണത്തിനുമുള്ള ഉപാധിയായി ഭാഷയെ സർക്കാർ കാണുമ്പോൾ, വിഭാഗീയ-സംഘർഷങ്ങൾക്ക് പ്രതിപക്ഷം ഭാഷ ആയുധമാക്കുന്നുവെന്ന് മോദി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.