സനാതനധർമ പരാമർശം: ഉദയനിധി സ്റ്റാലിനെ തല്ലുന്നവർക്ക് 10 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് സംഘടന
text_fieldsചെന്നൈ: സനാതനധർമം സംബന്ധിച്ച പരാമർശത്തിലൂടെ വിവാദത്തിലായ തമിഴ്നാട് മന്ത്രിയും ഡി.എം.കെ യുവനേതാവുമായ ഉദയനിധി സ്റ്റാലിനെ തല്ലുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് സംഘടന. ജന ജാഗരണ സമിതിയെന്ന സംഘടനയാണ് ഡി.എം.കെ നേതാവിനെ തല്ലുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചത്. ഇതുസംബന്ധിച്ച് പോസ്റ്ററും പതിച്ചിട്ടുണ്ട്.
ആന്ധ്രപ്രദേശിലെ വിജയവാഡയിലാണ് ഉദയനിധി സ്റ്റാലിനെതിരെ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. നേരത്തെ ഉദയനിധി സ്റ്റാലിന്റെ തലവെട്ടുന്നവർക്ക് 10 കോടി രൂപ പാരിതോഷികം നൽകുമെന്ന് യു.പിയിൽ നിന്നുള്ള സന്യാസിയും സംഘ്പരിവാർ അനുയായിയുമായ രാമചന്ദ്ര ദാസ് പരമഹംസ അറിയിച്ചിരുന്നു.
സെപ്റ്റംബർ രണ്ടിന് തമിഴ്നാട് പ്രോഗ്രസിവ് റൈറ്റേഴ്സ് ഫോറം സംഘടിപ്പിച്ച പരിപാടിയിൽ ഉദയനിധി സ്റ്റാലിൻ നടത്തിയ പ്രസംഗമാണ് വിവാദമായത്. ചില കാര്യങ്ങൾ എതിർക്കാനാവില്ലെന്നും അവയെ ഉന്മൂലനം ചെയ്യണമെന്നും സനാതന ധർമത്തേയും അതുപോലെ ഉന്മൂലനം ചെയ്യുകയാണ് വേണ്ടതെന്നുമായിരുന്നു ഉദയനിധി സ്റ്റാലിന്‍റെ പ്രസംഗം.
സനാതന ധർമം സാമൂഹ്യനീതിക്കും സമത്വത്തിനും എതിരാണെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെതിരെ ബി.ജെ.പിയും മറ്റ് സംഘ്പരിവാർ കക്ഷികളും വ്യാപക പ്രതിഷേധമുയർത്തുകയാണ്. പരാമർശത്തിൽ ഉദയനിധിക്കെതിരെ യു.പി പൊലീസ് കേസെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.