‘വനിതകൾക്ക് മാസം 1500 രൂപ, 500 രൂപക്ക് ഗ്യാസ്, നൂറു യൂനിറ്റ് സൗജന്യ വൈദ്യുതി’; വാഗ്ദാന പെരുമഴയുമായി പ്രിയങ്ക
text_fieldsജബൽപുർ: ഈ വർഷം അവസാനം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിൽ വാഗ്ദാനങ്ങളുടെ പെരുമഴയുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ വനിതകൾക്ക് മാസംതോറും 1500 രൂപ അനുവദിക്കുമെന്ന് പ്രിയങ്ക പ്രഖ്യാപിച്ചു. 500 രൂപക്ക് പാചക വാതക സിലിണ്ടറുകൾ നൽകുമെന്നും നൂറു യൂനിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുമെന്നും പ്രിയങ്ക വാഗ്ദാനം ചെയ്തു. പഴയ പെൻഷൻ പദ്ധതി പുനരാരംഭിക്കുമെന്നും കാർഷിക വായ്പകൾ എഴുതിത്തള്ളുമെന്നും പ്രിയങ്ക വ്യക്തമാക്കി.
ജബൽപുരിൽ നടന്ന റാലിയിൽ ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാറിനെതിരെ പ്രിയങ്ക ഗാന്ധി ആഞ്ഞടിച്ചു. ബി.ജെ.പി സർക്കാർ അഴിമതിയിൽ മുങ്ങിയെന്നും തൊഴിൽ നൽകുന്നതിൽ പരാജയപ്പെട്ടെന്നും പ്രിയങ്ക ആരോപിച്ചു. സംസ്ഥാനത്ത് എല്ലാ മാസം ഒരു അഴിമതി നടക്കുകയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
മൂന്നു വർഷത്തിനിടെ 21 സർക്കാർ ജോലികൾ മാത്രമാണ് ബി.ജെ.പി സംസ്ഥാനത്ത് നൽകിയത്. മധ്യപ്രദേശ് ഭരിച്ച ബി.ജെ.പി സർക്കാറുകൾ 225 വലിയ കുംഭകോണങ്ങൾ നടത്തി. വ്യാപം, റേഷൻ വിതരണം, ഖനനം, ഇ-ടെൻഡർ, കോവിഡ് പ്രതിരോധം തുടങ്ങിയ മേഖലകളിൽ അഴിമതി നടന്നുവെന്നും പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി.
ഉജ്ജയിനിയിലെ മഹാകാൽ ലോക് ഇടനാഴിയിലെ ആറ് പ്രതിമകൾ തകർന്നതും പ്രിയങ്ക ചൂണ്ടിക്കാട്ടി. ദൈവങ്ങളെപ്പോലും ചൗഹാൻ സർക്കാർ വെറുതെ വിട്ടില്ലെന്ന് പ്രിയങ്ക കളിയാക്കി. അധികാരത്തിനുവേണ്ടി ചില നേതാക്കൾ കോൺഗ്രസിന്റെ ആശയം ഉപേക്ഷിച്ചതായി ജ്യോതിരാദിത്യ സിന്ധ്യയെ സൂചിപ്പിച്ച് പ്രിയങ്ക ഗാന്ധി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.