കേന്ദ്ര ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും പി.എം കെയേഴ്സിലേക്ക് 157 കോടി; മുന്നിൽ റെയിൽവേ
text_fieldsന്യൂഡൽഹി: വിവിധ കേന്ദ്ര സർക്കാർ വകുപ്പുകൾ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും പി.എം കെയേഴ്സ് ഫണ്ടിലേക്ക് നൽകിയത് 157.3 കോടി രൂപ. ഇതിന്‍റെ 93 ശതമാനം സംഭാവന നൽകിയത് ഇന്ത്യൻ റെയിൽവേ ആണെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കുകൾ അധികരിച്ച് ദ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
146.72 കോടി രൂപയാണ് ഇന്ത്യൻ റെയിൽവേ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും സമാഹരിച്ച് പി.എം കെയേഴ്സ് ഫണ്ടിന് നൽകിയത്. ബഹിരാകാശ വകുപ്പ് 5.18 കോടി നൽകി. 59 മന്ത്രാലയങ്ങൾക്ക് കീഴിലായി 89 കേന്ദ്ര സർക്കാർ വകുപ്പുകളാണുള്ളത്. ഇതിൽ 50 വകുപ്പുകൾ മാത്രമാണ് വിശദാംശങ്ങൾ നൽകിയത്. ആഭ്യന്തര വകുപ്പ്, പോസ്റ്റൽ വകുപ്പ് തുടങ്ങിയവ പി.എം കെയേഴ്സിലേക്ക് നൽകിയ തുകയുടെ വിശദാംശങ്ങൾ വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കിയിട്ടില്ലെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
പരിസ്ഥിതി വകുപ്പ് -1.14 കോടി, വിദേശകാര്യം -43.26 ലക്ഷം, സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് -34.83 ലക്ഷം, പ്രതിരോധ വകുപ്പ് -26.20 ലക്ഷം, റവന്യൂ വകുപ്പ് -22.60 ലക്ഷം എന്നിങ്ങനെയാണ് മറ്റ് വകുപ്പുകളുടെ സംഭാവന.
നേരത്തെ, പി.എം കെയേഴ്സ് ഫണ്ടിലേക്ക് ലഭിച്ച തുകയുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ തയാറല്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് പറഞ്ഞിരുന്നു. പി.എം കെയേഴ്സ് ഫണ്ട് ഒരു പൊതു ഫണ്ട് അല്ലെന്നും എന്നാൽ, ആവശ്യമായ വിവരങ്ങൾ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട് എന്നുമാണ് പ്രധാനമന്ത്രിയുടെ ഓഫിസ് മറുപടി നൽകിയത്.
ഇക്കഴിഞ്ഞ മാർച്ചിലാണ് കോവിഡ് വ്യാപനത്തിന്‍റെ സാഹചര്യം മുൻനിർത്തി പി.എം കെയേഴ്സ് ഫണ്ട് ആരംഭിച്ചത്. മാർച്ച് 31നകം തന്നെ 3076 കോടി രൂപ സംഭാവന ലഭിച്ചതായി വെബ്സൈറ്റിൽ പറയുന്നു. 38 പൊതുമേഖല സ്ഥാപനങ്ങൾ കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ടിൽ നിന്ന് 2105 കോടിയാണ് നൽകിയത്. പ്രധാനമന്ത്രി തന്നെ അധ്യക്ഷനായ ദേശീയ ദുരന്ത നിവാരണ ഫണ്ട് നിലവിലിരിക്കെയാണ് കൂടുതൽ രഹസ്യ സ്വഭാവമുള്ള മറ്റൊരു ഫണ്ട് രൂപവത്കരിച്ചത്. കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ പി.എം കെയേഴ്സ് ഫണ്ടിനെതിരെയും അതിന്‍റെ സുതാര്യതയില്ലായ്മക്കെതിരെയും പലപ്പോഴായി വിമർശനമുയർത്തിയിട്ടുണ്ട്.
പ്രധാനമന്ത്രി ചെയർമാനും ധനമന്ത്രി, പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി എന്നിവർ ട്രസ്റ്റികളുമായ പി.എം കെയേഴ്സ് ഫണ്ടിന് വിവരാവകാശ നിയമം ബാധകമല്ലെന്നാണ് കേന്ദ്ര നിലപാട്. ഓഡിറ്റിങ് സി.എ.ജിയുടെ പരിധിയിലും വരില്ല. സ്വകാര്യ ചാർട്ടേഡ് അക്കൗണ്ടൻറുമാരാണ് അത് ചെയ്യുക. വിവരാവകാശ നിയമം ബാധകമല്ലാത്ത ഈ ഫണ്ടിലെ തുക വിവരാവകാശ നിയമം ബാധകമായ ദേശീയ ദുരന്ത നിവാരണ ഫണ്ടിലേക്ക് (എൻ.ഡി.ആർ.എഫ്) മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി തള്ളിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.