ട്വിറ്ററിലെ ഒരു യോഗി അനുകൂല പോസ്റ്റിന് രണ്ടുരൂപ; വൈറൽ ഓഡിയോ ക്ലിപ്പിന് പിന്നാലെ അറസ്റ്റ്
text_fieldsലഖ്നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അനുകൂലിച്ചുകൊണ്ടുള്ള ഒരു ട്വിറ്റർ പോസ്റ്റിന് രണ്ടു രൂപ പ്രതിഫലം ലഭിക്കുമെന്ന ഓഡിയോ ക്ലിപ്പ് ചോർന്നതിന് പിന്നാലെ അറസ്റ്റ്. വ്യാജ ഓഡിയോ ക്ലിപ്പാണെന്ന് ചൂണ്ടിക്കാട്ടി ആഷിശ് പാണ്ഡെ, ഹിമാൻഷു സായ്നി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച കാൺപൂർ പൊലീസ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വ്യാജരേഖ ചമക്കൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്.
അതേസമയം, അറസ്റ്റിനെതിരെ യു.പിയിലെ പ്രമുഖ ബി.ജെ.പി വനിത നേതാവ് രംഗത്തെത്തി. 'എന്‍റെ ഭർത്താവ് ആശിഷ് പാണ്ഡെ നാലുവർഷമായി യോഗി ആദിത്യനാഥ് എന്ന പേരിനെ ബഹുമാനിക്കുന്നു. ഇത് ബഹുമാനം, ഭക്തി, ആത്മാർഥത എന്നിവയുടെ പരീക്ഷണമായിരിക്കണം. എനിക്ക് അദ്ദേഹത്തെ കാണാൻ അനുവാദം നൽകണമെന്ന് യോഗി ആദിത്യനാഥിനോട് ഞാൻ അഭ്യർഥിക്കുന്നു. അതുവഴി എന്‍റെ ഭർത്താവിന്‍റെ ഭാഗം വിശദീകരിക്കാൻ സാധിക്കും' -ബി.ജെ.പി എൻ.ജി.ഒ വിങ് കോർഡിനേറ്റും യു.പി ശിശുസംരക്ഷണ സമിതി അംഗവുമായ ഡോ. പ്രീതി ട്വീറ്റ് ചെയ്തു.
സോഷ്യൽ മീഡിയ മാനേജ്മെന്റ് കമ്പനിയിലാണ് ആശിഷ് പാണ്ഡെ ജോലി ചെയ്യുന്നത്. കുറച്ചുനാൾ മുമ്പുവരെ പാണ്ഡെ മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ സോഷ്യൽ മീഡിയ പേജുകൾ കൈകാര്യം ചെയ്തിരുന്നു.
അതേസമയം, അറസ്റ്റിൽ സർക്കാരോ മുഖ്യമന്ത്രിയുടെ ഓഫിസോ ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രഫഷനൽ എതിരാളിയായ അതുക് കുശ്വാഹയുടെ പരാതിയിലാണ് പാണ്ഡെയുടെ അറസ്റ്റ്. മേയ് 30ന് പുറത്തുവന്ന ഓഡിയോ ക്ലിപ്പ് തന്നെ അപമാനിക്കാൻ വേണ്ടിയുള്ളതാണെന്നാണ് ഇയാളുടെ ആരോപണം.
ആദിത്യനാഥിനെ പുകഴ്ത്തി പോസ്റ്റുചെയ്യുന്ന ഓരോ ട്വീറ്റിന്‍റെയും പ്രതിഫലത്തെക്കുറിച്ച് ടീമിലെ രണ്ട് അംഗങ്ങൾ ചർച്ച ചെയ്യുന്ന ഫോൺകോളാണ് ചോർന്നത്. സെല്ലിലെ രണ്ട് അംഗങ്ങൾ തമ്മിലുള്ള സംഭാഷണത്തിന്‍റെ ഓഡിയോ ക്ലിപ്പ് മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ സൂര്യ പ്രതാപ് സിങ് ആണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ആദിത്യനാഥിനെ പുകഴ്ത്തുന്ന ട്വീറ്റൊന്നിന് രണ്ട് രൂപ വീതം പ്രതിഫലം ലഭിക്കുമെന്നാണ് ഫോൺ വിളിച്ചയാൾ പറയുന്നത്. നടനും ബി.ജെ.പി അംഗവുമായ ഗജേന്ദ്ര ചൗഹാൻ ആ ട്വീറ്റുകൾ റീട്വീറ്റ് ചെയ്യുമെന്നും അത് കൂടുതൽ സ്വീകാര്യത ലഭിക്കുമെന്നും പറയുന്നുണ്ട്.
സോഷ്യൽ മീഡിയ ടീമംഗമായ പാർത്ഥ് ശ്രീവാസ്തവ (27) ഒരാഴ്ച മുമ്പ് ലഖ്‌നോവിലെ വസതിയിൽ ആത്മഹത്യ ചെയ്തിരുന്നു. മാനസിക പീഡനവും സമ്മർദവുമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്. രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ മാനസിക പീഡനത്തിന് ഇരയാക്കിയതായി ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നു. ഇൗ സംഭവങ്ങൾക്ക് പിന്നാലെ സോഷ്യൽ മീഡിയ വിഭാഗം മേധാവി മൻമോഹൻ സിങ് രാജിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.