88 ശതമാനം 2000 രൂപ നോട്ടും തിരിച്ചെത്തിയെന്ന് ആർ.ബി.ഐ; മാറ്റിയെടുക്കാൻ രണ്ട് മാസം കൂടി സമയം
text_fieldsന്യൂഡൽഹി: 88 ശതമാനം 2000 രൂപ നോട്ടുകളും തിരിച്ചെത്തിയെന്ന് ആർ.ബി.ഐ. ജൂലൈ 31ലെ കണക്ക് പ്രകാരം 42,000 കോടി രൂപ മൂല്യം വരുന്ന 2000 രൂപ നോട്ടുകളാണ് സർക്കുലേഷനിലുള്ളത്. മെയ് 19ാം തീയതി സർക്കുലേഷനിലുള്ള രണ്ടായിരം രൂപ നോട്ടുകളിൽ 88 ശതമാനവും തിരിച്ചെത്തിയിട്ടുണ്ടെന്ന് ആർ.ബി.ഐ അറിയിച്ചു.
സർക്കുലേഷനിലുള്ളതിൽ 3.14 ലക്ഷം കോടി രൂപ മൂല്യം വരുന്ന നോട്ടുകളാണ് തിരിച്ചെത്തിയതെന്ന് ആർ.ബി.ഐ വ്യക്തമാക്കി. വിവിധ ബാങ്കുകളിൽ നിന്നുള്ള ഡാറ്റ അവലോകനം ചെയ്താണ് ആർ.ബി.ഐ ഇതുസംബന്ധിച്ച കണക്കുകൾ പുറത്ത് വിട്ടത്. അടുത്ത രണ്ട് മാസം കൂടി പൊതുജനങ്ങൾക്ക് 2000 രൂപ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കാം. അവസാന ദിവസങ്ങളിലെ തിരക്ക് ഒഴിവാക്കി ഇതിന് മുമ്പ് തന്നെ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കുകയോ മാറ്റിയെടുക്കുകയോ ചെയ്യണമെന്ന് ആർ.ബി.ഐ അറിയിച്ചു.
2018-19 സാമ്പത്തിക വർഷം മുതൽ 2000 രൂപ നോട്ടിന്‍റെ അച്ചടി റിസർവ് ബാങ്ക് അവസാനിപ്പിച്ചിരിന്നു. തുടർന്ന് 2023 മേയിലാണ് നോട്ടുകൾ നിരോധിച്ചത്. നോട്ടുകൾ മാറ്റിയെടുക്കാൻ 2023 സെപ്റ്റംബർ വരെ സമയം അനുവദിക്കുകയും ചെയ്തിരുന്നു. ഒറ്റത്തവണയായി പരമാവധി 20,000 രൂപ വരെ മാറ്റിയെടുക്കാമെന്നും ആർ.ബി.ഐ വ്യക്തമാക്കിയിരുന്നു. നേരത്തെ 2000 രൂപ നോട്ട് നിരോധനം വൻതോതിൽ കള്ളപ്പണം തടയാൻ സഹായിക്കുമെന്ന് ആർ.ബി.ഐ മുൻ ഡെപ്യൂട്ടി ഗവർണറും അവകാശപ്പെട്ടിരുന്നു. എന്നാൽ, അത്തരം അവകാശവാദങ്ങളെ അപ്പാടെ തള്ളിക്കളയുന്നതാണ് ആർ.ബി.ഐ കണക്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.