റഫാലിൽ 21,075 കോടി നഷ്ടം –കോൺഗ്രസ്
text_fieldsന്യൂഡൽഹി: റഫാൽ പോർവിമാന ഇടപാടിലെ അഴിമതിയും ക്രമക്കേടും വഴി മോദിസർക്കാർ ഖജനാവിന് 21,075 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് കോൺഗ്രസ്.
റഫാൽ നിർമാണ കമ്പനിയായ ദസോ ഇന്ത്യൻ ഇടനിലക്കാരന് വൻതുക 'സമ്മാനം' നൽകിയെന്ന ഓഡിറ്റ് റിപ്പോർട്ട് വിവരങ്ങൾ ഫ്രഞ്ച് മാധ്യമമായ 'മീഡിയപാർട്ട്' പുറത്തുവിട്ടതിനു പിന്നാലെയാണ് മോദിസർക്കാറിനെ കോൺഗ്രസ് വീണ്ടും കടന്നാക്രമിച്ചത്.
റഫാൽ ഇടപാടിൽ ഇന്ത്യൻ ജനതയെ ചതിക്കുകയാണ് മോദിസർക്കാർ ചെയ്തതെന്ന് പാർട്ടി വക്താവ് രൺദീപ്സിങ് സുർജേവാല ആരോപിച്ചു. ആയുധ സന്നാഹങ്ങൾ അടക്കം 36 റഫാൽ വിമാനങ്ങൾക്ക് 5.06 ബില്യൺ യൂറോ അടിസ്ഥാന ചെലവായി ഇന്ത്യൻ ചർച്ച സംഘം 2015 ആഗസ്റ്റ് 10ന് കണക്കാക്കിയതാണ്. 7.87 ബില്യൺ എന്ന് നിർമാണ കമ്പനി വാദിച്ചു.
എന്നാൽ, ഇതേ തുകക്കു തന്നെ മോദിസർക്കാർ കരാർ ഉറപ്പിക്കുകയായിരുന്നു. 21,075 കോടി രൂപ കൂടുതൽ കൊടുക്കാൻ കാരണമെന്താണെന്ന് സുർജേവാല ചോദിച്ചു. റഫാൽ ഇടപാടിനെക്കുറിച്ച് വിശദാന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.