റേഷൻ കാർഡ് ഉടമകൾക്ക് പെട്രോൾ വിലയിൽ 25 രൂപ കുറവ്; ആനുകൂല്യം പ്രഖ്യാപിച്ച് ഝാർഖണ്ഡ്
text_fieldsറാഞ്ചി: പെട്രോൾ വില വർധനവിൽ പ്രയാസപ്പെടുന്ന സാധാരണക്കാർക്ക് ആശ്വാസം പകരുന്ന പദ്ധതിയുമായി ഝാർഖണ്ഡ് സർക്കാർ. റേഷൻ കാർഡ് ഉടമകൾക്ക് പെട്രോൾ വിലയിൽ 25 രൂപ ഇളവ് അനുവദിക്കുമെന്നാണ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ പ്രഖ്യാപിച്ചത്. മാസം പരമാവധി 10 ലിറ്റർ പെട്രോളാണ് ഒരു കാർഡുടമക്ക് ലഭിക്കുക.
'ഇന്ധനവില കുതിക്കുന്നതിന്‍റെ പ്രയാസം പാവപ്പെട്ടവർ വലിയ തോതിൽ അനുഭവിക്കുകയാണ്. പാവപ്പെട്ടവരുടെ വീടുകളിലും മോട്ടോർസൈക്കിളുകളുണ്ട്. എന്നാൽ, പെട്രോളടിക്കാൻ അവർക്ക് പണമില്ല. ആളുകൾക്ക് മാർക്കറ്റിൽ വണ്ടിയെടുത്ത് പോയി തങ്ങളുടെ ഉൽപ്പന്നങ്ങൾ വിൽക്കാൻ കഴിയുന്നില്ല. പെട്രോളും മണ്ണെണ്ണയും കലർത്തി വരെ ബൈക്കിൽ ഉപയോഗിക്കുന്നതായാണ് കേൾക്കുന്നത്. ഞങ്ങൾ പെട്രോൾ വിലയിൽ 25 രൂപ കുറവ് വരുത്തുകയാണ്' -മുഖ്യമന്ത്രി ഹേമന്ദ് സോറൻ പറഞ്ഞു. ഝാർഖണ്ഡിൽ നിലവിൽ പെട്രോൾ ലിറ്ററിന് 98.52 രൂപയും ഡീസലിന് 91.56 രൂപയുമാണ്.
16,000 കോടി ചെലവ് വരുന്ന 1500 പദ്ധതികൾക്ക് സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഗവർണർ രമേഷ് ബായിസ് തറക്കല്ലിട്ടിരുന്നു. ഇതിനോടനുബന്ധമായാണ് പെട്രോൾ വില ഇളവ് നൽകുന്ന പദ്ധതി.
കുറവ് ചെയ്യുന്ന 25 രൂപ നേരിട്ട് കാർഡുടമകളുടെ അക്കൗണ്ടിലേക്ക് നൽകുകയാണ് ചെയ്യുകയെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. പദ്ധതി നടപ്പാക്കുന്നതോടെ ഏറ്റവും കുറഞ്ഞ നിരക്കിൽ പെട്രോൾ ലഭ്യമാകുന്ന സംസ്ഥാനമായി ഝാർഖണ്ഡ് മാറും. നേരത്തെ, കേന്ദ്രം നികുതി കുറച്ചതിന് പിന്നാലെ 23 സംസ്ഥാനങ്ങൾ നികുതി കുറക്കാൻ തയാറായിരുന്നു. പെട്രോളിന് 13.35 രൂപ കുറവു വരുത്തിയ കർണാടകയാണ് ഇളവ് നൽകിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ മുകളിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.