500,1000 രൂപ നോട്ടുകൾ ഇനി മാറ്റി നൽകില്ല
text_fieldsന്യൂഡല്‍ഹി: അസാധുവാക്കിയ 500 രൂപ, 1000 രൂപ നോട്ടുകള്‍ ഇനി ബാങ്ക് കൗണ്ടറില്‍ കൊടുത്ത് മാറ്റിയെടുക്കാന്‍ പറ്റില്ല. ഇക്കഴിഞ്ഞ അര്‍ധരാത്രി മുതല്‍ ഈ സൗകര്യം കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കി. സ്വന്തം ബാങ്ക് അക്കൗണ്ടുകളിലേക്ക് പഴയ നോട്ട് നിക്ഷേപിക്കാം. അക്കൗണ്ടില്‍നിന്ന് പിന്‍വലിക്കാം. 1,000 രൂപ നോട്ടിന്‍െറ ഉപയോഗം പൂര്‍ണമായും നിര്‍ത്തി. പെട്രോള്‍ പമ്പുകളിലും വൈദ്യുതി ബില്ലടക്കാനും മറ്റും പഴയ 500 രൂപ നോട്ടുകള്‍ ഉപയോഗിക്കാമെന്ന ഇളവ് ഡിസംബര്‍ 15 വരെ നീട്ടി. നോട്ട് ബാങ്കില്‍ കൊടുത്ത് മാറ്റിയെടുക്കാന്‍ നവംബര്‍ 11 മുതല്‍ നല്‍കിയ സൗകര്യമാണ് പൂര്‍ണമായും എടുത്തുകളഞ്ഞത്. തുടക്കത്തില്‍ 4000 രൂപ വരെ കൗണ്ടറില്‍നിന്ന് മാറ്റിയെടുക്കാന്‍ സൗകര്യം അനുവദിച്ചു. എന്നാല്‍, ബാങ്കിലെ ക്യൂ നീണ്ടതോടെ പ്രശ്നത്തിന്‍െറ ഗൗരവം മനസ്സിലാക്കിയ സര്‍ക്കാര്‍ പരിധി 4500 രൂപയായി ഉയര്‍ത്തി. എന്നാല്‍, ദിവസങ്ങള്‍ക്കകം ഈ പരിധി 2000 രൂപയാക്കി ചുരുക്കുകയും ചെയ്തു. വിരലില്‍ മഷി പുരട്ടി പഴയ നോട്ട് മാറ്റിയെടുക്കാന്‍ അനുവദിച്ചു വന്ന ഈ സൗകര്യം കൂടിയാണ് ഇപ്പോള്‍ പിന്‍വലിച്ചത്. എ.ടി.എമ്മുകള്‍ മിക്കതും പ്രവര്‍ത്തനരഹിതമായി കിടക്കുമ്പോള്‍ തന്നെയാണ് പുതിയ തീരുമാനം. ബാങ്കില്‍നിന്ന് പ്രവര്‍ത്തിക്കുന്ന എ.ടി.എമ്മുകളില്‍നിന്നു കിട്ടുന്നതു മിക്കവാറും 2000 രൂപയുടെ ഒറ്റനോട്ടുമാണ്.
ടോള്‍ പ്ളാസകളില്‍ ഡിസംബര്‍ രണ്ടു വരെ ടോള്‍ നികുതി ഈടാക്കേണ്ടതില്ളെന്നും അതിനു ശേഷം 15 വരെ 500 രൂപ നോട്ട് സ്വീകരിക്കാമെന്നും തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാര്‍ കോളജുകളിലും തദ്ദേശഭരണത്തിലുള്ള സ്കൂളുകളിലും 2000 രൂപ വരെ പഴയ 500 രൂപ നോട്ട് ഫീസായി സ്വീകരിക്കും. മൊബൈല്‍ ടോപ് അപ് ചാര്‍ജായി 500 രൂപ സ്വീകരിക്കും. ഉപഭോക്തൃ സഹകരണ സ്റ്റോറുകളില്‍നിന്ന് ഒറ്റത്തവണ വാങ്ങുന്ന സാധനങ്ങള്‍ 5,000 രൂപയുടേതായി നിജപ്പെടുത്തി. വിദേശികള്‍ക്ക് 5000 രൂപക്കുള്ള കറന്‍സി ആഴ്ചയിലൊരിക്കല്‍ മാറ്റിയെടുക്കാം. ഇത് പാസ്പോര്‍ട്ടില്‍ രേഖപ്പെടുത്തും. ഓണ്‍ലൈന്‍ പേമെന്‍റ് സംവിധാനങ്ങള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തണമെന്നും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.