തമിഴ്നാട്ടിൽ പ്രചാരണം അവസാനിച്ചു; പിടികൂടിയത് 500 കോടിയോളം രൂപയും സമ്മാനങ്ങളും
text_fieldsചെന്നൈ: തമിഴ്നാട്ടിൽ ഒരു മാസക്കാലത്തിലേറെ നീണ്ടുനിന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അവസാനം. ഇനിയുള്ള മണിക്കുറുകളിൽ നിശ്ശബ്ദ പ്രചാരണം. മണ്ഡലത്തിൽ പുറത്തുള്ളവർ താമസിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവിട്ടു. ഡി.എം.കെ, അണ്ണാ ഡി.എം.കെ, മക്കൾ നീതിമയ്യം, അമ്മ മക്കൾ മുന്നേറ്റ കഴകം, നാം തമിഴർ കക്ഷി എന്നിവയുടെ നേതൃത്വത്തിലുള്ള മുന്നണികൾ തമ്മിലുള്ള പഞ്ചകോണ മത്സരമാണ് അരങ്ങേറുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലുണ്ടായതുപോലെ പാർട്ടികൾ വോട്ടർമാർക്ക് പണം വിതരണം ചെയ്യുന്നുണ്ട്. ഒരു വോട്ടിന് 500 മുതൽ 1,000 രൂപ വരെയാണ് നൽകുന്നതായി പറയുന്നത്. തെരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡുകൾ 500 കോടിയോളം രൂപയുടെ കറൻസിയും സമ്മാനങ്ങളും പിടികൂടിയിട്ടുണ്ട്.
പ്രചാരണരംഗത്ത് സ്റ്റാലിനും ഉദയ്നിധിയും അഴിച്ചുവിട്ട പ്രചാരണ കൊടുങ്കാറ്റിനെതിരെ അണ്ണാ ഡി.എം.കെ- ബി.ജെ.പി സഖ്യത്തിെൻറ തേരാളിയും മുഖ്യമന്ത്രിയുമായ എടപ്പാടി പളനിസാമി തനിച്ചുനിന്ന് പൊരുതുന്ന കാഴ്ചയാണ് കണ്ടത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും ഉൾപ്പെടെ ദേശീയനേതാക്കൾ ഇരുമുന്നണികൾക്കും ആത്മവിശ്വാസവും ആവേശവും പകർന്നുനൽകി. കനത്ത വെല്ലുവിളി നേരിടുന്നതിനാൽ അണ്ണാ ഡി.എം.കെയിലെ പ്രമുഖ നേതാക്കളും മന്ത്രിമാരും ഇത്തവണ സ്വന്തം മണ്ഡലങ്ങളിലൊതുങ്ങി. മുൻ വർഷങ്ങളെ അപേക്ഷിച്ച് ടി.വി ചാനലുകളിൽ തെരഞ്ഞെടുപ്പ് പരസ്യങ്ങളുടെ വേലിയേറ്റമായിരുന്നു.
ചാനലുകൾക്കിത് ചാകരകാലമായിരുന്നു. ബി.ജെ.പി എം.പിയും മുൻ കേന്ദ്രമന്ത്രിയുമായ എ.രാജയുടെയും പ്രഭാഷകനായ ഡിണ്ടുഗൽ ലിയോണിയുടെയും പ്രസംഗങ്ങളിലെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ പ്രചാരണത്തിനിടെ വീണുകിട്ടിയത് അണ്ണാ ഡി.എം.കെ - ബി.ജെ.പി സഖ്യം ശരിക്കും മുതലാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ പ്രശ്നം ഏറ്റുപിടിച്ചു.
കോയമ്പത്തൂർ സൗത്തിൽ പ്രചാരണ സമാപനത്തിെൻറ ഭാഗമായി കമൽഹാസെൻറ മകൾ അക്ഷരഹാസനും നടിയും അടുത്ത ബന്ധുവുമായ സുഹാസിനിയും വിവിധയിടങ്ങളിൽ നൃത്തംചെയ്ത് വോട്ടുതേടിയത് സമൂഹ മാധ്യമങ്ങളിൽ ൈവറലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.