പെട്രോളിൽ എഥനോൾ കലർത്തി ഇന്ത്യ 50,000 കോടി ലാഭിച്ചതായി മോദി; 'ആ തുക കിട്ടിയത് ഇവിടത്തെ കർഷകർക്ക്'
text_fieldsന്യൂഡൽഹി: എഥനോൾ കലർത്തി പെട്രോൾ വിറ്റതുവഴി കഴിഞ്ഞ ഏഴ്-എട്ട് വർഷത്തിനിടെ ഇന്ത്യ 50,000 കോടി രൂപയുടെ വിദേശനാണ്യം ലാഭിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാനിപ്പത്തിൽ ബുധനാഴ്ച ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സെക്കൻഡ് ജനറേഷൻ എഥനോൾ പ്ലാന്റ് ഉദ്ഘാടനം ചെയ്യവെയാണ് മോദിയുടെ അവകാശവാദം. ആ 50,000 കോടി രൂപ കർഷകർക്കാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഫാമുകളിലെ വൈക്കോൽ കത്തിക്കുന്ന പ്രശ്‌നത്തിന് 900 കോടി രൂപയുടെ എഥനോൾ പ്ലാന്റ് ശാശ്വത പരിഹാരം നൽകുമെന്ന് വിഡിയോ കോൺഫറൻസിങ്ങിലൂടെ സമ്മേളനത്തെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു. വൈക്കോലുകൾ കർഷകരുടെ വരുമാന സ്രോതസ്സായി മാറും. എട്ട് വർഷത്തിനുള്ളിൽ എഥനോൾ ഉൽപാദനം 40 കോടി ലിറ്ററിൽ നിന്ന് 400 കോടി ലിറ്ററായി ഉയർന്നതായും മോദി പറഞ്ഞു.
'പാനിപ്പത്തിലെ എഥനോൾ പ്ലാന്റ് ഹരിയാനയിലും ഡൽഹിയിലും മലിനീകരണം കുറയ്ക്കാൻ സഹായിക്കും. സെക്കൻഡ് ജനറേഷൻ എഥനോൾ പ്ലാന്റിൽ ജൈവ ഇന്ധനം ഉൽപാദിപ്പിക്കാൻ ഭക്ഷ്യേതര ജൈവ അവശിഷ്ടങ്ങളാണ് അസംസ്‌കൃതപദാര്‍ത്ഥമായി ഉപയോഗിക്കുന്നത്. പ്രതിവർഷം ഏകദേശം 3 കോടി ലിറ്റർ എഥനോൾ ഉൽപ്പാദിപ്പിക്കുന്നതിന് 2 ലക്ഷം ടൺ വൈക്കോൽ വേണ്ടിവരും. ഹരിതഗൃഹ വാതകം കുറയാനും ഇത് കാരണമാകും. ജൈവ ഇന്ധനങ്ങളുടെ ഉൽപ്പാദനവും ഉപയോഗവും വർധിപ്പിക്കാനും കർഷകരെ സഹായിക്കുന്നതിനും പ്ലാന്റ് ഉപകരിക്കും' -അദ്ദേഹം പറഞ്ഞു.
ഏതാനും വർഷങ്ങൾക്കുള്ളിൽ 75 ശതമാനം കുടുംബങ്ങൾക്കും പൈപ്പ് വഴി ഗ്യാസ് വിതരണം ചെയ്യുമെന്നും മോദി കൂട്ടിച്ചേർത്തു.
പെട്രോളിൽ എഥനോൾ ചേർത്താലുള്ള ഗുണവും ദോഷവും അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.