62,000 കോടി; കർണാടകയിൽ കോൺഗ്രസിന് വാഗ്ദാനങ്ങൾ പാലിക്കാൻ വേണം വൻ തുക
text_fieldsബംഗളൂരു: ബി.ജെ.പിയെ തറപറ്റിച്ച് കർണാടക ഭരണം കോൺഗ്രസ് തിരിച്ചുപിടിച്ചെങ്കിലും മുഖ്യമന്ത്രിയാരെന്ന കാര്യത്തിൽ വടംവലി തുടരുകയാണ്. മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യക്ക് വീണ്ടും അവസരം പ്രതീക്ഷിക്കുമ്പോൾ, പാർട്ടി സംസ്ഥാന അധ്യക്ഷൻ ഡി.കെ. ശിവകുമാറും ഒട്ടും വിട്ടുകൊടുക്കാതെ മുഖ്യമന്ത്രി പദം ലക്ഷ്യമിടുന്നുണ്ട്. അതേസമയം, 224ൽ 135 സീറ്റ് നേടി ഭരണത്തിലേറുന്ന കോൺഗ്രസിന് ആരു മുഖ്യമന്ത്രിയായാലും വർഷം തോറും അധികമായി കണ്ടെത്തേണ്ടിവരിക 62,000 കോടി രൂപയോളമാണ്. ജനങ്ങൾക്ക് നൽകിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും സൗജന്യങ്ങളും യാഥാർഥ്യമാക്കണമെങ്കിൽ സർക്കാറിന് ഇത്രയും തുക വർഷം തോറും ആവശ്യമായി വരും.
കോൺഗ്രസിന്‍റെ പ്രധാന വാഗ്ദാനങ്ങളിൽ ചിലത്
- സ്ത്രീകൾ കുടുംബനാഥയായ വീടുകൾക്ക് മാസംതോറും 2000 രൂപ
- തൊഴിൽരഹിതരായ ഡിപ്ലോമക്കാർക്ക് മാസംതോറും 1500 രൂപ
- തൊഴിൽരഹിതരായ ബിരുദക്കാർക്ക് മാസംതോറും 3000 രൂപ
- സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര
- എല്ലാ കുടുംബങ്ങൾക്കും 200 യൂനിറ്റ് വരെ വൈദ്യുതി സൗജന്യം
- ആഴക്കടൽ മത്സ്യത്തൊഴിലാളികൾക്ക് വർഷം തോറും നികുതിയില്ലാതെ 500 ലിറ്റർ ഡീസൽ
- ട്രോളിങ് നിരോധന കാലത്ത് മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 6000 രൂപ വീതം
- ബി.പി.എൽ കുടുംബങ്ങൾക്ക് പ്രതിവർഷം മൂന്ന് പാചകവാതക സിലിണ്ടറും ദിവസേന അര ലിറ്റർ പാലും, റേഷനു പുറമേ പ്രതിമാസം അഞ്ച് കിലോഗ്രാം ധാന്യങ്ങളും സൗജന്യം
വാഗ്ദാനങ്ങൾ പ്രകാരം നേരിട്ടു നൽകുന്ന പണവും വൈദ്യുതി നിരക്ക് ഇളവും മാത്രം 62,000 കോടിയുടെ ബാധ്യത സർക്കാറിനുമേൽ ഉണ്ടാക്കുമെന്ന് എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇത് സംസ്ഥാന ബജറ്റിനെ തന്നെ ബാധിച്ചേക്കും.
സംസ്ഥാന ബജറ്റിന്‍റെ 20 ശതമാനത്തോളം വരും 62,000 കോടി രൂപ. തെരഞ്ഞെടുപ്പ് വാഗ്ദാനത്തിലെ സൗജന്യങ്ങൾക്കായി ചെലവഴിക്കേണ്ട തുക കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ധനക്കമ്മിയേക്കാൾ കൂടുതലാണ്. 2022-23 വർഷത്തെ ധനക്കമ്മി 60,581 കോടിയായിരിക്കുമെന്നാണ് കണക്കാക്കുന്നത്. ഇതാകട്ടെ സംസ്ഥാന മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ 2.6 ശതമാനമാണ്.
ബജറ്റിന്‍റെ 15 ശതമാനത്തിൽ താഴെ മാത്രമേ കോൺഗ്രസ് വാഗ്ദാനം ചെയ്യുന്ന സൗജന്യങ്ങൾ വരൂവെന്നായിരുന്നു എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല നേരത്തെ പറഞ്ഞത്. ഒപ്പം, അഞ്ച് വർഷത്തിനകം ബജറ്റ് തുക വർധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സൗജന്യങ്ങൾക്ക് നൽകേണ്ട വില ബജറ്റിന്‍റെ 20 ശതമാനം കടക്കുന്ന സാഹചര്യത്തിൽ ഇതിനെ എങ്ങനെ നേരിടുമെന്നതാകും നിലവിൽ വരുന്ന പുതിയ സർക്കാറിന്‍റെ മുന്നിലെ കടമ്പ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.