മെഡിക്കൽ കോഴ്സുകളിലെ മുന്നാക്ക സംവരണ മാനദണ്ഡം; ചോദ്യം ചെയ്ത് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ബിരുദാനന്തര മെഡിക്കൽ കോഴ്സുകളിൽ സംവരണം നൽകാൻ വാർഷിക വരുമാന പരിധി എട്ടു ലക്ഷം രൂപയായി സർക്കാർ നിശ്ചയിച്ചതിെൻറ മാനദണ്ഡം ചോദ്യം ചെയ്ത് സുപ്രീംകോടതി.
മറ്റു പിന്നാക്ക വിഭാഗങ്ങളിലെ (ഒ.ബി.സി) ക്രീമിലെയർ പരിധിയും എട്ടു ലക്ഷം തന്നെയാണെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിെൻറ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി. മുന്നാക്കക്കാർക്കും പിന്നാക്കക്കാർക്കും ഇത്തരത്തിൽ ഒരേ സംവരണ വരുമാനപരിധി നിശ്ചയിച്ചത് എന്തടിസ്ഥാനത്തിലാണ്? ഒരു പരിധി ഏർപ്പെടുത്തിയതിനു മുമ്പ് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ? മാനദണ്ഡം വ്യക്തമാക്കാൻ സർക്കാറിന് കഴിയില്ലെങ്കിൽ ബന്ധപ്പെട്ട വിജ്ഞാപനം തന്നെ സ്റ്റേ ചെയ്യുമെന്ന് കോടതി വ്യക്തമാക്കി. ഉടൻ സത്യവാങ്മൂലം നൽകാമെന്ന് വാക്കു നൽകിയതാണ് കേന്ദ്ര സർക്കാർ അത് ഒഴിവാക്കിയത്.
സാമൂഹികവും സാമ്പത്തികവും ജനസംഖ്യാപരവുമായ ചില കണക്കുകൾ സർക്കാറിന് ഇക്കാര്യത്തിൽ ഉണ്ടായിരിക്കണമെന്ന് കോടതി പറഞ്ഞു. എട്ടു ലക്ഷമെന്ന വരുമാനപരിധി വായുവിൽ നിന്നെടുത്തു വെക്കാനാവില്ല. ഒ.ബി.സിക്ക് തത്തുല്യമെന്ന കാര്യം മാത്രമേ സർക്കാറിന് പറയാനുള്ളൂ. ഒ.ബി.സിക്കാർക്കും മുന്നാക്ക സംവരണക്കാർക്കും ഒരേ ക്രീമിലെയർ വരുമാനപരിധി വെക്കുേമ്പാൾ തുല്യരല്ലാത്തവരെ തുല്യരായി സമീകരിക്കുകയാണ് സർക്കാർ ചെയ്യുന്നത്. അങ്ങനെ ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് സർക്കാർ വ്യക്തമാക്കിയേ മതിയാവൂ. വിശദ സത്യവാങ്മൂലം കോടതിക്കു നൽകണം. ആവശ്യമായ രേഖകളും ഹാജരാക്കണം.
ഒ.ബി.സി വിഭാഗക്കാരിൽ സാമ്പത്തികമായി മുന്നാക്കം നിൽക്കുന്നവരെ ഒഴിവാക്കുന്നത് സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ കുറഞ്ഞതു കൊണ്ടാണ്. സാമ്പത്തിക സംവരണമാകട്ടെ, ധനസ്ഥിതി മാത്രം അടിസ്ഥാനപ്പെടുത്തി ദുർബലരെ ഉൾക്കൊള്ളിക്കാനാണ്. അതായത്, ഒ.ബി.സിയിൽ വരുമാന പരിധി ഒഴിവാക്കലിനു വേണ്ടിയാണ്. സാമ്പത്തിക സംവരണത്തിെൻറ കാര്യത്തിലാകട്ടെ, ഉൾക്കൊള്ളിക്കാൻ വേണ്ടിയാണ്. അത്തരമൊരു സാഹചര്യത്തിൽ ഒ.ബി.സിക്കും സാമ്പത്തിക സംവരണക്കാർക്കും ഒരേ വരുമാനപരിധി വെക്കുന്നത് സ്വേഛാപരമാെണന്നും കോടതി പറഞ്ഞു.
10 ശതമാനം സാമ്പത്തിക സംവരണം ശിപാർശ ചെയ്ത കമീഷൻ റിപ്പോർട്ട് അടിസ്ഥാനപ്പെടുത്തിയാണ് ഈ വരുമാന പരിധി നിശ്ചയിച്ചതെന്ന് കേന്ദ്രസർക്കാറിനു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജ് വിശദീകരിച്ചു. എന്നാൽ കോടതി അത് അംഗീകരിച്ചില്ല. സാമ്പത്തിക സംവരണത്തിന് അർഹരായവരെ നിർണയിക്കാനുള്ള മാനദണ്ഡം നിശ്ചയിക്കുന്നതിനു മുമ്പ് എന്തെങ്കിലും പഠനമോ പരിശോധനയോ സർക്കാർ നടത്തിയിരുന്നോ എന്ന് സത്യവാങ്മൂലത്തിൽ വിശദീകരിക്കണം. ഭരണഘടനയുടെ 15(2) അനുഛേദപ്രകാരം നടത്തിയ നടപടികൾ എന്താണെന്ന് സർക്കാർ കോടതിയോട് പറയണമെന്നും കോടതി വ്യക്തമാക്കി. കേസ് 28ന് വീണ്ടും പരിഗണിക്കാൻ മാറ്റി.
പി.ജി മെഡിക്കൽ കോഴ്സുകളിലേക്ക് പ്രവേശനത്തിന് 'നീറ്റ്' എഴുതിയവർക്കുള്ള അഖിലേന്ത്യ ക്വോട്ടയിൽ ഒ.ബി.സിക്കാർക്ക് 27 ഉം മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് 10 ഉം ശതമാനം സംവരണം നൽകിയത് ചോദ്യം ചെയ്യുന്ന ഹരജിയിൽ വാദം കേൾക്കുകയായിരുന്നു സുപ്രീംകോടതി. 2021- 22 അധ്യയന വർഷം മുതൽ അഖിലേന്ത്യ ക്വോട്ടയിൽ ഈ സംവരണം കൊണ്ടുവന്ന മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയുടെ ജൂലൈ 29ലെ വിജ്ഞാപനം റദ്ദാക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം. എം.ബി.ബി.എസിൽ 15ഉം എം.എസ്, എം.ഡി കോഴ്സുകളിൽ 50ഉം ശതമാനം സീറ്റുകൾ നീറ്റ് മുഖേന അഖിലേന്ത്യ ക്വോട്ടയിലേക്ക് തിരഞ്ഞെടുക്കുന്നവർക്കാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.