എൻ.കെ. പ്രേമചന്ദ്രനെ കെട്ടിപ്പുണർന്ന് പാർലമെന്റിലെ മണിപ്പൂരി ജീവനക്കാരൻ
text_fieldsന്യൂഡൽഹി: ലോക്സഭയിലെ അവിശ്വാസ പ്രമേയ ചർച്ചയിൽ മണിപ്പൂർ സാഹചര്യങ്ങൾ വികാരപരമായി അവതരിപ്പിച്ച ആർ.എസ്.പി അംഗം എൻ.കെ. പ്രേമചന്ദ്രന് പാർലമെന്റ് ജീവനക്കാരന്റെ നന്ദി പ്രകടനം. പ്രസംഗം കഴിഞ്ഞ് ലോക്സഭയിൽനിന്ന് പുറത്തിറങ്ങിയ അദ്ദേഹത്തെ ലോക്സഭ സെക്രട്ടേറിയറ്റിലെ മണിപ്പൂരി ജീവനക്കാരൻ കെട്ടിപ്പിടിച്ച് നന്ദി അറിയിച്ചു.
മൂന്നു മാസമായി കലാപത്തിന്റെ കെടുതി നേരിടുന്നവരെ സമാശ്വസിപ്പിക്കാനും സുരക്ഷ ഉറപ്പാക്കാനും സ്ത്രീകളുടെ മാനാഭിമാനം സംരക്ഷിക്കാനുമുള്ള ഭരണകൂടത്തിന്റെ ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രേമചന്ദ്രന്റെ പ്രസംഗം. പ്രതിപക്ഷ മുന്നണിയായ ഇൻഡ്യയുടെ പ്രതിനിധിസംഘത്തിൽ അംഗമായി അവിടെ പോയ ഓരോരുത്തർക്കും അഭയാർഥി ക്യാമ്പുകളിൽ കഴിയുന്നവർ അടക്കം മണിപ്പൂർ ജനതയുടെ കണ്ണീരും വേദനയും ഇന്ന് മനസ്സിൽ വലിയ നോവാണ്.
പ്രധാനമന്ത്രിയുടെ സാന്നിധ്യം പാർലമെന്റിൽ ഉറപ്പുവരുത്തുന്നതിന് അവിശ്വാസ പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷം നിർബന്ധിതമാകുന്ന സാഹചര്യം ഇതാദ്യമാണെന്ന് പ്രേമചന്ദ്രൻ പറഞ്ഞു. ഈ നയത്തിന്റെ അനന്തര ഫലമാണ് ഹരിയാനയിൽ ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സംഘർഷം അഴിച്ചുവിട്ടതിന് ശേഷം ഇരകളുടെ വീടും കച്ചവട സ്ഥാപനങ്ങളും ഉൾപ്പെടെ ബുൾഡോസർ ഉപയോഗിച്ച് സർക്കാർ ഇടിച്ചു നിരത്തുന്ന പ്രക്രിയ വംശീയ ഉൻമൂലനത്തിന്റെ ഭാഗമാണെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
കേന്ദ്രസർക്കാറിനെയും സംസ്ഥാന സർക്കാറിനെയും മറികടന്ന് മണിപ്പൂരിലെ ഭരണം സുപ്രീംകോടതിക്ക് ഏറ്റെടുക്കേണ്ടി വരുന്ന സ്ഥിതി മുൻനിർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷായും രാജിവെക്കണമെന്ന് സി.പി.എമ്മിലെ എ.എം ആരിഫ് ആവശ്യപ്പെട്ടു. വിഭജനത്തിന്റെ നേതാവ് എന്നാണ് മോദിയെ അമേരിക്കൻ മാഗസിൻ ആയ ടൈം വിശേഷിപ്പിച്ചത്. റോമാ രാജ്യം കത്തിയെരിഞ്ഞപ്പോൾ വീണ വായിച്ച നീറോ ചക്രവർത്തിയെ പോലെയാണ് മോദിയെന്നാണ് ചില വിദേശ മാധ്യമങ്ങൾ പറഞ്ഞത് -ആരിഫ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.