ജനസംഖ്യാ നിയന്ത്രണത്തിന് നിയമം വേണം -ആർ.എസ്.എസ്
text_fieldsമുറാദാബാദ് (യു.പി): രാജ്യത്ത് ജനസംഖ്യാനിയന്ത്രണത്തിന് നിയമം നിർമിക്കണമെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. ദമ് പതികൾക്ക് രണ്ടു കുട്ടികൾ മാത്രം എന്ന നിയമം രാജ്യത്തിന്‍റെ സുസ്ഥിര വികസനത്തിന് അനിവാര്യമാണെന്ന് ഭാഗവത് പറഞ്ഞു. യു.പിയിലെ മുറാദാബാദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ആർ.എസ്.എസ് നേതാക്കളുമായി സംവദിക്കവെയാണ് സംഘടനയുടെ അടുത്ത അജണ്ടയെ കുറിച്ച് ഭാഗവത് സൂചിപ്പിച്ചത്.
ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച് സർക്കാർ എത്രയും വേഗം തീരുമാനമെടുക്കേണ്ടതുണ്ട്. ഏതെങ്കിലും ഒരു മതത്തിന് മാത്രം ബാധകമാകുന്ന ഒന്നാകില്ല നിയമമെന്നും എല്ലാവർക്കും ഒരുപോലെ ബാധകമാകണമെന്നും ഭാഗവത് പറഞ്ഞു.
ആർ.എസ്.എസിന്‍റെ 40ലേറെ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. അനിയന്ത്രിതമായ ജനസംഖ്യ വികസനത്തിന് ഗുണകരമാകില്ലെന്ന് ഭാഗവത് ചൂണ്ടിക്കാട്ടി.
രാമക്ഷേത്ര നിർമാണം സംബന്ധിച്ച ആർ.എസ്.എസിന്‍റെ നിലപാടും മോഹൻ ഭാഗവത് വിശദമാക്കി. രാമക്ഷേത്ര നിർമാണത്തിന്‍റെ മേൽനോട്ടത്തിനായി സർക്കാർ ട്രസ്റ്റ് രൂപീകരിക്കുന്നത് വരെ മാത്രമേ ആർ.എസ്.എസ് ഇടപെടുകയുള്ളൂ. ട്രസ്റ്റ് രൂപവത്കരിച്ച ശേഷം ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കും. കാശിയിലെയും മഥുരയിലെയും തർക്കസ്ഥലങ്ങൾക്കായുള്ള വാദം ആർ.എസ്.എസ് അജണ്ടയിലില്ലെന്നും ഭാഗവത് വിശദമാക്കി.
വിവാദമായ പൗരത്വ ഭേദഗതി നിയമത്തിൽ കേന്ദ്ര സർക്കാറിനെ ന്യായീകരിച്ച ഭാഗവത് ഇതുസംബന്ധിച്ച് ജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്തേണ്ടതുണ്ടെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.