മണിപ്പൂരിലെ സംഘർഷത്തിന് പിന്നിൽ ഇന്ത്യക്ക് പുറത്തുനിന്നുള്ള ശക്തികൾ -മോഹൻ ഭാഗവത്
text_fieldsനാഗ്പൂർ: ഇന്ത്യക്ക് പുറത്തുനിന്നുള്ള ശക്തികളാണ് മണിപ്പൂരിലെ സംഘർഷത്തിന് പിന്നിലെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. സാംസ്കാരിക മാർക്സിസ്റ്റുകൾ മാധ്യമങ്ങളിലും മറ്റുമുള്ള തങ്ങളുടെ സ്വാധീനം രാജ്യത്തിന്റെ വിദ്യാഭ്യാസത്തെയും സംസ്കാരത്തെയും നശിപ്പിക്കാൻ ഉപയോഗിക്കുകയാണെന്നും ഭാഗവത് പറഞ്ഞു. നാഗ്പൂരിൽ ആർ.എസ്.എസ് നടത്തിയ ദസറ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“മെയ്ത്തികളും കുക്കികളും അവിടെ വളരെക്കാലം ഒരുമിച്ച് താമസിച്ചു. അതിർത്തി സംസ്ഥാനമാണ്. ഇത്തരം വിഘടനവാദവും ആഭ്യന്തര സംഘർഷവും ആർക്കാണ് പ്രയോജനം ചെയ്യുന്നത്? ബാഹ്യശക്തികൾക്കും പ്രയോജനം ലഭിക്കും. അവിടെ നടന്ന സംഭവങ്ങളിൽ പുറത്തുനിന്നുള്ള ആളുകൾക്ക് പങ്കുണ്ടോ?”- മോഹൻ ഭാഗവത് ചോദിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂരിൽ മൂന്ന് ദിവസം ഉണ്ടായിരുന്നെന്നും ആരാണ് യഥാർഥത്തിൽ സംഘർഷത്തിന് ഇന്ധനം നൽകിയതെന്നും മണിപ്പൂരിലെ അശാന്തിയും അസ്ഥിരതയും മുതലെടുക്കാൻ ഏത് വിദേശ ശക്തികൾക്കാണ് താൽപ്പര്യമെന്നും അദ്ദേഹം ചോദിച്ചു.
എല്ലാ പ്രശ്നങ്ങളും ആദ്യം തന്നെ അവസാനിക്കണമെന്ന് ഐക്യം ആഗ്രഹിക്കുന്നവർക്ക് ശഠിക്കാനാവില്ലെന്നും ഇടക്കിടെ നടക്കുന്ന സംഭവങ്ങളിൽ ശ്രദ്ധ വ്യതിചലിക്കാതെ സമാധാനപരമായും സംയമനത്തോടെയും പ്രവർത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജി 20 ഉച്ചകോടി വിജയകരമായി ആതിഥേയത്വം വഹിച്ചതിന് സർക്കാരിനെ മോഹൻ ഭാഗവത് അഭിനന്ദിച്ചു. ജി 20 ഉച്ചകോടി വിജയകരമായി നടത്തിയതിലൂടെ ആഗോളതലത്തിൽ ഭാരതത്തെ ഒരു പ്രധാന രാഷ്ട്രമായി ഉറപ്പിക്കുന്നതിനുള്ള സ്തുത്യർഹമായ ജോലിയാണ് തങ്ങളുടെ നേതൃത്വം ചെയ്തതെന്നും ഭാഗവത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.