'ഹിന്ദു താൽപര്യങ്ങളാണ് രാഷ്ട്ര താൽപര്യങ്ങൾ, ഹിന്ദുവിനെതിരെ നിൽക്കാൻ ഒരു ശക്തിക്കുമാകില്ല' - ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്
text_fieldsഹൈദരാബാദ്: ഹിന്ദു താൽപര്യങ്ങളാണ് രാഷ്ട്ര താൽപര്യങ്ങളെന്നും ഭാഷ, ജാതി തുടങ്ങിയ താൽപര്യങ്ങളെക്കാളും ജനങ്ങൾ എപ്പോഴും രാഷ്ട്ര താൽപര്യത്തിനാണ് മുന്‍ഗണന നൽകേണ്ടതെന്നും ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് അഭിപ്രായപ്പെട്ടു. ശ്രീരാമാനുജാചാര്യയുടെ സഹസ്രാബ്ദ ജന്മവാർഷിക ആഘോഷങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആയിരം വർഷമായി ഹിന്ദുക്കളെ നശിപ്പിക്കാൻ ശ്രമിച്ചവർ ഇന്ന് ലോകമെമ്പാടും പരസ്പരം പോരടിക്കുകയാണെന്നും അയ്യായിരം വർഷം പഴക്കമുള്ള ഭാരതത്തിന്റെ 'സനാതന' ധാർമിക ജീവിതം ഇപ്പോഴും അതേപോലെ നിലനിൽക്കുന്നുണ്ടെന്നും ഭാഗവത് ചൂണ്ടിക്കാട്ടി. ഫ്രഞ്ച് വിപ്ലവത്തിന് ശേഷമാണ് ലോകം സമത്വത്തെക്കുറിച്ച് സംസാരിച്ചു തുടങ്ങിയതെന്നും എന്നാൽ അതിന് മുന്‍പ് തന്നെ ഇന്ത്യയിൽ ആയിരക്കണക്കിന് വർഷങ്ങളായി സമത്വത്തിന്റെ സന്ദേശം നിലനിൽക്കുന്നുണ്ടെന്നും ഭാഗവത് പറഞ്ഞു. രാജ്യത്തെ ജനസംഖ്യയുടെ 80 ശതമാനവും ഹിന്ദുക്കളാണെന്നും രാഷ്ട്രീയ പാർട്ടികൾ നടത്തുന്നവരിൽ ഭൂരിഭാഗം പേരും ഹിന്ദുക്കളാണെന്നും ഭാഗവത് കൂട്ടിച്ചേർത്തു.
മുച്ചിന്തലിലെ ചിന്ന ജീയർ സ്വാമി ആശ്രമത്തിൽ ശ്രീരാമാനുജാചാര്യയുടെ 216 അടി ഉയരമുള്ള പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസമാണ് ഉദ്ഘാടനം ചെയ്തത്. 'സമത്വത്തിന്റെ പ്രതിമ' എന്ന് വിളിക്കപ്പെടുന്ന ഈ പ്രതിമ സമത്വ ആശയത്തെ പ്രോത്സാഹിപ്പിക്കുമെന്നാണ് സംഘപരിവാർ അനുകൂലികൾ പ്രചരിപ്പിക്കുന്നത്. 12 ദിവസത്തെ രാമാനുജ സഹസ്രാബ്ദി ആഘോഷത്തിന്റെ ഭാഗമായാണ് പ്രതിമ നിർമ്മിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.