നരേന്ദ്രമോദിക്ക് വിരമിക്കൽ പ്രായമില്ല; കോൺഗ്രസിന് മറുപടിയുമായി ബി.ജെ.പി
text_fieldsന്യൂഡൽഹി: 75 വയസ് പൂർത്തിയായാൽ നേതാക്കൾ വഴിമാറിക്കൊടുക്കണമെന്ന ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെ പരാമർശം വലിയ ചർച്ചയായതിന് പിന്നാലെ നയം വ്യക്തമാക്കി ബി.ജെ.പി രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വിരമിക്കൽ പ്രായമില്ലെന്നും ആഗ്രഹിക്കുന്ന കാലത്തോളം രാഷ്ട്രീയ ജീവിതം തുടരാം എന്നുമാണ് ബി.ജെ.പി വ്യക്തമാക്കിയിരിക്കുന്നത്. പ്രായപരിധിയിൽ മോദിക്ക് ഇളവുണ്ടെന്ന് മുമ്പും ബി.ജെ.പി സൂചിപ്പിച്ചിരുന്നു.
ഭാഗവതിന്റെ പരാമർശത്തിന് പിന്നാലെ ആർ.എസ്.എസ് മേധാവി ലക്ഷ്യം വെച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആണെന്ന പരിഹാസവുമായി കോൺഗ്രസും എത്തിയിരുന്നു. വരുന്ന സെപ്റ്റംബറിൽ മോദിക്കും ഭാഗവതിനും 75 വയസ് തികയും. ആറ് ദിവസത്തിന്റെ ഇടവേളകളിലാണ് ഇരുവരും ജൻമദിനം ആഘോഷിക്കുക.
തനിക്കും സെപ്റ്റംബർ ആയാൽ 75 വയസ് തികയുമെന്ന കാര്യം മോഹൻ ഭാഗവത് ഓർക്കണമെന്നും ജയ്റാം രമേശ് കുറിച്ചു. 'ഒരമ്പ് രണ്ട് ലക്ഷ്യം' -എന്നും ജയ്റാം രമേശ് എഴുതി. ഭാഗവത് ഉദ്ദേശിച്ചത് മോദിയെ തന്നെയാണെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗവും രംഗത്തുവരികയുണ്ടായി.
അഞ്ചു രാഷ്ട്രങ്ങളിലെ പര്യടനത്തിന് ശേഷമാണ് മോദി ഇന്ത്യയിൽ മടങ്ങിയെത്തിയത്. ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും ദൈർഘ്യമേറിയ നയതന്ത്ര ദൗത്യമാണ് നടന്നിരിക്കുന്നതെന്നും പാവം അവാർഡ് ജേതാവായ പ്രധാനമന്ത്രി! എന്തൊരു തിരിച്ചുവരവ്.-എന്നും ജയ്റാം രമേശ് പരിഹസിച്ചു.
മോഹൻ ഭാഗവതിന്റെ പരാമർശത്തിന് പിന്നാലെ മോദിയെ ട്രോളി പവൻ ഖേരയും രംഗത്തുവന്നിട്ടുണ്ട്. ''എന്നാലിനി രണ്ടുപേരും ബാഗൊക്കെ തയാറാക്കി വെച്ചോ...രണ്ടുപേർക്കും പരസ്പരം വഴികാട്ടികളാകാം''-എന്നായിരുന്നു പവൻ ഖേരയുടെ പരിഹാസം.
ബുധനാഴ്ച നാഗ്പുരില്‍ ആർ.എസ്.എസ് നേതാവായിരുന്ന മോറോപന്ത് പിംഗ്ലയെ കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശന വേളയിലാണ് മോഹന്‍ ഭാഗവത് പ്രായപരിധിയെ കുറിച്ചുള്ള പരാമര്‍ശം നടത്തിയത്.
75 വയസ് തികഞ്ഞ് ഷാൾ നൽകി ആദരിക്കുകയാണെങ്കിൽ അതിനർഥം നിങ്ങൾക്ക് വയസായി മാറിക്കൊടുത്ത് മറ്റുള്ളവർക്ക് വഴിയൊരുക്കുക എന്നാണ് മോറോപാന്ത് പിംഗ്ല പറഞ്ഞിരിക്കുന്നത് എന്നും മോഹൻ ഭാഗവത് സൂചിപ്പിച്ചു. രാഷ്ട്രസേവനത്തോടുള്ള സമര്‍പ്പണം ഉണ്ടായിരുന്നിട്ടും പ്രായമായത് തിരിച്ചറിഞ്ഞ് മാന്യമായി പിന്മാറണമെന്നതില്‍ മൊറോപാന്ത് വിശ്വസിച്ചിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
75വയസ് തികഞ്ഞ് എന്ന് പറഞ്ഞ് മോദി നിർബന്ധപൂർവം മാറ്റിനിർത്തിയ നേതാക്കളാണ് എൽ.കെ. അദ്വാനിയും മുരളീ മനോഹർ ജോഷിയും ജസ്വന്ത് സിങ്ങും. എന്നാൽ ഈ മാനദണ്ഡം മോദിക്ക് ബാധകമാവുമോ എന്നാണ് അറിയേണ്ടതെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു.
ഇക്കഴിഞ്ഞ മാർച്ചിൽ പ്രധാനമന്ത്രി നാഗ്പൂരിലെ ആർ.എസ്.എസ ആസ്ഥാനം സന്ദർശിച്ചിരുന്നു. വർഷങ്ങൾക്കു ശേഷമായിരുന്നു മോദി ആർ.എസ്.എസ് ആസ്ഥാനത്തെത്തിയത്. രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുകയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് മോദി അവിടെയെത്തിയത് എന്നായിരുന്നു ഇതെ കുറിച്ച് സഞ്ജയ് റാവുത്തിന്റെ നിരീക്ഷണം. 10, 11 കൊല്ലമായി മോദി ആർ.എസ്.എസ് ആസ്ഥാനത്ത് വന്നിട്ടേയില്ലെന്നും നേതൃമാറ്റത്തിന് ആർ.എസ്.എസ് ആഗ്രഹിക്കുന്നുണ്ടെന്നും മോദി ഉടൻ വിരമിക്കുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാൽ മോദിയുടെ സന്ദർശനത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് പറഞ്ഞ് ബി.ജെ.പി ഊഹാപോഹങ്ങൾ തള്ളിക്കളഞ്ഞു.
കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വിരമിക്കുന്നതിനെ കുറിച്ച് സൂചന നൽകിയിരുന്നു. താൻ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുകയാണെങ്കിൽ വേദങ്ങൾക്കും ഉപനിഷത്തുകൾക്കും ജൈവ കൃഷിക്കുമായി ശിഷ്ടകാലം നീക്കിവെക്കുമെന്നായിരുന്നു അമിത് ഷാ ഒരു പരിപാടിക്കിടെ പറഞ്ഞത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.