'മതാടിസ്ഥാനത്തിൽ അസന്തുലിതാവസ്ഥ; ജനസംഖ്യ നിയന്ത്രണം വേണം' -മോഹൻ ഭാഗവത്
text_fieldsനാഗ്പൂർ: ജനസംഖ്യ നിയന്ത്രണത്തിൽ കേന്ദ്രസർക്കാർ നയം കൊണ്ടു വരണമെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. മതാടിസ്ഥാനത്തിൽ ജനസംഖ്യയിൽ അസന്തുലിതാവസ്ഥ നിലനിൽക്കുന്നുണ്ട്. നിർബന്ധിത മതപരിവർത്തനത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ഭാഗവത് ആവശ്യപ്പെട്ടു. ക്ഷേത്രങ്ങളും ജലവും ശവസംസ്കാരവും എല്ലാവർക്കും ഒരു പോലെയാകണം. നിസാര കാര്യങ്ങൾക്കായി വഴക്കുണ്ടാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മതാടിസ്ഥാനത്തിലുള്ള ജനസംഖ്യ അസന്തുലിതാവസ്ഥ മൂലം പുതിയ രാജ്യങ്ങൾ ഉയർന്നു വരുമെന്ന് കോസോവയേയും ദക്ഷിണ സുഡാനേയും ഉദാഹരണമാക്കി ഭാഗവത് പറഞ്ഞു. ദസ്റയോട് അനുബന്ധിച്ച് ആർ.എസ്.എസ് നടത്തിയ റാലിയിൽ സംസാരിക്കുമ്പോഴാണ് മോഹൻ ഭാഗവതിന്റെ പ്രസ്താവന.
ജനസംഖ്യക്ക് വിഭവങ്ങൾ ആവശ്യമാണ്. വിഭവങ്ങളില്ലാതെ ജനസംഖ്യ വളർന്നാൽ അത് ബുദ്ധിമുട്ടായി മാറും. ജനസംഖ്യയെ ആസ്തിയായി കണക്കാക്കുന്ന ഒരു ചിന്ത കൂടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ രണ്ട് വാദങ്ങളും പരിഗണിച്ചുള്ള ജനസംഖ്യ നയമാണ് നമുക്ക് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ജനസംഖ്യ അസന്തുലിതാവസ്ഥ ഭൂമിശാസ്ത്രപരമായ അതിർത്തികൾ മാറ്റിവരക്കും. നിർബന്ധിത മതപരിവർത്തനവും നുഴഞ്ഞുകയറ്റവും ഇതിനുളള കാരണങ്ങളാണെന്നും മോഹൻ ഭാഗവത് പറഞ്ഞു. സ്ത്രീകളെ തുല്യരായി പരിഗണിക്കണമെന്നും സ്വയം തീരുമാനങ്ങളെടുക്കാൻ അവരെ പ്രാപ്തരാക്കണമെന്നും മോഹൻ ഭാഗവത് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.