ആർ.എസ്.എസുകാർക്ക് ഗാന്ധിയുടെ പൈതൃകമറിയില്ല -രാഹുൽ
text_fieldsന്യൂഡൽഹി: ‘ഗാന്ധി’ സിനിമ ഇറങ്ങുംവരെ മഹാത്മാഗാന്ധിയെക്കുറിച്ച് ലോകത്തിന് ഒന്നുമറിയില്ലായിരുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിൽ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷം. ആർ.എസ്.എസുകാർക്ക് ഗാന്ധിയുടെ പൈതൃകമറിയില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. വിവേകാനന്ദപ്പാറയിൽ ഇരുന്നാലോ ഗംഗാ നദിയിൽ മുങ്ങിക്കുളിച്ചാലോ ഗാന്ധിജിയെ മനസ്സിലാക്കാൻ കഴിയില്ലെന്നും അതിന് പഠിക്കുകതന്നെ വേണമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിമർശിച്ചു. പരാമർശം ഞെട്ടിക്കുന്നതാണെന്ന് പറഞ്ഞ നാഷനൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുല്ല, സ്വന്തം നാട്ടുകാരനായ ‘ബാപ്പു’വിനെ പ്രകീർത്തിക്കുന്നതിൽ മോദിക്ക് നാണക്കേട് തോന്നുന്നുണ്ടാകുമെന്നും പ്രതികരിച്ചു.
ശാഖയിൽ പരിശീലനം നേടിയവരും ഗോദ്സേയുടെ അനുയായികളുമായ ആർ.എസ്.എസുകാർക്ക് ഗാന്ധിജിയെക്കുറിച്ച് ഒന്നുമറിയില്ലെന്ന് ഒഡിഷയിലെ ബാലസോറിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേ രാഹുൽ പറഞ്ഞു. ഹിന്ദുസ്ഥാന്റെ ചരിത്രവും അവർക്കറിയില്ല. ഗാന്ധിയെക്കുറിച്ച് മോദി ഇങ്ങനെയേ പറയൂവെന്ന് പ്രതീക്ഷിച്ചിരുന്നതാണ്. മഹാരഥന്മാരായ മാർട്ടിൻ ലൂഥർ കിങ് ജൂനിയർ, നെൽസൺ മണ്ടേല, ഐൻസ്റ്റീൻ തുടങ്ങിയ സ്വാതന്ത്ര്യസമര പോരാളികളെല്ലാം ഗാന്ധിജിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടവരാണ്. വിഷയത്തിൽ കൂടുതൽ പ്രതികരണത്തിന് മുതിരുന്നില്ലെന്നും ആർ.എസ്.എസുകാരുടെ ലോകം ശാഖ മാത്രമാണെന്നും രാഹുൽ പരിഹസിച്ചു.
ജൂൺ നാലിനുശേഷം മോദിക്കും മറ്റ് ബി.ജെ.പി നേതാക്കൾക്കും ഗാന്ധിയെക്കുറിച്ച് വായിക്കാൻ ധാരാളം സമയം ലഭിക്കുമെന്ന് ഖാർഗെ പറഞ്ഞു. അവർ അദ്ദേഹത്തിന്റെ ജീവചരിത്രവും ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ’ എന്ന പുസ്തകവും നിർബന്ധമായും വായിക്കണം. മഹാത്മാഗാന്ധിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് പ്രധാനമന്ത്രിക്ക് അറിയില്ലെങ്കിൽ ഭരണഘടനയെക്കുറിച്ചും അദ്ദേഹത്തിന് അറിയില്ലായിരിക്കാം. ഗാന്ധിജിക്ക് സ്വരാജിനെക്കുറിച്ച് ഒരു ദർശനമുണ്ടായിരുന്നു, അദ്ദേഹം അതിനായി പോരാടിയെന്നും ഖാർഗെ കൂട്ടിച്ചേർത്തു. ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തരുന്നതിൽ ഗാന്ധിജി വഹിച്ച പങ്ക് മോദി വിസ്മരിച്ചതായി ഫാറൂഖ് അബ്ദുല്ല പറഞ്ഞു.
അഭിമുഖത്തിൽ മോദി പറഞ്ഞത്
ലോകത്തിലെതന്നെ പ്രമുഖ വ്യക്തിയാണ് ഗാന്ധി. കഴിഞ്ഞ 75 വർഷത്തിനിടെ അദ്ദേഹത്തിന്റെ മഹത്വം ലോകത്തെയറിയിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയായിരുന്നു. ആരും അതേക്കുറിച്ച് മനസ്സിലാക്കിയില്ല. എന്നാൽ, ഗാന്ധി സിനിമ പുറത്തിറങ്ങിയതോടെ അദ്ദേഹത്തെ ലോകമറിഞ്ഞു. മാർട്ടിൻ ലൂഥർ കിങ്ങിനെയും നെൽസൺ മണ്ഡേലയെയും ലോകത്തിന് നന്നായി അറിയാം. എന്നാൽ, ഗാന്ധിജിയെ അത്രകണ്ട് അറിയില്ല. ലോകം മുഴുവൻ സഞ്ചരിച്ചതിന്റെ പരിചയംവെച്ചാണ് ഞാനിത് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.