വടക്ക്-തെക്ക് എന്ന രീതിയിൽ രാജ്യത്തെ വിഭജിക്കാൻ ഡി.എം.കെ ശ്രമം; വിമർശനവുമായി ആർ.എസ്.എസ്
text_fieldsന്യൂഡൽഹി: രാജ്യത്തെ വടക്ക്-തെക്ക് എന്ന രീതിയിൽ വിഭജിക്കാനാണ് ഡി.എം.കെ ശ്രമിക്കുന്നതെന്ന് ആർ.എസ്.എസ്. ത്രിഭാഷയുമായി ബന്ധപ്പെട്ട് ഡി.എം.കെ പ്രതിഷേധത്തിലാണ് ആർ.എസ്.എസ് നിലപാട് അറിയിച്ചിരിക്കുന്നത്. ബംഗളൂരുവിൽ നടന്ന വാർത്താസമ്മേളനത്തിൽ ആർ.എസ്.എസ് ജോയിന്റ് സെക്രട്ടറി സി.ആർ മുകുന്ദാണ് വിമർശനം ഉന്നയിച്ചത്.
ഒരാൾ സംസാരിക്കുന്ന ഭാഷയാണ് അയാളുടെ മാതൃഭാഷ. എന്നാൽ, അയാൾ താമസിക്കുന്ന സ്ഥലത്ത് മറ്റൊരു ഭാഷയായിരിക്കും. അയാൾ ജോലി ചെയ്യുന്ന സ്ഥലത്ത് ഇംഗ്ലീഷായിരിക്കും ഉപയോഗിക്കുക. വടക്ക്-തെക്ക് എന്നിങ്ങനെ വിഭജിക്കാൻ ചിലർ ശ്രമിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
രാഷ്ട്രീയപ്രേരിതമായാണ് ത്രിഭാഷ നയത്തിനെതിരെ ഡി.എം.കെ സമരം നടത്തുന്നത്. രൂപയുടെ ചിഹ്നം ബജറ്റിൽ നിന്നും മാറ്റിയതും രാഷ്ട്രീയപ്രേരിതമായ തീരുമാനമാണ്. ഇത്തരം നടപടികൾ രാജ്യത്തിന് ഗുണകരമല്ലെന്നും വിഭജിക്കാൻ മാത്രമേ സഹായിക്കുവെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡല പുനർനിർണയത്തിൽ ലോക്സഭ സീറ്റുകൾ കുറയുമെന്ന വാദത്തേയും അദ്ദേഹം എതിർത്തു. ഇക്കാര്യത്തിൽ ലോക്സഭയിലും പൊതുവേദിയിലും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കൃത്യമായ മറുപടി നൽകിയിട്ടുണ്ട്. അതുകൊണ്ട് ആർ.എസ്.എസ് ഇതിൽ പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.