Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹിറ്റ്‌ലർ...

ഹിറ്റ്‌ലർ ജൂതന്മാരെയെന്ന പോലെ ആർ.എസ്.എസ് മുസ്‌ലിംകളെ ലക്ഷ്യമിടുന്നു -ദിഗ്‌വിജയ് സിങ്

text_fields
bookmark_border
ഹിറ്റ്‌ലർ ജൂതന്മാരെയെന്ന പോലെ ആർ.എസ്.എസ് മുസ്‌ലിംകളെ ലക്ഷ്യമിടുന്നു -ദിഗ്‌വിജയ് സിങ്
cancel
camera_alt

ദിഗ് വിജയ് സിങ് - ഫയൽ ഫോട്ടോ

ന്യൂഡൽഹി: ജർമനിയിലെ ഹിറ്റ്‌ലറുടെ ഭരണത്തിൻ കീഴിലെ ജൂതന്മാർക്കെതിരായ പീഡനത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ആർ.എസ്.എസ് ഇന്ത്യയിലെ മുസ്‍ലിംകളെ ലക്ഷ്യമിടുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്. മുൻ ജെ.എൻ.യു ഗവേഷകൻ ഉമർ ഖാലിദ് ഉൾപ്പൈടെ ജയിലിൽ കഴിയുന്നവരെ അവരുടെ കുടുംബത്തോടൊപ്പം വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് തടവുജീവിതത്തി​​ന്‍റെ നാലാംവാർഷികത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയിലിൽ കഴിയുന്നവരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച സിങ്, മുസ്‍ലിംകൾക്ക് ജാമ്യം ഒരു അപവാദമായി മാറുന്നുവെന്ന് പറഞ്ഞു. വിവേചനപരമായി പെരുമാറുന്ന നിയമവ്യവസ്ഥയെയും മുസ്‍ലിംകളെ മാത്രം ലക്ഷ്യമിടുന്ന ആർ.എസ്.എസിനെയും അദ്ദേഹം വിമർശിച്ചു.

‘ഞാൻ ആർ.എസ്.എസി​ന്‍റെ ‘നഴ്സറി’ എന്ന് വിളിക്കുന്ന ഒരു പ്രദേശത്ത് നിന്നാണ് വരുന്നത്. എനിക്ക് അവരെ അടുത്തറിയാം. അവർ ജനാധിപത്യത്തിലോ ഭരണഘടനയിലോ വിശ്വസിക്കുന്നില്ല. ഹിറ്റ്‌ലർ ജൂതന്മാരെ ത​ന്‍റെ ലക്ഷ്യമാക്കിയതുപോലെ അവർ മുസ്‍ലിംകളെ അവരുടെ ലക്ഷ്യമാക്കി. അത്തരമൊരു പ്രത്യയശാസ്ത്രം എല്ലാ തലങ്ങളിലും നുഴഞ്ഞുകയറുന്നത് ജനാധിപത്യത്തിന് അപകടകരമാണ്. ആർ.എസ്.എസ് രജിസ്റ്റർ ചെയ്യാത്ത ഒരു സ്ഥാപനമാണ്. അതിന് അംഗത്വമോ അക്കൗണ്ടോ ഇല്ല. ആരെങ്കിലും പിടിക്കപ്പെട്ടാൽ നാഥുറാം ഗോഡ്‌സെയെ അറസ്റ്റ് ചെയ്തപ്പോൾ പ്രവർത്തിച്ചതുപോലെ അവർ അവനെ അംഗമായി അംഗീകരിക്കാൻ വിസമ്മതിക്കും. അവർ നമ്മുടെ വ്യവസ്ഥിതിയിൽ എല്ലായിടത്തും കടന്നുകയറിക്കഴിഞ്ഞു. ഇതെക്കുറിച്ച് ഗൗരവമായി ആത്മപരിശോധന നടത്തണം’- അദ്ദേഹം പറഞ്ഞു. ഉമര്‍ഖാലിദ് ഉള്‍പ്പെടെയുള്ള ആക്റ്റിവിസ്റ്റുകളെ ജയിലില്‍നിന്നും വിട്ടയക്കണമെന്ന് ആവശ്യപ്പെടുന്നത് മുസ്‌ലിം വിഭാഗത്തില്‍പ്പെട്ടവരാണ്. അക്കാരണത്താലാണ് അവര്‍ക്ക് ജാമ്യം ലഭിക്കാത്തത്. മുസ്‌ലിംകള്‍ക്ക് മാത്രം ജാമ്യം ഒഴിവാക്കപ്പെടുന്നതെന്ത് കൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

ഉമർ ഖാലിദി​ന്‍റെ പിതാവ് എസ്‌.ക്യു.ആർ ഇല്യാസ്, ഉമറിനെയടക്കം അടക്കം അറസ്റ്റ് ചെയ്ത നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ പോലുള്ള കർശനമായ നിയമങ്ങളെക്കുറിച്ച് ആശങ്ക ഉന്നയിച്ചു. അത് ഉമർ ആയാലും ഭീമ കൊറേഗാവ് കേസിൽ അറസ്റ്റിലായവരായാലും. പാർലമെന്‍റിനുള്ളിൽ രൂപപ്പെടുത്തിയ ഈ കിരാത നിയമങ്ങൾ ഭീകരത തടയാൻ വേണ്ടിയുള്ളതാണ്. പക്ഷേ, അവ ഉപയോഗിക്കുന്നത് സാധാരണക്കാർക്കെതിരെയാണ്. ബി.ജെ.പി പോട്ട കൊണ്ടുവന്നു. കോൺഗ്രസ് അത് റദ്ദാക്കി. എന്നാൽ, യു.എ.പി.എ പ്രകാരം അതി​ന്‍റെ എല്ലാ വ്യവസ്ഥകളും പിന്നീട് തിരികെ കൊണ്ടുവന്നുവെന്നും ഇല്യാസ് പറഞ്ഞു. വർഷങ്ങൾ നീണ്ട വിചാരണക്കൊടുവിൽ ഒരാൾ നിരപരാധിയാണെന്ന് കണ്ടെത്തുമ്പോൾ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ഡൽഹി പൊലീസ് കേസിലെ സാക്ഷികൾക്ക് ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ തുടങ്ങിയ പേരുകൾ ഉപയോഗിക്കുന്നതിനെയും അദ്ദേഹം പരിഹസിച്ചു.

ജയിലുകളിൽ തുടരുന്ന പ്രവർത്തകരെ ഒരുനാൾ ജനാധിപത്യത്തി​ന്‍റെ യോദ്ധാക്കളായി കാണുമെന്ന് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ലിബറേഷൻ ജനറൽ സെക്രട്ടറി ദിപാങ്കർ ഭട്ടാചാര്യ പറഞ്ഞു. അടിയന്തരാവസ്ഥയിൽ അറസ്റ്റിലായവരെ ജനാധിപത്യത്തി​ന്‍റെ യോദ്ധാക്കളായിട്ടാണ് കണ്ടിരുന്നത്. ഇന്നും അതേ അവസ്ഥയാണ്. ഷഹീൻ ബാഗിലെ പൗരത്വ വിരുദ്ധ പ്രതിഷേധങ്ങൾ ‘തുല്യ പൗരത്വ പ്രസ്ഥാനം’ ആണെന്നും അദ്ദേഹം പറഞ്ഞു. രാജ്യം ഇപ്പോൾ ഒരു തുറന്ന ജയിലായി മാറിയെന്നും ഭട്ടാചാര്യ പറഞ്ഞു.

ജയിലിൽ കഴിയുന്ന ആക്ടിവിസ്റ്റ് ഖാലിദ് സെയ്ഫിയുടെ ഭാര്യ നർഗീസ് സൈഫിയും ‘ജാമ്യം ചട്ടം, ജയിലാണ് അപവാദം’ എന്ന സുപ്രീംകോടതി നിരീക്ഷണത്തി​ന്‍റെ തെരഞ്ഞെടുത്ത പ്രയോഗത്തെ ചോദ്യം ചെയ്യുകയും ത​ന്‍റെ കുട്ടികൾ പിതാവില്ലാതെ വളരുകയാണെന്നും പറഞ്ഞു. ഖാലിദ് ത​ന്‍റെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയതിനാൽ അദ്ദേഹത്തെ ജയിലിലടച്ചു. നാലര വർഷം കഴിഞ്ഞിട്ടും അദ്ദേഹത്തിന് ജാമ്യമില്ല. അതേസമയം ബലാത്സംഗം, അഴിമതി തുടങ്ങിയ കുറ്റങ്ങൾ ചുമത്തപ്പെട്ടവരെ ജാമ്യത്തിൽ വിട്ടയക്കുന്നുവെന്നും അവർ പറഞ്ഞു. ഡൽഹി കലാപത്തിൽ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് അറസ്റ്റിലായ ഗൾഫിഷ ഫാത്തിമയുടെ മാതാവ് ശാകിറ ബീഗം പൊട്ടിത്തെറിക്കുകയും തനിക്ക് സംസാരിക്കാനുള്ള ധൈര്യമില്ലെന്ന് പരിതപിക്കുകയും ചെയ്തു.

ജയിലിലടച്ച മറ്റൊരു ആക്ടിവിസ്റ്റായ അതാർ ഖാ​ന്‍റെ മാതാവ് നൂർജഹാൻ, ഒന്നര വർഷമായി തനിക്ക് മകനുമായി വിഡിയോ കോളിലൂടെ ആശയവിനിമയം നടത്താൻ കഴിയുന്നില്ലെന്ന് വെളിപ്പെടുത്തി. ‘ജയിലിൽ ആരോ നിരാഹാര സമരം നടത്തി. അതിന് അവർ എ​​ന്‍റെ മകനെ കുറ്റപ്പെടുത്തി. ഒന്നര വർഷമായി അവർ ഞങ്ങൾക്ക് വിഡിയോ കോളുകൾ അനുവദിക്കുന്നില്ല. പ്രായമായ മുത്തശ്ശിമാർക്ക് അവർക്ക് അവനെ കാണാൻ കഴിയുന്നില്ലെന്നും’ നൂർജഹാൻ പറഞ്ഞു.

നടി സ്വര ഭാസ്‌കർ, സ്റ്റാൻഡ് അപ് കൊമേഡിയൻ കുനാൽ കമ്ര, സഞ്ജയ് രജൗര എന്നിവരും ജയിലിൽ കഴിയുന്ന ആക്ടിവിസ്റ്റുകൾക്ക് പിന്തുണ അറിയിച്ചു. ഷർജീൽ ഇമാം, ഖാലിദ് സൈഫി, ഉമർ ഖാലിദ് തുടങ്ങിയവർക്കെതിരെ തീവ്രവാദ വിരുദ്ധ നിയമമായ യു.എ.പി.എ പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. 2020 ഫെബ്രുവരിയിൽ വടക്ക്-കിഴക്കൻ ഡൽഹിയിൽ 53 മരണങ്ങൾക്കും 700ലധികം പേർക്ക് പരിക്കേൽക്കുന്നതിനും ഇടയാക്കിയ കലാപത്തിനു പിന്നിലെ ‘സൂത്രധാരന്മാർ’ ഇവരാണെന്ന് ഡൽഹി പൊലീസ് ആരോപിക്കുന്നു. കേവലം ആരോപണം മാത്രം നിലനിൽക്കെ നാലു വർഷം പിന്നിട്ടിട്ടും വിചാരണയോ ജാമ്യമോ അനുവദിക്കാത്തതി​ന്‍റെ പശ്ചാത്തലത്തിൽ ആണ് അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്‌സ് പരിപാടി സംഘടിപ്പിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslimsumar khalidDigvijaya Singhrss-bjpCAAprotestCAA -NRC
News Summary - RSS has made Muslims their target like Hitler made Jews- says Digvijay Singh
Next Story