കോഴിക്കോട്ടെ ജേണലിസം കോളജിന്റെ ജെ.എൻ.യു ഗവേഷണസ്ഥാപന അംഗീകാരം വിവാദത്തിൽ
text_fieldsന്യൂഡൽഹി: ആർ.എസ്.എസുമായി ബന്ധമുള്ള കോഴിക്കോട്ടെ ജേണലിസം പഠന സ്ഥാപനത്തിന് ഡൽഹി ജവഹർ ലാൽ നെഹ്റു സർവകലാശാലയുടെ (ജെ.എൻ.യു) ഗവേഷണ സ്ഥാപനമെന്ന അംഗീകാരം നൽകിയത് വിവാദത്തിൽ. മഹാത്മാ ഗാന്ധി കോളജ് ഓഫ് മാസ് കമ്യൂണിക്കേഷൻ (മാഗ്കോം) എന്ന സ്ഥാപനത്തിനാണ് ഗവേഷണ കേന്ദ്ര അംഗീകാരം ലഭിച്ചത്. ആർ.എസ്.എസിന്റെ മുഖവാരികയായ കേസരിയുടെ ആസ്ഥാനമായ കോഴിക്കോട് ചാലപ്പുറത്തെ കേസരി ഭവനിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. കോളജിന്റെ തലപ്പത്തുള്ളത് സംഘ്പരിവാറിനൊപ്പമുള്ളയാളാണ്. ‘ദേശീയ ബോധം ഉയർത്തിപ്പിടിക്കുന്ന പത്രപ്രവർത്തനം പ്രോത്സാഹിപ്പിക്കുക’ എന്ന ലക്ഷ്യത്തോടെയാണ് കോളജ് സ്ഥാപിച്ചതെന്നാണ് നടത്തിപ്പുകാർ പറയുന്നത്.
ജെ.എൻ.യുവിന്റെ അംഗീകാരമുള്ള 23 ഗവേഷണ സ്ഥാപനങ്ങളാണുള്ളത്. ഇതിൽ മിക്കവയും കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ പ്രമുഖ സ്ഥാപനങ്ങളാണ്. ലഖ്നോയിലെ സെൻട്രൽ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ബംഗളൂരുവിലെ രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഡൽഹിയിലെ നാഷനൽ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ഇമ്യൂണോളജി തുടങ്ങിയ അതിപ്രശസ്ത ഗവേഷണ കേന്ദ്രങ്ങളുടെ പട്ടികയിലാണ് സംഘ്പരിവാർ ബന്ധമുള്ള കോളജും ഇടംനേടിയത്. കേരളത്തിൽനിന്ന് തിരുവനന്തപുരത്തെ സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് (സി.ഡി.എസ്) നേരത്തേ ജെ.എൻ.യു അംഗീകൃത ഗവേഷണ സ്ഥാപനമാണ്. എന്നാൽ, കോഴിക്കോട്ടെ സ്ഥാപനത്തിൽ ഗവേഷണ പ്രവർത്തനങ്ങളൊന്നും നടത്തുന്നില്ല. ബിരുദാനന്തര ബിരുദ കോഴ്സുകൾ പോലും ഇവിടെയില്ല.
ബിരുദത്തിനു ശേഷമുള്ള പി.ജി ഡിപ്ലോമ കോഴ്സുകളും പ്ലസ് ടു യോഗ്യതയുള്ള ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളും മാത്രമാണുള്ളതെന്നാണ് വെബ്സൈറ്റിലുള്ളത്. വമ്പൻ ഗവേഷണ സ്ഥാപനങ്ങൾക്ക് നൽകുന്ന അംഗീകാരമാണ് ആർ.എസ്.എസ് ബന്ധമുള്ള സാധാരണ ജേണലിസം കോഴ്സ് സ്ഥാപനത്തിന് നൽകിയതെന്ന ആക്ഷേപവും ശക്തമാണ്. ഗവേഷണ സ്ഥാപനത്തിന് ആവശ്യമായ കെട്ടിട സൗകര്യമോ സ്ഥലസൗകര്യമോ ഇവിടെയില്ല. ജെ.എൻ.യു ആദ്യമായാണ് ഒരു ജേണലിസം കോളജിന് ഗവേഷണ കേന്ദ്രമെന്ന അംഗീകാരം നൽകുന്നത്.
തങ്ങളുടെ പി.ജി ഡിപ്ലോമ കോഴ്സിന് ജെ.എൻ.യുവിന്റെ അംഗീകാരമുണ്ടെന്നാണ് മാഗ്കോം നടത്തിപ്പുകാരുടെ അവകാശവാദം. എന്നാൽ, ഔദ്യോഗികമായ അംഗീകാരമോ അഫിലിയേഷനോ ഇല്ലെന്നും അക്കാദമിക സഹകരണത്തിനായി ധാരണപത്രം ഒപ്പുവെക്കുക മാത്രമാണുണ്ടായതുെമന്ന് ജെ.എൻ.യു അധികൃതരെ ഉദ്ധരിച്ച് ‘ദ ഇന്ത്യൻ എക്സ്പ്രസ്’ പത്രം റിപ്പോർട്ട് ചെയ്തു. അതേസമയം, ഈ മാസം 17ന് നടക്കുന്ന ബിരുദദാന ചടങ്ങിൽ ജെ.എൻ.യു വൈസ് ചാൻസലർ ശാന്തിശ്രീ പണ്ഡിറ്റ് പങ്കെടുക്കുമെന്ന് കോളജ് അറിയിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.