മണിപ്പൂർ കലാപം; പിന്നിൽ ചർച്ചുകളെന്ന് ആർ.എസ്.എസ് മുഖപത്രം
text_fieldsന്യൂഡൽഹി: മണിപ്പൂരിൽ കലാപം അഴിച്ചുവിടുന്നത് ക്രിസ്ത്യൻ ചർച്ചുകളാണെന്ന് ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസർ. ചർച്ചുകളുടെയും ഭീകരസംഘടനകളുടെയും പിന്തുണയോടെയാണ് മെയ്തേയി വിഭാഗക്കാർക്ക് നേരെ വ്യാപക അക്രമം നടക്കുന്നതെന്നാണ് ഓർഗനൈസറിലെ റിപ്പോർട്ടിൽ പറയുന്നത്.
ആൾ ട്രൈബൽ സ്റ്റുഡന്‍റ്സ് യൂണിയൻ മണിപ്പൂർ (എ.ടി.എസ്.യു.എം) നേതൃത്വത്തിൽ നടന്ന ട്രൈബൽ സോളിഡാരിറ്റി മാർച്ചിന് ട്രൈബൽ ചർച്ച്സ് ലീഡേഴ്സ് ഫോറത്തിന്‍റെ (ടി.സി.എൽ.എഫ്) എല്ലാ പിന്തുണയുമുണ്ടായിരുന്നെന്നും ഇതാണ് അക്രമത്തിലേക്ക് നയിച്ചതെന്നും ഓർഗനൈസറിലെ റിപ്പോർട്ടിൽ പറയുന്നു. മെയ്തേയി വിഭാഗക്കാരായ ഹിന്ദുക്കൾക്കെതിരെ വ്യാപക ആക്രമണമാണ് നടക്കുന്നത്. ഇതിന്‍റെ കാരണം വ്യക്തമല്ലെന്നും കുക്കി ഭീകരവാദികളുടെ ഇടപെടലുള്ളതായും ആർ.എസ്.എസ് മുഖപത്രത്തിലെ റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, സംഘർഷം രൂക്ഷമായ മണിപ്പൂരിൽ 25ലേറെ ക്രിസ്ത്യൻ പള്ളികൾ അഗ്നിക്കിരയായെന്നാണ് 'ക്രിസ്റ്റ്യാനിറ്റി ടുഡേ' പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. അക്രമങ്ങളിൽ പരിക്കേറ്റവർ ഭൂരിഭാഗവും ക്രിസ്ത്യൻ വിഭാഗക്കാരാണെന്നും റിപ്പോർട്ടിലുണ്ട്.
മണിപ്പൂരിലെ ഭൂരിപക്ഷം വരുന്ന മെയ്തേയി വിഭാഗക്കാർക്ക് പട്ടികവർഗ പദവി നൽകാനുള്ള നീക്കത്തെ തുടർന്നുള്ള സംഘർഷമാണ് കലാപത്തിലേക്ക് വളർന്നത്. കലാപം നിയന്ത്രിക്കാൻ ദ്രുതകർമസേനയെയും അർധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചിരിക്കുകയാണ്. സ്ഥിതിഗതികൾ നിയന്ത്രിക്കാനായില്ലെങ്കിൽ കലാപകാരികളെ കണ്ടാൽ ഉടൻ വെടിവെക്കാൻ ജില്ല മജിസ്ട്രേറ്റുമാരെ ചുമതലപ്പെടുത്തി ഗവർണർ ഉത്തരവിട്ടിരിക്കുകയാണ്.
നിരവധി ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മൊബൈൽ ഇന്റർനെറ്റ് സേവനം റദ്ദാക്കി. അക്രമം വ്യാപിച്ചതോടെ പലയിടത്തും ആയിരക്കണക്കിന് ആളുകൾ പലായനം ചെയ്തു. മെയ്തേയി വിഭാഗക്കാരെ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്താനുള്ള നിർദേശത്തിൽ പ്രതിഷേധിച്ച് ആൾ ട്രൈബൽ യൂനിയൻ മണിപ്പൂർ ബുധനാഴ്ച മലയോര ജില്ലകളിൽ ഗോത്ര ഐക്യ റാലി നടത്തിയിരുന്നു. റാലിക്കിടെ ചുരാചന്ദ്പുർ ജില്ലയിൽ സായുധരായ ആൾക്കൂട്ടം മെയ്തേയി വിഭാഗത്തെ ആക്രമിക്കുകയായിരുന്നു. മെയ്തേയികൾ തിരിച്ചടിച്ചതോടെ അക്രമം സംസ്ഥാനമാകെ വ്യാപിച്ചു. ടോർബങ്ങിൽ ആക്രമികൾ നിരവധി കടകളും വീടുകളും തീവെച്ചു. സംഘർഷത്തിൽ എത്രപേർ കൊല്ലപ്പെട്ടുവെന്ന കൃത്യമായ കണക്കുകൾ ഇതുവരെ ലഭ്യമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.